Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജസ്റ്റിസ് ഉബൈദിന്റെ വിധിയുടെ വെളിച്ചത്തിൽ ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടെങ്കിലും ജസ്റ്റിസിന്റെ കാര്യത്തിൽ തീരുമാനമായി; വിജിലൻസ് ജഡ്ജിയുടെ വിധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ കീഴ് കോടതി ജഡ്ജിമാർ രംഗത്ത്; പരാതിയിൽ തീരുമാനം എടുക്കുന്നില്ലെങ്കിൽ കോടതി ബഹിഷ്‌ക്കരണം വരെ ആലോചനയിൽ

ജസ്റ്റിസ് ഉബൈദിന്റെ വിധിയുടെ വെളിച്ചത്തിൽ ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടെങ്കിലും ജസ്റ്റിസിന്റെ കാര്യത്തിൽ തീരുമാനമായി; വിജിലൻസ് ജഡ്ജിയുടെ വിധിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ കീഴ് കോടതി ജഡ്ജിമാർ രംഗത്ത്; പരാതിയിൽ തീരുമാനം എടുക്കുന്നില്ലെങ്കിൽ കോടതി ബഹിഷ്‌ക്കരണം വരെ ആലോചനയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സോളാർ കേസിൽ നിന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ആര്യാടൻ മുഹമ്മദിനെയും രാജിയിൽ നിന്നും രക്ഷപെടുത്തിയത് ഹൈക്കോടതിയുടെ ഉത്തവരാണ്. ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് നിലപാട് സ്വീകരിച്ചതിന് പുറമേ കീഴ്‌ക്ടോടി ജഡ്ജി വാസനെ അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. വിധി റദ്ദാക്കിയതിൽ ഉപരിയായി വിധി പുറപ്പെടുവിച്ച ജഡ്ജിയെ ഹൈക്കോടതി വിമർശിച്ചത് നിയമവൃത്തങ്ങളിൽ തന്നെ അമ്പരപ്പിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടത ജസ്റ്റിസ് പി. ഉബൈദിനെതിരെ കീഴ്‌ക്കോടതി ന്യായാധിപന്മാർ പരസ്യമായി രംഗത്തെത്തി. ജസ്റ്റിസിനെതിരെ ഹൈക്കോടതി ചീഫ്ജസ്റ്റിസിനും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും ഗവർണർക്കും പരാതി നൽകാൻ യോഗത്തിൽ തീരുമാനം. സംസ്ഥാനത്ത് ഇതാദ്യമാണ് ഇങ്ങനെയൊരു നടപടി. ന്യായാധിപന്മാരുടെ സംഘടനയായ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ യോഗത്തിലാണ് കടുത്ത പ്രതിഷേധവും തീരുമാനവും എടുത്തത്.

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരായി കേസെടുക്കണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വന്ന അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ഉബൈദ് വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കുകയും വിജിലൻസ് ജഡ്ജി വാസനെ വ്യക്തിപരമായി വിമർശിക്കുകയും നടപടിയെടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. വിജിലൻസ് ജഡ്ജിക്കെതിരെ രൂക്ഷപരാമർശമാണ് ഹൈക്കോടതി ജഡ്ജി നടത്തിയത്. ഇങ്ങനെയുള്ള ഒരു ജഡ്ജിയെവച്ച് എങ്ങനെ മുന്നോട്ടുപോകുമെന്നും സ്വന്തം അധികാരമെന്താണെന്ന് ഈ ജഡ്ജിക്ക് അറിയില്ലെന്നുമുള്ള വിമർശനമായിരുന്നു വിജിലൻസ് ജഡ്ജി വാസനെതിരെ ഉണ്ടായത്.

മാത്രമല്ല ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി ഭരണവിഭാഗത്തിന് ശുപാർ ചെയ്യുകയും ചെയ്തു. തുടർന്ന് സ്വയം വിരമിക്കാൻ അനുവദിക്കണമെന്നാവശ്യപ്പട്ട് തൃശൂർ വിജിലൻസ് ജഡ്ജി ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് ജഡ്ജി വാസൻ സ്വയം വിരമിക്കാൻ തീരുമാനിക്കുകയും അവധിയിൽ പോവുകയും ചെയ്തു.

ഈ സംഭവം മജിസ്‌ട്രേറ്റ് കോടതി മുതൽ ജില്ലാ ജഡ്ജിവരെയുള്ള ന്യായാധിപന്മാരുടെ സംഘടനയുടെ പ്രതിഷേധത്തിനിടയാക്കി. കീഴ്‌ക്കോടതി ഉത്തരവിൽ അപാകതയുണ്ടെങ്കിൽ റദ്ദാക്കുകയും തിരുത്തുകയും ചെയ്യാനുള്ള അധികാരം ഹൈക്കോടതി ജഡ്ജിമാർക്കുണ്ട്. തൊഴിൽപരമായ അപാകതയുണ്ടെങ്കിൽ മാത്രമേ കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ സാഹചര്യമുള്ളൂവെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ പരിധിവിട്ടതാണെന്നും ജനങ്ങളിൽ കോടതിയുടെ വിശ്വസ്യത തകർക്കാൻ ഇടയാകുമെന്നും സംഘടന വിലയിരുത്തി. സാധാരണ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് കീഴ്‌ക്കോടതികളെയാണ്. പരിചയസമ്പന്നരായ ജുഡീഷ്യൽ അംഗങ്ങളാണ് കീഴ്‌ക്കോടതികളിൽ പ്രവർത്തിക്കുന്നത്.

ചരിത്രത്തിലെ നീതിന്യായ വ്യവസ്ഥയിൽ ആദ്യമായിരിക്കും ഹൈക്കോടതി ജഡ്ജിക്കെതിരെ കീഴ്‌ക്കോടതി ജഡ്ജിമാർ രംഗത്തുവരുന്നത്. അതേസമയം തൃശൂർ വിജിലൻസ് ജഡ്ജി വാസനെതിരെ നടപടിക്ക് ശുപാർശ ചെയ്ത ജസ്റ്റിസിനെതിെര കേരള ലോയേഴ്‌സ് യൂണിയനും രംഗത്തുവന്നു. കേരളരാഷ്ട്രീയം രണ്ടരവർഷമായി കലുഷിതമാക്കുന്ന സോളാർ തട്ടിപ്പുകേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനുള്ള തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി ജസ്റ്റിസ് ടി ഉബൈദിന്റെ നടപടി ദുരൂഹത നിറഞ്ഞതാണെന്ന് കേരള ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ജഡ്ജിക്കെതിരെ നടത്തിയ പരാമർശങ്ങൾ അനുചിതവും അനവസരത്തിലുള്ളതുമാണ്. കീഴ്‌കോടതി വിധികൾ പരിശോധിക്കുമ്പോൾ ബന്ധപ്പെട്ട ജഡ്ജിമാരെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ കർശനമായി ഒഴിവാക്കണമെന്ന് ജസ്റ്റിസ് സദാശിവത്തിന്റേതടക്കം നിരവധി സുപ്രീംകോടതിവിധികളുണ്ട്. ഇവിടെ ഒരു കേസിന്റെ പ്രാഥമിക പരിശോധനാ സന്ദർഭത്തിൽ ഒരുഭാഗത്തിന്റെമാത്രം വാദംകേട്ട് ഉത്തരവിടുമ്പോൾ തന്നെ കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ നടപടിവേണമെന്ന നിരീക്ഷണം ജുഡീഷ്യൽ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്.

ലളിതകുമാരി കേസിൽ അസാധാരണ സന്ദർഭത്തിൽ കുറ്റകൃത്യം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അധികാരവും സമ്പത്തും ഉപയോഗിച്ച് സോളാർ കേസ് അന്വേഷണം അട്ടിമറിച്ചതിൽ ഒരു ന്യായാധിപനും പങ്കുണ്ട്. സരിതയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നുവെങ്കിൽ ഇതിന്റെ നിജസ്ഥിതി അന്നുതന്നെ വെളിവാകുമായിരുന്നു. ഉമ്മൻ ചാണ്ടി ഉപയോഗിക്കുന്ന സലിംരാജിന്റെ ഫോൺ ശബ്ദരേഖ പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവിന് തൊട്ടടുത്തദിവസംതന്നെ എജി നേരിട്ട് ഹാജരായി ഡിവിഷൻബെഞ്ചിൽനിന്നും സ്റ്റേ വാങ്ങുകയായിരുന്നു. ഇല്ലെങ്കിൽ ഉമ്മൻ ചാണ്ടിയും സരിതയുമായുള്ള നിരവധി ഫോൺ സംഭാഷണങ്ങൾ പുറത്തുവരുമായിരുന്നു. സുപ്രധാനമായ ഈ രേഖകൾ നശിപ്പിച്ചതിന് ഐജി ജോസിനെതിരെ നടപടിക്ക് ഡിജിപി ശുപാർശ ചെയ്തിരുന്നു.

അന്വേഷണകമീഷൻ മുമ്പാകെ സത്യംമറച്ചുവച്ച് മുഖ്യമന്ത്രി പറഞ്ഞതുപോലെ മൊഴി നൽകണമെന്നും അതിനായി സർക്കാർ അഭിഭാഷകനെ കാണണമെന്നും സരിതയ്ക്ക് തമ്പാനൂർ രവി ഫോണിൽ നിർദ്ദേശം നൽകിയത് അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് ബോധ്യപ്പെട്ടാണ് വിജിലൻസ് കോടതി അസാധാരണമായ ഉത്തരവിട്ടത്. ഹൈക്കോടതി ജഡ്ജിക്ക് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകനോട് ഇതിന്റെ നിജസ്ഥിതികൂടി തിരക്കാമായിരുന്നു. അതിനുപോലും മുതിരാതെയാണ് കീഴ്‌ക്കോടതി ഉത്തരവിലെ പോസ്റ്റ് ഓഫീസ് പരാമർശം മാത്രം അടർത്തിയെടുത്ത് നിരവധി സുപ്രീംകോടതി വിധികളുടെ അന്തഃസത്ത ലംഘിച്ച് വിജിലൻസ് ജഡ്ജിയെ ക്രൂരമായി പരിഹസിച്ചതെന്നും രാജേന്ദ്രൻ പറഞ്ഞു.

നേരത്തെ ജസ്റ്റിസ് പി ഉബൈദ് പുറപ്പെടുവിച്ച വിധികൾ വ്യാപകമായി ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തൃശ്ശൂർ കോടതി ജഡ്ജിയ എസ്എസ് വാസവന്റെയും ഉബൈദിന്റെയും സുപ്രധാന വിധികൾ എന്ന നിലയിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇങ്ങനെയുള്ള പോസ്റ്റിൽ ജസ്റ്റ്ിസ് പി ഉബൈദിന്റെ വിധികളായി കൊടുത്തത് ഇവയാണ്: നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കെകെ ലതികയിലെ തുടർനടപടി സ്റ്റേ ചെയ്തതും ലാവലിൻ കേസിലെ പ്രതികളെ വെറുതെ വിട്ടത് സംശകരമെന്ന നിരക്ഷണവും ഇഎസ് ബിജിമോൾക്ക് എതിരെ അപകീർത്തികരമായി പ്രസംഗിച്ചെന്ന കേസിൽ എം എ വാഹിദിനെ അറസ്റ്റു ചെയ്യുന്നത് തടഞ്ഞതും ഇദ്ദേഹത്തിന്റെ സുപ്രധാന വിധികളായിരുന്നു.

മന്ത്രിമാർക്കെതിരായ കേസുകൾ എല്ലാം തന്നെ രണ്ട് മാസത്തേക്ക് സ്റ്റേ അനുവദിക്കുക മാത്രം ചെയ്ത പി ഉബൈദിന്റെ വിധികളിലെ സാമ്യവും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ലാവലിൻ കേസ് പരിഗണിക്കുന്നതും ജസ്റ്റിസ് പി ഉബൈദാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP