Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ? മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനം; പുരുഷ മേധാവിത്വത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാർ: തുറന്നടിച്ച് ജസ്റ്റിസ് കമാൽ പാഷ

പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ? മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനം; പുരുഷ മേധാവിത്വത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാർ: തുറന്നടിച്ച് ജസ്റ്റിസ് കമാൽ പാഷ

കോഴിക്കോട്: മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകളോടുള്ളതു കടുത്ത വിവേചനമെന്നു ജസ്റ്റിസ് കമാൽ പാഷ. പുരുഷാധിപത്യത്തിനു വഴി തെളിച്ചതു മതമേലധ്യക്ഷന്മാരാണെന്നും ഏകീകൃത സിവിൽ കോഡിനെ അന്ധമായി എതിർക്കേണ്ട കാര്യമില്ലെന്നും കമാൽ പാഷ പറഞ്ഞു.

പുരുഷന്മാർക്ക് ഒരു സമയം നാലു ഭാര്യമാർ ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ടു നാലു ഭർത്താക്കന്മാർ ആയിക്കൂടാ എന്നും കമാൽ പാഷ ചോദിച്ചു. പുനർജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാർഹിക പീഡന നിരോധന നിയമം സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ് കമാൽ പാഷയുടെ പരാമർശം.

മുസ്ലിം വ്യക്തി നിയമത്തിൽ സ്ത്രീകളോട് വിവേചനമുണ്ട്. മുസ്ലിം വ്യക്തി നിയമം ക്രോഡീകരിക്കേണ്ട കാലം കഴിഞ്ഞു. മറ്റു മതങ്ങളിലെ നന്മ സ്വാംശീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും കമാൽ പാഷ ചോദിച്ചു. മതമേലധ്യക്ഷന്മാരാണ് പുരുഷാധിപത്യത്തിന് വഴി തെളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഖുറാൻ പറയുന്ന അവകാശങ്ങൾ പോലും മുസ്ലിം സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. ഈ വിവേചനം അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാർക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് നാലു ഭർത്താക്കന്മാർ ആയിക്കൂടെന്നും ജസ്റ്റിസ് കമാൽപാഷ ചോദിച്ചു.

ഇന്ത്യയിലെ പ്രധാന മതജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽകോഡ്.

കഴിഞ്ഞ ദിവസം ശരിഅത്ത് നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നു കാട്ടി മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന നിസ എന്ന സംഘടന സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു മതത്തിലെ പുരുഷാധിപത്യം അവസാനിപ്പിക്കണമെന്നും സ്ത്രീളോടുള്ള വിവേചനത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട ജസ്റ്റിസ് കമാൽ പാഷ രംഗത്തെത്തിയത്.

ശരിഅത്തിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത് നിസ എന്ന സംഘടനയ്ക്കുവേണ്ടി ജനറൽ സെക്രട്ടറി വി പി സുഹറയാണ്. ശരിഅത്ത് നിയമം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ശരിഅത്തിലെ വ്യവസ്ഥകൾ സ്ത്രീ വിരുദ്ധമാണ്. തലാക്ക്, ബഹുഭാര്യത്വം, സ്ത്രീവിവേചനം തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയമം പിൻവലിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിസ കഴിഞ്ഞ 26ന് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. മുസ്‌ലിം വ്യക്തി നിയമം ഭരണഘടനാപരമായ പരിശോധനകൾക്ക് വിധേയമാക്കി റദ്ദു ചെയ്യണമെന്നാണ് ആവശ്യം. സ്ത്രീക്ക് ഭരണഘടന നൽകുന്ന എല്ലാ സ്വാതന്ത്ര്യവും മുസ്‌ലിം വ്യക്തി നിയമം നിഷേധിക്കുകയാണെന്ന് ഹർജിക്കാരിയായ വി.പി സുഹ്‌റ ചൂണ്ടിക്കാട്ടുന്നു. 1939ൽ ഈ നിയമം നിലവിൽ വന്നശേഷം പ്രാകൃതമായ നടപടികളാണ് സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഭാര്യയുടെ സാന്നിധ്യം പോലുമില്ലാതെ അവൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും തയ്യാറാവാതെ തലാക്ക് മൂന്നു തവണ ചൊല്ലി ഒഴിവാക്കുന്ന രീതി ചോദ്യം ചെയ്യേണ്ടപ്പെടേണ്ടതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ വ്യക്തിനിയമം ഇന്നും അതേപടി അടിച്ചേൽപ്പിക്കുകയാണ്. അന്നത്തെ ഒരു മുസ്ലിം പുരോഹിതൻ നൽകിയ വ്യാഖ്യാനങ്ങളാണ് ബ്രിട്ടീഷുകാർ നിയമമാക്കിയത്. നിരവധി മുസ്ലിം രാജ്യങ്ങളിൽ വ്യക്തി നിയമം മാറ്റിയെഴുതിയിട്ടുണ്ട്. ക്രിമിനൽ നിയമത്തിലും തെളിവ് നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പൗരോഹത്യം അടിച്ചേൽപ്പിച്ച അതേ നിലപാടുകൾ പിന്തുടരണമെന്ന് ആജ്ഞാപിക്കുന്നവർ സ്ത്രീകൾക്ക് വ്യക്തിത്വവും മാന്യമായി ജീവിക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നത് അംഗീകരിക്കുന്നില്ല. ഖുറാനിലും ഇസ്ലാമിൽ പറഞ്ഞ കാര്യങ്ങളല്ല ഇസ്ലാമിന്റെ പേരിൽ ഇന്ന് ചിലർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്

1939 ൽ നിലവിൽ വന്ന പ്രാകൃതമായ നിയമമാണ് ഇന്നും മുസ്ലിം സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്. മുസ്ലിം വ്യക്തി നിയമത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ പുരഷാധിപത്യ കേന്ദ്രിതവും സ്ത്രീവിരുദ്ധവുമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിനെതിരായ വ്യവസ്ഥകളാണ് അതിലുള്ളത്. ഏകപക്ഷീയമായ മൊഴിചൊല്ലൽ ഇന്ന് നിലനിൽക്കുകയാണ്. രക്ഷിതാവിന്റെ സ്വത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ പകുതിക്ക് മാത്രമേ അർഹതയുള്ളൂവെന്ന വിവേചനം അവസാനിപ്പിക്കണം. പുരോഗമന വാദികളെന്ന് നടിക്കുന്ന മുസ്ലിം സംഘടനകൾ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരെ നിൽക്കുകയാണ്. ജഅമാത്ത് ഇസ്ലാമിയും മുജാഹിദ് സംഘടനകളും സ്ത്രീകളുടെ അവകാശം ഹനിക്കുന്നതിൽ കൂട്ടുനിൽക്കുകയാണ്. അവർക്ക് പ്രത്യേക അജണ്ടകളുണ്ട്. സ്ത്രീസമൂഹത്തെ മുഖമൂടിക്കുള്ളിലും പർദ്ദയ്ക്കുള്ളിലും തളച്ചിടാനാണ് അവരുടെ പരിശ്രമമെന്നും സുഹറ പറയുന്നു. മുസ്ലിം വ്യക്തിനിയമവും മുസ്ലിം വിവാഹനിയമവും ഭരണഘടനാ വിരുദ്ധവും ഭരണഘടനയിലെ 14,15,21,25 ചട്ടങ്ങൾക്കും വിരുദ്ധമാണെന്നുമാണ് നിസ സമർപ്പിച്ച ഹർജിയിൽ സൂചിപ്പിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി 1997 മുതൽ പ്രവർത്തിക്കുന്ന സംഘടനയാണ് നിസ.

അതിനിടെ, തലാഖിനും ബഹുഭാര്യത്വത്തിനും എതിരെ ശയരാഭാനുവെന്ന സ്ത്രീ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. തലാഖ് ചൊല്ലിയുള്ള മൊഴിചൊല്ലൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശയരാഭാനു സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടി. ഇസ്ലാം മതത്തിലോ, മതഗ്രന്ഥമായ ഖുറാനിലോ ഈ നിയമങ്ങൾക്ക് ഒരു അടിസ്ഥാനവും നൽകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. തന്റെ ഭർത്താവ് മൂന്ന് തവണ മൊഴിചൊല്ലി ഒഴിവാക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചും അവർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP