Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് കോടതിയിൽ പ്രതി അമീറുൾ; സുഹൃത്ത് അനാറുൽ ആണ് കൊലപാതകി; അയാൾ എവിടെയെന്ന് പൊലീസിന് അറിയാമെന്നും കേസിലെ ഏക പ്രതി; ജാമ്യാപേക്ഷ കോടതി തള്ളി

ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് കോടതിയിൽ പ്രതി അമീറുൾ; സുഹൃത്ത് അനാറുൽ ആണ് കൊലപാതകി; അയാൾ എവിടെയെന്ന് പൊലീസിന് അറിയാമെന്നും കേസിലെ ഏക പ്രതി; ജാമ്യാപേക്ഷ കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും തന്റെ സുഹൃത്ത് അനാർ ആണെന്നും കോടതിയിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം അമീറുലിന്റെ സഹോദരനും അഡ്വക്കേറ്റും വ്യക്തമാക്കിയതിനു സമാനമായ നാടകീയ വെളിപ്പെടുത്തൽ തന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് അമീറുൽ നടത്തിയത്. അനാർ എവിടെയാണെന്ന് പൊലീസിന് അറിയാമെന്നും അമീർ കോടതിയിൽ പറഞ്ഞു.

കഴിഞ്ഞദിവസം സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കുകയും അമീറുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ പ്രതി നടത്തിയ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ജയിലിൽ നിന്ന് പ്രതിയെ ഹാജരാക്കിയത്. അപ്പോഴായിരുന്നു തന്റെ സുഹൃത്ത് അനാറുൽ ആണ് ജിഷയെ കൊലപ്പെടുത്തിയതെന്നും താൻ സംഭവത്തിൽ ദൃക്‌സാക്ഷി മാത്രമാണെന്നും അമീറുൽ പറഞ്ഞത്.

എന്നാൽ ഇത്തരം കാര്യങ്ങൾ ഇപ്പോൾ പറയേണ്ട കാര്യമില്ലെന്ന്കോടതി നിരീക്ഷിച്ചു. ഇക്കാര്യം പിന്നീട് വിചാരണാ വേളയിൽ പരിഗണിക്കാമെന്നും വ്യക്തമാക്കി. കേസിലെ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതിക്കു ജാമ്യം നിഷേധിച്ചു. ജാമ്യം നൽകിയാൽ പ്രതി നാടുവിട്ട് പോകാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം അമീറുലിന്റെ സഹോദരൻ ബദറുലും ഇതേ അഭിപ്രായം ചാനലുകളിലൂടെ പ്രകടിപ്പിച്ചിരുന്നു. അമീറുലിന്റെ അഡ്വക്കേറ്റ് രാജനും ഇതേകാര്യം തന്നോട് അമീറുൽ ജയിലിൽ സന്ദർശിച്ചപ്പോൾ പറഞ്ഞതായും വ്യക്തമാക്കിയിരുന്നു. കേസിൽ അമീറുൽ മാത്രമാണ് പ്രതിയെന്നും പഴുതുകളില്ലാത്തതെന്നും വ്യക്തമാക്കി അന്വേഷണസംഘം നൽകിയ കുറ്റപത്രം ഇതോടെ തുടക്കത്തിലേ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയായിരിക്കുകയാണ്.

അമീറിന് ഈ കൊലപാതകവുമായി ബന്ധമില്ലെന്നും അനാറുലാണ് കൊല നടത്തിയതെന്നും ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ ബദറുൽ വെളിപ്പെടുത്തിയത്. അനാറുൽ അമീറിന്റെ സുഹൃത്തായിരുന്നു. ഇയാൾക്ക് ജിഷയുടെ നേർക്കുണ്ടായിരുന്ന പൂർവവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല നടത്താൻ പോയപ്പോൾ അമീറുലിനേയും കൂടെ കൂട്ടുകയായിരുന്നുവെന്നും ഇക്കാര്യം കഴിഞ്ഞദിവസം ജയിലിൽ സന്ദർശിച്ചപ്പോഴും അമീറുൽ തന്നോട് പറഞ്ഞതായുമാണ് ബദറുലിന്റെ പ്രതികരണം. അമീറിന് ജിഷയുമായി മുൻ പരിചയമില്ലെന്നും ബദറുൽ പറയുന്നു. ഇതേ കാര്യങ്ങൾ അമീറുൽ ഇസഌം തന്നോടും വെളിപ്പെടുത്തിയതായി പ്രതിഭാഗം വക്കീൽ അഡ്വ. രാജനും ചാനലിനോട് വ്യക്തമാക്കുകയായിരുന്നു. സംഭവസമയത്ത് അമീറുലും കൂടെയുണ്ടായിരുന്നെന്നും എ്ന്നാൽ അയാൾ കൊലപാതത്തിൽ പങ്കാളിയല്ലെന്നും അന്നേരം അമീറുൽ മദ്യപിച്ചിരുന്നുവെന്നുമാണ് വാദമുയർന്നിട്ടുള്ളത്. കൃത്യം നടത്തിയ ശേഷം മുങ്ങിയ അനാറുലിനെ തേടി പൊലീസ് അന്വേഷണം നടത്തിയതായും അയാളെ കണ്ടെത്താൻ കഴിയാതായതോടെ അമീറുലിനെ പ്രതിയാക്കി കുറ്റപത്രം നൽകുകയായിരുന്നുവെന്നുമുള്ള നിലയിലാണ് ഇപ്പോൾ വാദങ്ങൾ പോകുന്നത്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ അമീറുൽ അറസ്റ്റിലായി ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായപ്പോൾത്തന്നെ ഇയാളുടെ ഒരു സുഹൃത്തിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അനാറുൽ ഇസൽം എന്ന സുഹൃത്തിനെ തേടി പൊലീസ് സംഘം അസമിൽ എത്തിയിരുന്നതായും ഇങ്ങനെയൊരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വിവരങ്ങളും ആയിടക്ക് പുറത്തുവന്നു. പക്ഷേ, ഈ കഥ അമീറുൽ കേസിൽ നിന്ന് രക്ഷപ്പെടാൻ കെട്ടിച്ചമച്ചതാണെന്നാണ് ഇപ്പോൾ അന്വേഷണ സംഘം കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമീറുൽ മാത്രമാണ് പ്രതിയെന്ന നിഗമനത്തിലേക്ക് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അവർ എത്തുന്നതും. അതേസമയം, പ്രതി അമീറുലിനെ പരിചയമില്ലെന്ന മുൻ നിലപാട് മാറ്റി അവന് തന്റെ മകളോട് വൈരമുണ്ടായിരുന്നെന്നും മുമ്പും വഴക്കുണ്ടായിരുന്നെന്നും ജിഷയുടെ അമ്മ രാജേശ്വരി ഇടയ്ക്ക് വെളിപ്പെടുത്തിയതും ചർച്ചയായിരുന്നു. വീടിന് പരിസരത്തുവച്ച് വണ്ടിയിടിച്ച് ആക്‌സിഡന്റ് ഉണ്ടായപ്പോൾ ഒരു വഴക്കുണ്ടായിരുന്നെന്നും ഞാനില്ലാത്ത സമയം നോക്കി മകൾക്കെതിരെ പ്രതികാരം ചെയ്യുകയായിരുന്നെന്നും രാജേശ്വരി പറയുന്നു. ജിഷ കൊല്ലപ്പെട്ടതിന് തലേന്ന് ടിവി കണ്ടുകൊണ്ടിരിക്കെ വീടിനുനേർക്ക് കല്ലേറുണ്ടായിരുന്നു. പിറ്റേന്ന് വീടിന് പുറത്തുനിന്ന് ഹിന്ദിക്കാർ ഉപയോഗിക്കുന്ന ബീഡിയുടെ പാക്കറ്റും ലൈറ്ററും കണ്ടിരുന്നുവെന്നും രാജേശ്വരി പറഞ്ഞിരുന്നു.

പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ ഒരാൾ ഒറ്റയ്ക്കല്ല ജിഷയെ കൊലപ്പെടുത്തിയതെന്ന വാദത്തിലൂന്നിയാകും അമീറുലിന് അനുകൂലമായ നീക്കങ്ങൾ നടത്തുകയെന്ന് വ്യക്തമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP