Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മക്കൾ ദേശീയഗാനം പാടണമെന്ന് സ്‌കൂളിൽ നിർബന്ധിച്ചപ്പോൾ മതവിശ്വാസത്തിന് എതിരാണെന്ന് വ്യക്തമാക്കി ഇമ്മാനുവൽ സുപ്രീംകോടതിയിലെത്തി ഇളവുനേടി; തിയേറ്ററിൽ ദേശീയഗാനം പാടുമ്പോഴും 30 കൊല്ലം മുമ്പുണ്ടായ വിധിയുടെ ബലത്തിൽ ഇളവുതേടി യഹോവാ സാക്ഷികൾ

മക്കൾ ദേശീയഗാനം പാടണമെന്ന് സ്‌കൂളിൽ നിർബന്ധിച്ചപ്പോൾ മതവിശ്വാസത്തിന് എതിരാണെന്ന് വ്യക്തമാക്കി ഇമ്മാനുവൽ സുപ്രീംകോടതിയിലെത്തി ഇളവുനേടി; തിയേറ്ററിൽ ദേശീയഗാനം പാടുമ്പോഴും 30 കൊല്ലം മുമ്പുണ്ടായ വിധിയുടെ ബലത്തിൽ ഇളവുതേടി യഹോവാ സാക്ഷികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിയേറ്ററുകളിൽ സിനിമാ പ്രദർശനത്തിന് മുമ്പ് ദേശീയഗാനം അവതരിപ്പിക്കണമെന്ന കഴിഞ്ഞവർഷം നവംബറിലെ സുപ്രീംകോടതി വിധി മതപരമായ മൗലികാവകാശങ്ങളുടെ ലംഘനമാണോ? ഈ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് നിരവധി ഹർജികൾ കോടതിയുടെ മുന്നിൽ എത്തുമ്പോൾ സമാന സാഹചര്യത്തിൽ മുമ്പ് അനുകൂല വിധി സമ്പാദിച്ച യഹോവാ സാക്ഷികൾക്കുവേണ്ടിയും അത്തരമൊരു ഹർജി എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സമാനമായൊരു സംഭവത്തിൽ കേരളത്തിൽ കോളേജ് പ്രൊഫസറായിരുന്ന, യഹോവാ സാക്ഷി വിശ്വാസിയായ വി.ജെ ഇമ്മാനുവൽ നൽകിയ ഹർജിയിൽ സുപ്രീംകോടതി അദ്ദേഹത്തിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. 30 വർഷം മുമ്പാണ് ദേശീയഗാനാലാപനത്തിന് യഹോവാസാക്ഷികളെ നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന വിധി സമ്പാദിച്ചത്. സ്‌കൂളിൽ തന്റെ കുഞ്ഞുങ്ങളെ ദേശീയഗാനം പാടാൻ നിർബന്ധിക്കരുതെന്നും അത് അവരുടെ വിശ്വാസങ്ങളുടെ ലംഘനമാവുമെന്നും ചൂണ്ടിക്കാട്ടി ഇമ്മാനുവൽ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതി വിധി.

അടുത്ത മാസം സുപ്രീംകോടതി ജസ്റ്റീസ് ദീപക് മിശ്ര സിനിമാഹാളിൽ ദേശീയഗാനം നിർബന്ധമാക്കിയതിനെചോദ്യംചെയ്തുള്ള അപ്പീലുകൾ പരിഗണിക്കാനിരിക്കുകയാണ്. അപ്പോൾ മുപ്പതുവർഷം മുമ്പ് സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ യോഹവാസാക്ഷികളും ഹർജിയുമായി എത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

ഇമ്മാനുവലിന്റെ കുട്ടികളെ സ്‌കൂളിൽ ദേശീയഗാനം ആലപിക്കണമെന്ന് നിർബന്ധിക്കുന്നത് അവരുടെ മതപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് 1986 ഓഗസ്റ്റ് 11ന് സുപ്രീംകോടതി വിധിയുണ്ടായത്. ഇപ്പോൾ നവംബർ 30ന് സിനിമാഹാളുകളിൽ ദേശീയഗാനം സിനിമ തുടങ്ങുന്നതിന് മുമ്പ് അവതരിപ്പിക്കുന്നത് നിർബന്ധമാക്കി സുപ്രീംകോടതി ഉത്തരവ് വന്നതോടെ ഇക്കാര്യം യഹോവാ സാക്ഷികളുടെ യുഎസ് ആസ്ഥാനമായുള്ള ജനറൽ കൗൺസിൽ ഇക്കാര്യം ചർച്ചചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 14ന് ഈ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കപ്പെടുമ്പോൾ അതിനൊപ്പം മുൻപുണ്ടായ ഈ വിധിയുൾപ്പെടെ ചൂണ്ടിക്കാട്ടി വിശദമായ ഹർജി നൽകാൻ ഒരുങ്ങുകയാണ് യഹോവാ സാക്ഷികൾ.

തിയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കണമെന്ന ഉത്തരവിൽ നിന്ന് യഹോവ സാക്ഷികളെ ഒഴിവാക്കണമെന്ന അഭ്യർത്ഥന മുന്നോട്ടുവയ്ക്കും. ദേശീയഗാനത്തെയും ദേശീയ പതാകയെയും ആദരിക്കുമ്പോൾതന്നെ ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റുനിൽക്കുന്നതും പാടുന്നതും മതവിശ്വാസങ്ങൾക്ക് എതിരാണെന്ന വാദമാണ് ഉന്നയിക്കുകയെന്നാണ് സൂചന. സമാനമായ സാഹചര്യങ്ങളിൽ യഹോവാസാക്ഷികൾക്ക് മറ്റുരാജ്യങ്ങളിലും ചില കാര്യങ്ങളിൽ ഇളവുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും കോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് യഹോവാ സാക്ഷികളുടെ വക്താക്കളിൽ ഒരാൾ വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് യഹോവാസാക്ഷികൾക്കുവേണ്ടി ചിലർ സമീപിച്ചിരുന്നുവെന്ന് മുൻ മന്ത്രികൂടിയായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റുനിൽക്കുന്നത് അവരുടെ വിശ്വാസപ്രകാരം ശരിയല്ലെന്നാണ് അവരുടെ പക്ഷമെന്നും ഇത് ഭരണഘടനാപരമായി പ്രാധാന്യമുള്ള സംഗതിയാണെന്നും കപിൽ സിബൽ പറയുന്നു.

ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ചേർന്നുപോകുന്ന പ്രത്യേക മതവിഭാഗമാണ് യഹോവാ സാക്ഷികൾ. ബൈബിൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഇവാഞ്ചലിക്കൽ വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങൾ. അതേസമയം, ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ക്രിസ്തുവുമായി ബന്ധപ്പെട്ട ദിവസങ്ങൾ ഇവർക്ക് ആഘോഷവുമല്ല.

യഹോവാസാക്ഷികൾക്ക് അനുകൂലമായി ഉണ്ടായ 1986ലെ ഉത്തരവിൽ സുപ്രീംകോടതി നമ്മുടെ സംസ്‌കാരവും തത്വശാസ്ത്രങ്ങളും സഹിഷ്ണുതയാണ് പഠിപ്പിക്കുന്നതെന്നും ഭരണഘടനയുടെ വ്യവഹാരങ്ങളും അതിൽ അധിഷ്ഠിതമാണെന്നും അതിന്റെ വീര്യം കുറയ്‌ക്കേണ്ടതില്ലെന്നും നിരീക്ഷിച്ചിരുന്നു. ആരെയെങ്കിലും ദേശീയഗാനം പാടണമെന്ന് നിർബന്ധിക്കുന്നതിന് നിയമത്തിൽ വ്യവസ്ഥയില്ലെന്നും കോടതി അന്ന് നിരീക്ഷിച്ചു.

1986ൽ കോട്ടയം പാലായ്ക്കടുത്ത് കടപഌമറ്റത്ത് താമസിക്കവെ കിടങ്ങൂർ എൻഎസ്എസ് സ്‌കൂളിലായിരുന്നു ഇമ്മാനുവലിന്റെ കുട്ടികൾ പഠിച്ചിരുന്നത്. അന്ന് യഹോവാ സാക്ഷി വിശ്വാസികളായ പതിനൊന്ന് കുട്ടികൾ സ്‌കൂളിൽ പഠിച്ചിരുന്നു. സ്‌കൂളിൽ ദേശീയഗാനം പാടണമെന്ന് നിഷ്‌കർഷിച്ചതോടെ അതിനെതിരെ വിധിനേടിയ ഇമ്മാനുവൽ ഈ കുട്ടികൾക്ക് സ്‌കൂളിൽ റീ അഡ്‌മിഷൻ നേടി.

ഒരുദിവസം സ്‌കൂളിൽ ഇരുന്ന ശേഷം ഇമ്മാനുവലിന്റെ കുട്ടികൾ സ്‌കൂൾ ഉപേക്ഷിച്ചു. മറ്റു കുട്ടികൾ വേറെ സ്‌കൂളുകളിലേക്ക് മാറുകയും ചെയ്തു. തന്റെ മറ്റ് നാലു കുട്ടികൾക്ക് സാമ്പ്രദായിക വിദ്യാഭ്യാസം നൽകേണ്ടതില്ലെന്നും ഇമ്മാനുവൽ ഈ സംഭവത്തിനു ശേഷം തീരുമാനിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ എട്ട് പേരക്കുട്ടികൾ വിവിധ സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെങ്കിലും ഈ വിധിയുടെ അടിസ്ഥാനത്തിൽ ദേശീയഗാനം ആലപിക്കാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP