Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വവർഗാനുരാഗം മുതൽ ശബരിമലയിലെ സ്ത്രീപ്രവേശനം വരെയുള്ള നിർണായക വിധികൾ; കോടതിയിലെ അവസാന ദിവസവും സംഭവ ബഹുലം; കർണാടക തിരഞ്ഞെടുപ്പ് പ്രതിസന്ധിയിൽ പാതിരാത്രി കോടതി വിളിച്ച് ചേർത്ത് അസാധാരണ നടപടി; 13 മാസത്തിന് ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുമ്പോൾ

സ്വവർഗാനുരാഗം മുതൽ ശബരിമലയിലെ സ്ത്രീപ്രവേശനം വരെയുള്ള നിർണായക വിധികൾ; കോടതിയിലെ അവസാന ദിവസവും സംഭവ ബഹുലം; കർണാടക തിരഞ്ഞെടുപ്പ് പ്രതിസന്ധിയിൽ പാതിരാത്രി കോടതി വിളിച്ച് ചേർത്ത് അസാധാരണ നടപടി; 13 മാസത്തിന് ശേഷം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയുടെ 45ാമത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. ചൊവ്വാഴ്ച വിരമിക്കാനിരിക്കെ, തിങ്കളാഴ്ച രാവിലെ അവസാനമായി സുപ്രീംകോടതി നടപടികളിൽ ജസ്റ്റിസ് മിശ്ര അധ്യക്ഷത വഹിച്ചു. അദ്ദേഹത്തിന്റെ പിൻഗാമിയായി ഒക്ടോബർ മൂന്നിനു ചുമതലയേൽക്കുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ എന്നിവരും ജസ്റ്റിസ് മിശ്രയുടെ ബെഞ്ചിലുണ്ടായിരുന്നു.

പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമിടയിൽ പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നതു തടയാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാണ് ഈ ബെഞ്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന ദിനത്തിലെ നടപടിക്രമങ്ങൾ അവസാനിപ്പിച്ചത്. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ഹർജിയിൽ വിധി പുറപ്പെടുവിച്ചിട്ടില്ല. ഒക്ടോബർ മൂന്നു മുതൽ പുതിയ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാകും ഹർജികൾ പരിഗണിക്കുകയെന്നാണ് അറിയിപ്പ്. 25 മിനിറ്റിനുള്ളിൽ തിങ്കളാഴ്ചത്തെ നടപടിക്രമങ്ങൾ ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് അവസാനിപ്പിച്ചു.

അതിനിടെ, വിരമിക്കുന്ന ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, പ്രശാന്ത് ഭൂഷൺ എന്നിവർ ട്വീറ്റ് ചെയ്ത കാര്യം അഭിഭാഷകനായ ആർ.പി. ലുത്ര ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് മിശ്രയുടെ അവസാനദിനത്തെ നാടകീയമാക്കി. വിവാദക്കൊടുങ്കാറ്റുയർത്തിയ ഭീമ കൊറിഗാവ് കേസിലുൾപ്പെടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധികളെ വിമർശിക്കുന്ന ഈ ട്വീറ്റുകൾ കോടതി പരിശോധിച്ചെങ്കിലും പ്രതികരണമൊന്നും നടത്തിയില്ല. നടപടികൾ അവസാനിപ്പിച്ച് ജസ്റ്റിസ് മിശ്ര കോടതി മുറി വിടും മുൻപ് അഭിഭാഷകരിലൊരാൾ അദ്ദേഹത്തിന് ആശംസയർപ്പിച്ച് പഴയ ഒരു ഹിന്ദി ഗാനം പാടാൻ ആരംഭിച്ചെങ്കിലും ജസ്റ്റിസ് മിശ്ര അതു വിലക്കി. വൈകാരിക നിമിഷങ്ങൾക്കൊടുവിലാണ് അദ്ദേഹം കോടതിമുറി വിട്ടത്.

1977ലാണ് ദീപക് മിശ്ര അഭിഭാഷകനായി എന്റോൾ ചെയ്യുന്നത്. ഒഡീഷ ഹൈക്കോടതിയിൽ പ്രാക്ടിസ് ചെയ്തുകൊണ്ടിരിക്കെ 1996ൽ അഡീഷനൽ ജഡ്ജിയായി. 1997ൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2009 ഡിസംബറിൽ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബറിൽ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. സിവിൽ, ക്രിമിനൽ, റവന്യു, സർവീസ് ആൻഡ് സെയിൽസ് ടാക്‌സ്, ഭരണഘടന വിഷയങ്ങളിൽ മികവു തെളിയിച്ചു.2017 ഓഗസ്റ്റ് 28 നാണ് ഇന്ത്യയുടെ 45ാം ചീഫ് ജസ്റ്റിസായി മിശ്ര സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. കേഹാർ വിരമിച്ചതിനെ തുടർന്നാണു ജസ്റ്റിസ് മിശ്ര ചീഫ് ജസ്റ്റിസായത്. ഇംഗ്ലിഷിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

രാജ്യം ഉറ്റുനോക്കിയ ഒട്ടേറെ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ കാലത്ത് സുപ്രീംകോടതി വിധി പറഞ്ഞത്. ആധാറിന്റെ ഭരണഘടനാ സാധുത, ദയാവധം, വിവാഹേതര ലൈംഗികബന്ധം, സ്വവർഗ ലൈംഗികത തുടങ്ങി ഏറ്റവുമൊടുവിൽ ശബരിമലയിലെ സ്ത്രീപ്രവേശനം വരെ നീണ്ടു കിടക്കുന്നു അദ്ദേഹത്തിന്റെ കാലയളവിലെ വിധിപ്രസ്താവങ്ങൾ.അതേസമയം, ഇടയ്ക്ക് മെഡിക്കൽ കോഴവിവാദത്തിൽ പരോക്ഷ ആരോപണം നേരിടേണ്ടി വന്നതും ഇതിൽ തുടങ്ങി സുപ്രീംകോടതിയിലെ സഹപ്രവർത്തകരുമായി ശീതയുദ്ധം പൊട്ടിപ്പുറപ്പെട്ടതും ജസ്റ്റിസ് മിശ്രയെ ഒരു വിഭാഗം ആളുകൾക്ക് അനഭിമതനാക്കി. ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറുമായുള്ള അധികാരത്തർക്കം സംബന്ധിച്ച കേസിൽ ദീപക് മിശ്രയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അഭിഭാഷകവൃത്തി അവസാനിപ്പിച്ചതും വാർത്താ പ്രാധാന്യം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP