Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേന്ദ്രം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതി വഴങ്ങിയില്ല; മലയാളിയായ ജസ്റ്റീസ് കെ എം ജോസഫിനെ സുപ്രീകോടതി ജഡ്ജിയാക്കിയത് മനസ്സില്ലാ മനസ്സോടെ; കോളീജിയം രണ്ടാമതും ശുപാർശ ചെയ്തതോടെ ഒപ്പിട്ട് തിരിച്ചയച്ച് നിയമ മന്ത്രാലയം

കേന്ദ്രം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതി വഴങ്ങിയില്ല; മലയാളിയായ ജസ്റ്റീസ് കെ എം ജോസഫിനെ സുപ്രീകോടതി ജഡ്ജിയാക്കിയത് മനസ്സില്ലാ മനസ്സോടെ; കോളീജിയം രണ്ടാമതും ശുപാർശ ചെയ്തതോടെ ഒപ്പിട്ട് തിരിച്ചയച്ച് നിയമ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒടുവിൽ സുപ്രീംകോടതി കോളീജിയത്തിന് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങി. ഉത്തരാഖണ്ഡിലെ ജസ്റ്റിസ് കെ.എം.ജോസഫ് ഉൾപ്പെടെ മൂന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിൽ നിയമിക്കാനുള്ള കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. കേന്ദ്ര നിയമമന്ത്രാലയം പേരിന് അംഗീകാരം നൽകിയതോടെയാണ് ഈ ഫയൽ രാഷ്ട്രപതിക്ക് മുന്നിൽ എത്തിയത്. നേരത്തെ ജോസഫിനെ ജഡ്ജിയാക്കാനാകില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ

ജസ്റ്റിസ് ജോസഫിന്റെ നിയമനം സംബന്ധിച്ച് ആറു മാസത്തിലേറെയായി സുപ്രീം കോടതി കൊളീജിയവും കേന്ദ്ര സർക്കാരും തമ്മിൽ നിലനിന്ന ശീതയുദ്ധത്തിനു വിരാമമിടുന്നതാണു നിയമന നടപടി. സീനിയാറിറ്റിയിൽ മൂന്നാമതായാണു ജസ്റ്റിസ് കെ. എം.ജോസഫിന്റെ നിയമനം. ജസ്റ്റിസ് ജോസഫിന്റെ പേരു കഴിഞ്ഞ ജനുവരിയിൽ കൊളീജിയം ശുപാർശ ചെയ്യുകയും കേന്ദ്രം ഏപ്രിലിൽ അതു തള്ളുകയും ചെയ്തിരുന്നു. തുടർന്ന്, കഴിഞ്ഞ മാസം 16നു ജസ്റ്റിസ് ജോസഫിന്റെ പേരു വീണ്ടും ശുപാർശ ചെയ്യാനും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയെയും ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരണിനെയും കൂടി ഉൾപ്പെടുത്താനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര സർക്കാരിന്റെ തുടർനടപടി.

കഴിഞ്ഞ 16ന് എടുത്ത തീരുമാനമനുസരിച്ചു ജസ്റ്റിസ് ജോസഫിന്റെ പേരു പ്രത്യേകമായും ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് വിനീത് സരൺ എന്നിവരുടെ പേരുകൾ മറ്റൊരു ശുപാർശയായുമാണു കൊളീജിയം കേന്ദ്ര സർക്കാരിനു കൈമാറിയത്. ഒരു പേരു രണ്ടാമതും ശുപാർശ ചെയ്താൽ അതു സർക്കാർ അംഗീകരിക്കണമെന്നാണു വ്യവസ്ഥ. അതുകൊണ്ടു തന്നെ ജസ്റ്റിസ് ജോസഫിന്റെ പേരു വീണ്ടും കേന്ദ്രം തള്ളിക്കളയുകയെന്നതു സാധ്യമല്ലായിരുന്നു. 2016ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതിനെതിരെ ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് നൽകിയ വിധിയാണ് ജോസഫിനെ ബിജെപി സർക്കാരിന് എതിരാക്കിയതെന്നാണ് വിലയിരുത്തൽ.

ഉത്തരാഖണ്ഡിൽ 2016 ൽ നരേന്ദ്ര മോദി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയപ്പോൾ അത് റദ്ദാക്കികൊണ്ടു ജോസഫ് നൽകിയ ഉത്തരവ് ബിജെപിക്ക് ഏറെ തിരിച്ചടിയായിരുന്നു ആലപ്പുഴയിലെ നെടിയാതുരുത്തിൽ അനധികൃതമായി നിർമ്മിച്ച റിസോർട് ഇടിച്ചു കളയാൻ കേരള ഹൈ കോടതിയിലിരിക്കെ ഉത്തരവിട്ടതുപോലെയുള്ള പല നിർണ്ണായക ഉത്തരവുകളും ജോസഫിന്റേതായുണ്ട്. ''വിശിഷ്ട വ്യക്തിത്വമുള്ള, കുറ്റമറ്റ സ്വാഭാവ ദാർഢ്യമുള്ള ജസ്റ്റിസ് ജോസഫ് സുപ്രീം കോടതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഏറ്റവും യോഗ്യനാണ്'' എന്ന് കൊളീജിയം ശുപാർശയെ ന്യായീകരിച്ചുകൊണ്ട് ജസ്റ്റിസ് ചെലമേശ്വർ പറഞ്ഞിരുന്നു. ഇത്രയും കഴിവുറ്റ ഒരു ജഡ്ജിയെ നിരസിക്കുന്നതോടെ അനാരോഗ്യകരമായ ഒരു കീഴ്‌വഴക്കമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പത്താം ലോ കമ്മീഷൻ അംഗമായിരുന്ന ജസ്റ്റിസ് കെ കെ മാത്യുവിന്റെ മകനായ ജസ്റ്റിസ് ജോസഫ് 1958 ൽ കൊച്ചിയിലാണ് ജനിച്ചത്, ചെന്നൈ ലയോളയിലും പിന്നീട് എറണാകുളം ലോ കോളേജിലുമായി പഠനം പൂർത്തിയാക്കി, ഡൽഹി ഹൈ കോടതിയിൽ 1982 ൽ ആരംഭിച്ച പ്രാക്റ്റീസ് 1983 ൽ കേരള ഹൈ കോടതിയിലേക്ക് മാറ്റി. പിന്നീട് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. 2014 ലാണ് അദ്ദേഹം ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ആയി പോയത്.

ഒഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ കൊളീജിയത്തിന്റെ പിന്തുണയിൽ അതിജീവിച്ചാണ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാവുന്നത്. രണ്ടുതവണ അദ്ദേഹത്തെ കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പെട്ട ആദ്യ കൊളീജിയവും അദ്ദേഹം വിരമിച്ച ശേഷം ജസ്റ്റിസ് എ.കെ. സിക്രി അംഗമായ കൊളീജിയവും നിയമനഃശുപാർശ ആവർത്തിക്കണമെന്നതിൽ ഏകാഭിപ്രായക്കാരായിരുന്നു.ജോസഫിന്റെ ശുപാർശ മടക്കി അയച്ചുകൊണ്ടു നിയമമന്ത്രി രവിശങ്കർ പ്രസാദ് രണ്ടു കത്തുകളയച്ചിരുന്നു. ജസ്റ്റിസ് ജോസഫിന്റെ യോഗ്യതയെക്കുറിച്ച് മന്ത്രിയുടെ കത്തുകളിൽ വിപരീതമായി ഒന്നും ചൂണ്ടിക്കാട്ടുന്നില്ലെന്നു വിലയിരുത്തിയാണു കൊളീജിയം ഏകകണ്ഠമായി ശുപാർശ ആവർത്തിച്ചത്. ജോസഫിന്റെ പേരിൽ കൊളീജിയം ഉറച്ചുനിന്നതോടെ കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവന്നു.

കേരളത്തിൽനിന്ന് ആവശ്യത്തിന് പ്രാതിനിധ്യം (ജസ്റ്റിസ് കുര്യൻ ജോസഫ്) സുപ്രീംകോടതിയിലുണ്ടെന്നായിരുന്നു ശുപാർശ തിരിച്ചയക്കാൻ നിയമമന്ത്രി ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്ന്. മൂന്നു ഹൈക്കോടതികളിൽ മലയാളികളാണ് ചീഫ് ജസ്റ്റിസുമാർ. ഈ സാഹചര്യത്തിൽ മറ്റൊരാളെക്കൂടി കേരളത്തിൽനിന്നു നിയമിക്കുക ഉചിതമാവില്ലെന്നും മന്ത്രി നിലപാടെടുത്തു. അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയിൽ 45-ാം സ്ഥാനമാണ് കെ.എം. ജോസഫിനെന്നും അദ്ദേഹത്തെക്കാൾ മുതിർന്ന 10 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ രാജ്യത്തുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇതൊന്നും കൊളീജിയത്തിനു സ്വീകാര്യമായില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP