Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂക്കുത്തി കൊണ്ടാണു സരിതയുടെ മൂക്കിൽ ചോര വന്നത്; കുഞ്ഞിന്റെ അച്ഛന്റെ കാര്യം അറിയേണ്ടതു കേസിന്റെ ഭാഗമാണ്; കിളി പറയുന്നതു പോലെ സത്യം പറഞ്ഞാൽ രക്തസമ്മർദം മാറും: നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ സോളാർ കമ്മീഷൻ ജഡ്ജി

മൂക്കുത്തി കൊണ്ടാണു സരിതയുടെ മൂക്കിൽ ചോര വന്നത്; കുഞ്ഞിന്റെ അച്ഛന്റെ കാര്യം അറിയേണ്ടതു കേസിന്റെ ഭാഗമാണ്; കിളി പറയുന്നതു പോലെ സത്യം പറഞ്ഞാൽ രക്തസമ്മർദം മാറും: നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ സോളാർ കമ്മീഷൻ ജഡ്ജി

കൊച്ചി: സോളാർ കേസ് പ്രതി സരിത എസ് നായരുടെ കുഞ്ഞിന്റെ അച്ഛനാരെന്ന് അറിയേണ്ടത് കേസിന്റെ ഭാഗമാണെന്നു സോളാർ കമ്മീഷൻ. കഴിഞ്ഞ ദിവസം സോളാർ കമ്മിഷൻ സിറ്റിങ്ങിലുണ്ടായ നാടകീയ രംഗങ്ങൾക്കു ശേഷം ജസ്റ്റിസ് ജി ശിവരാജൻ തന്റെ നിലപാടിൽ ഉറച്ചു തന്നെയാണുള്ളത്.

മൂക്കിൽ രക്തം വന്നത് രക്തസമ്മർദത്തെ തുടർന്നാണെന്നു പറഞ്ഞു മടങ്ങിയ സരിത എസ് നായർ ഇന്നു വിസ്താരത്തിനു ഹാജരായില്ല. ഇതിനെയും രൂക്ഷമായ ഭാഷയിലാണു ജസ്റ്റിസ് ശിവരാജൻ വിമർശിച്ചത്.

സരിതയ്ക്ക് ഇന്നു ഡോക്ടറെ കാണണമെന്നും സ്‌കാനിങ് അടക്കമുള്ള പരിശോധനകൾ നടത്തണമെന്നും അഭിഭാഷകൻ സി ഡി ജോണി കമ്മിഷനെ അറിയിക്കുകയായിരുന്നു. എന്നാൽ, സരിത ഹാജരാകാതിരിക്കുന്ന സാഹചര്യം സംശയകരമായി കാണേണ്ടിവരുമെന്നാണു ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ പറഞ്ഞത്.

സരിത ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കമ്മിഷൻ ഇന്നലെ ചോദിച്ചത് കേസിന് ആവശ്യമായ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനു രക്തസമ്മർദമുണ്ടാകേണ്ട കാര്യമില്ല. കരയത്തക്ക രീതിയിലുള്ള വാചകം എന്നു തെറ്റിദ്ധരിച്ച് സരിത കരഞ്ഞു.

കരഞ്ഞു മൂക്കു തിരുമ്മിയപ്പോൾ മുക്കുത്തിയുരഞ്ഞു ചോര വരികയായിരുന്നു. ഇതിനെ അവർ രക്തസമ്മർദമെന്നു പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ താൻ ഒന്നും പ്രതികരിക്കുന്നില്ല. കിളി പറയുന്നതുപോലെ ഇവിടെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിട്ടുപോയാൽ സരിതയുടെ രക്തസമ്മർദമൊക്കെ തീരും.

വിസ്താരത്തിന് ആദ്യ ദിവസം ഹാജരായപ്പോൾ ശബ്ദമില്ലെന്നും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും വിശദീകരിച്ചാണ് ഇവിടെനിന്നു പോയത്. എന്നാൽ, പുറത്ത് മാദ്ധ്യമങ്ങളോടു വായ് തുറന്നപ്പോൾ ശബ്ദം വന്നുവെന്നും കമ്മിഷൻ പരിഹസിച്ചു.

21ന് ഹാജരാകാൻ സരിത തയാറാണെന്ന് അവരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം അഭിഭാഷകൻ കമ്മിഷനെ അറിയിച്ചു. ഇക്കാര്യം കമ്മീഷൻ അനുവദിക്കുകയും ചെയ്തു.

ഇന്നലെ സോളാർ അന്വേഷണ കമ്മിഷനു മുൻപിൽ സരിത എസ്. നായർ മൊഴി നൽകുന്നതിനിടെയാണു നാടകീയ രംഗങ്ങളുണ്ടായത്. സരിത ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ ചോദ്യത്തിനു മുൻപിൽ സരിത പൊട്ടിക്കരയുകയായിരുന്നു. മൂക്കിൽനിന്നു രക്തം വന്നതിനെത്തുടർന്നു സരിതയുടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചു. ടീം സോളറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്നെല്ലാം സരിത ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു.

2010 ഏപ്രിൽ ഒന്നിനു ജയിലിൽവച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ സരിത പ്രസവിച്ചത്. ബിജു രാധാകൃഷ്ണനും താനും തമ്മിൽ ഭാര്യാ ഭർതൃബന്ധം ഉണ്ടായിരുന്നില്ല. ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നു സരിത പറഞ്ഞു. അപ്പോഴായിരുന്നു കമ്മീഷന്റെ ചോദ്യം. ഭാര്യാഭർതൃബന്ധം ഉണ്ടായിരുന്നില്ലെങ്കിൽ ജയിലിൽ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നായിരുന്നു കമ്മിഷന്റെ ചോദ്യം. അതു വ്യക്തിപരമായ കാര്യമാണെന്നും കമ്മിഷനു മുൻപിൽ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞായിരുന്നു സരിതയുടെ കരച്ചിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP