Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈക്കോടതി ജഡ്ജിമാർ ഇടപെട്ടു; തൃശൂർ വിജിലൻസ് ജഡ്ജി സ്വയം വിരമിക്കൽ അപേക്ഷ പിൻവലിച്ചു; ഫലം കണ്ടത് ജഡ്ജി ഉബൈദിനെതിരായ കീഴ്‌ക്കോടതി ന്യായാധിപന്മാരുടെ പ്രതിഷേധം

ഹൈക്കോടതി ജഡ്ജിമാർ ഇടപെട്ടു; തൃശൂർ വിജിലൻസ് ജഡ്ജി സ്വയം വിരമിക്കൽ അപേക്ഷ പിൻവലിച്ചു; ഫലം കണ്ടത് ജഡ്ജി ഉബൈദിനെതിരായ കീഴ്‌ക്കോടതി ന്യായാധിപന്മാരുടെ പ്രതിഷേധം

കൊച്ചി: തൃശൂർ വിജിലൻസ് കോടതിയിലെ ജഡ്ജി എസ്.എസ്. വാസൻ സ്വയം വിരമിക്കൽ അപേക്ഷ പിൻവലിച്ചു. അദ്ദേഹം ഇന്ന് കോടതിയിലും എത്തി. ഹൈക്കോടതി ജഡ്ജിമാരുടെ ഇടപെടലിനെ തുടർന്നാണു തീരുമാനം മാറ്റിയത്. ജഡ്ജിമാരുടെ വിമർശനം വ്യക്തിപരമായി എടുക്കരുതെന്നും അദ്ദേഹത്തോടു ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരേ അന്വേഷണം നടത്തണമെന്ന വിജിലൻസ് ജഡ്ജിയുടെ വിധി സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി നടത്തിയ വിധിപ്രസ്താവന പുറത്തുവന്നതിനെത്തുടർന്നാണു ജഡ്ജി എസ്.എസ്. വാസൻ സ്വയം വിരമിക്കലിനു അപേക്ഷ നൽകിയത്.

സ്വയംവിരമിക്കലിനുള്ള അപേക്ഷ ഹൈക്കോടതി രജിസ്ട്രാർക്കാണു സമർപ്പിച്ചത്. അടുത്ത വർഷം മാർച്ചിൽ സർവീസിൽനിന്നു വിരമിക്കാനിരിക്കേയാണു സ്വയം വിരമിക്കാൻ അപേക്ഷിച്ചത്. എസ്.എസ്.വാസന്റെ അപേക്ഷ ഹൈക്കോടതി ഭരണസമിതിയുടെ പരിഗണനയിൽ വിട്ടിരുന്നു. ഇതിനിടെയായിരുന്നു മുതിർന്ന ജഡ്ജിമാരുടെ ഇടപെടൽ നടന്നത്. 2015 നവംബറിൽ വിജിലൻസ് ജഡ്ജിയായി ചുമതലയേറ്റ വാസന് രണ്ടു വർഷം കൂടി സർവീസുണ്ട്.

മെയ് 31നു ശേഷം തുടരാൻ കഴിയില്ലെന്ന് കാണിച്ചായിരുന്നു കഴിഞ്ഞ ദിവസം ജഡ്ജി വിരമിക്കാൻ രജിസ്ട്രാർക്ക് അപേക്ഷ നൽകിയത്. വെള്ളിയാഴ്ച മുതൽ അവധിയിലും പ്രവേശിച്ചിരുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ രണ്ട് വിവാദ വിധിപ്രഖ്യാപനത്തെ തുടർന്നായിരുന്നു തീരുമാനം. സോളാർ കേസിൽ മുഖ്യമന്ത്രിക്കും വൈദ്യൂതിമന്ത്രിക്കും എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്ന ജസ്റ്റീസ് വാസന്റെ പ്രധാനവിധി. ഇതുചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ വിധി മരവിപ്പിക്കുകയും ജസ്റ്റീസ് വാസനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തുകയും ചെയ്തിരുന്നു. ബാർ കോഴ കേസിൽ മന്ത്രി കെ.ബാബുവിന്റെ രാജി പ്രഖ്യാപനത്തിൽ എത്തിയതും വാസന്റെ വിധിയായിരുന്നു.

അതിനിടെ തൃശൂർ വിജിലൻസ് കോടതി ജഡ്ജി വാസനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജി പി. ഉബൈദിനെതിരെ കീഴ്‌ക്കോടതി ന്യായാധിപന്മാർ രംഗത്ത് വന്നിരുന്നു. ജഡ്ജിക്കെതിരെ ഹൈക്കോടതി ചീഫ്ജസ്റ്റിസിനും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനും ഗവർണർക്കും പരാതി നൽകാൻ യോഗത്തിൽ തീരുമാനവുമുണ്ടായി. സംസ്ഥാനത്ത് ഇതാദ്യമാണ് ഇങ്ങനെയൊരു നടപടി. ന്യായാധിപന്മാരുടെ സംഘടനയായ കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ യോഗത്തിലാണ് കടുത്ത പ്രതിഷേധവും തീരുമാനവും എടുത്തത്. ഇതോടെയാണ് വാസന്റെ രാജി പിൻവലിക്കാനുള്ള നീക്കം തുടങ്ങിയത്.

ഈ സംഭവം മജിസ്‌ട്രേറ്റ് കോടതി മുതൽ ജില്ലാ ജഡ്ജിവരെയുള്ള ന്യായാധിപന്മാരുടെ സംഘടനയുടെ പ്രതിഷേധത്തിനിടയാക്കി. കീഴ്‌ക്കോടതി ഉത്തരവിൽ അപാകതയുണ്ടെങ്കിൽ റദ്ദാക്കുകയും തിരുത്തുകയും ചെയ്യാനുള്ള അധികാരം ഹൈക്കോടതി ജഡ്ജിമാർക്കുണ്ട്. തൊഴിൽപരമായ അപാകതയുണ്ടെങ്കിൽ മാത്രമേ കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ സാഹചര്യമുള്ളൂവെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ, ഇത്തരത്തിലുള്ള പരാമർശങ്ങൾ പരിധിവിട്ടതാണെന്നും ജനങ്ങളിൽ കോടതിയുടെ വിശ്വസ്യത തകർക്കാൻ ഇടയാകുമെന്നും സംഘടന വിലയിരുത്തി.

സാധാരണ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് കീഴ്‌ക്കോടതികളെയാണ്. പരിചയസമ്പന്നരായ ജുഡീഷ്യൽ അംഗങ്ങളാണ് കീഴ്‌ക്കോടതികളിൽ പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP