Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുലൈമാൻ സേട്ടിനും സിഎച്ച് മുഹമ്മദ് കോയക്കും കെ എം മാണിക്കും സക്കറിയ സേട്ടിനും പി സി തോമസിനുമെതിരെ ഹൈക്കോടതി വിധിച്ചത് സമാനമായ സാഹചര്യത്തിൽ; നാല് കേസുകളിലും ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോൾ തോമസിനെതിരായ വിധികൊണ്ട് ഗുണം ഉണ്ടാകാതെ പോയത് കാലാവധി കഴിഞ്ഞതിനാൽ: ആ ലഘുലേഖ ഷാജിയുടെ അറിവോടെയോ എന്നു തെളിയിക്കാൻ സാധിക്കാതിരുന്നാൽ വിധി സുപ്രിം കോടതി റദ്ദു ചെയ്യാനും സാധ്യത

സുലൈമാൻ സേട്ടിനും സിഎച്ച് മുഹമ്മദ് കോയക്കും കെ എം മാണിക്കും സക്കറിയ സേട്ടിനും പി സി തോമസിനുമെതിരെ ഹൈക്കോടതി വിധിച്ചത് സമാനമായ സാഹചര്യത്തിൽ; നാല് കേസുകളിലും ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോൾ തോമസിനെതിരായ വിധികൊണ്ട് ഗുണം ഉണ്ടാകാതെ പോയത് കാലാവധി കഴിഞ്ഞതിനാൽ: ആ ലഘുലേഖ ഷാജിയുടെ അറിവോടെയോ എന്നു തെളിയിക്കാൻ സാധിക്കാതിരുന്നാൽ വിധി സുപ്രിം കോടതി റദ്ദു ചെയ്യാനും സാധ്യത

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെരഞ്ഞെടുപ്പു കേസിനെ തുടർന്ന് മുസ്ലിംലീഗ് നേതാവ് കെ എം ഷാജി എംഎൽഎയെ അയോഗ്യനാക്കിയെങ്കിലും മുൻഗാമികൾക്ക് ലഭിച്ച ആനുകൂല്യം തനിക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതാവ്. മുമ്പ് കേരളത്തിൽ സമാനമായ നിരവധി തെരഞ്ഞെടുപ്പു കേസുകൾ ഉണ്ടായപ്പോഴും ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാത്. കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ കേസ് ഇത്തരത്തിൽ നാലാമത്തേതാണ്. മുമ്പുണ്ടായ മൂന്നു കേസുകളിൽ പി.സി. തോമസിന് മാത്രമാണ് സ്ഥാനം നഷ്ടപ്പെട്ടത്.

പി.സി. തോമസിനു പുറമേ സി.എച്ച്. മുഹമ്മദ് കോയയ്ക്കും കെ.എം. മാണിക്കുമെതിരേയാണ് മുമ്പ് ഇത്തരത്തിൽ കേസുകളുണ്ടായത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി വിജയിച്ച പി.സി. തോമസ്, മാർപാപ്പയുടെ ചിത്രം തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയെന്നായിരുന്നു കേസ്. എതിർസ്ഥാനാർത്ഥി സിപിഎമ്മിലെ പി.എം. ഇസ്മായിലിന്റെ പരാതിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി. 2006 ഒക്ടോബറിലായിരുന്നു വിധി. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. തോമസിന് മത്സരിക്കാൻ മൂന്നുവർഷം അയോഗ്യതയും കല്പിച്ചു.

മലപ്പുറത്തുനിന്ന് സി.എച്ച്. മുഹമ്മദ് കോയയുടെ ജയം 1977-ൽ ഹൈക്കോടതി റദ്ദാക്കിയതിന് കാരണം അദ്ദേഹം മുഖ്യപത്രാധിപരായിരുന്ന ചന്ദ്രികയിൽവന്ന റിപ്പോർട്ടുകളാണ്. ആർ.എസ്.എസും ജനസംഘവും മാർക്‌സിസ്റ്റുകളും മുസ്ലിങ്ങൾക്ക് എതിരാണെന്ന റിപ്പോർട്ടുകളിലെ പരാമർശം മതസ്പർധ വളർത്തുന്നതാണെന്നായിരുന്നു കോടതി കണ്ടെത്തിയത്.

പാലാ അരമനയിൽനടന്ന യോഗത്തിൽ തിരുവനന്തപുരം പൊലീസ് കമ്മിഷണറായിരുന്ന ജോസഫ് തോമസ് വോട്ടുപിടിച്ചെന്ന കേസിലാണ് കെ.എം. മാണി അയോഗ്യനായത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഈ വിധികൾ. ഡിസംബർ 19-ന് സി.എച്ചിനെതിരേയും 21-ന് മാണിക്കെതിരേയും വിധിവന്നു. എന്നാൽ, മാണിയുടെ തിരഞ്ഞെടുപ്പിൽ ബിഷപ്പ് അവിഹിതസ്വാധീനം ചെലുത്തിയതായി കോടതിക്ക് കണ്ടെത്താനായില്ല. രണ്ടുപേരും മന്ത്രിസ്ഥാനം രാജിവെച്ചു. എന്നാൽ, 1978-ൽ സുപ്രീംകോടതി ഈ രണ്ടു വിധികളും റദ്ദാക്കി.

അതേസമയം ഷാജിയുടെ കേസിൽ എതിർസ്ഥാനാർത്ഥി എം വി നികേഷ് കുമാർ തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ആ ആവശ്യംകോടതി അംഗീകരിച്ചിരുന്നില്ല. എന്നാൽ അങ്ങനെ എതിർ സ്ഥാനാർത്ഥി വിജയിച്ച ചരിത്രവുമുണ്ട്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കേസ് ജയിച്ച് എംഎ‍ൽഎ.യാകാൻ കഴിഞ്ഞത് മൂന്നുപേർക്കാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്കും കെ. സുധാകരനും ജോർജ് മസ്‌ക്രീനിനുമാണ് ഇത്തരത്തിൽ വിജയിച്ചത്. ഇതിൽ സുധാകരന്റെ വിജയം താത്കാലികമായിരുന്നു. 1961-ൽ തലശ്ശേരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ആർ. കൃഷ്ണയ്യർക്കെതിരേ പി. കുഞ്ഞിരാമൻ 23 വോട്ടിന് വിജയിച്ചു. വോട്ടെണ്ണലിനെക്കുറിച്ച് തർക്കമുയർന്നു. ഇലക്ഷൻ ട്രിബ്യൂണൽ വീണ്ടും വോട്ടെണ്ണിയപ്പോൾ കൃഷ്ണയ്യർ പത്തു വോട്ടിന് ജയിച്ചു.

1991-ലെ തിരഞ്ഞെടുപ്പിൽ കോവളത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട നീലലോഹിതദാസൻ നാടാരുടെ വിജയം ഇരട്ടവോട്ടിന്റെപേരിൽ ഹൈക്കോടതി റദ്ദാക്കി. എതിരാളിയായ ജോർജ് മസ്‌ക്രീനെ വിജയിയായി പ്രഖ്യാപിച്ചു. സുപ്രീംകോടതിയും ഇത് ശരിവെച്ചു. എടക്കാടുനിന്ന് സിപിഎം. നേതാവ് ഒ. ഭരതന്റെ ജയം 1992 ഫെബ്രുവരിയിലാണ് ഹൈക്കോടതി റദ്ദാക്കിയത്. പകരം കോൺഗ്രസ് നേതാവ് കെ. സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. സുധാകരൻ സത്യപ്രതിജ്ഞചെയ്തു. സുപ്രീംകോടതിയിൽ അന്തിമവിജയം ഒ. ഭരതനായിരുന്നു. ഭരതൻ അങ്ങനെ ഒരു കാലയളവിൽ രണ്ടാംവട്ടവും സത്യപ്രതിജ്ഞചെയ്തു.

1957-ലെ ഐക്യകേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പുമുതൽ തിരഞ്ഞെടുപ്പ് കേസുകൾ കേരള രാഷ്ട്രീയത്തിൽ സജീവമാണ്. അന്ന് ദേവികുളത്തുനിന്ന് കമ്യൂണിസ്റ്റ് പാർട്ടി അംഗം റോസമ്മ പുന്നൂസിന്റെ വിജയം ട്രിബ്യൂണൽ റദ്ദാക്കി. ഉപതിരഞ്ഞെടുപ്പിൽ അവർതന്നെ വിജയിച്ചു. ക്രിമിനൽക്കേസിൽ രണ്ടുവർഷത്തിലേറെ ശിക്ഷിക്കപ്പെട്ടിട്ടും മത്സരിച്ചുവെന്നപേരിൽ 2005 ജനുവരിയിൽ സിപിഎം. നേതാവ് പി. ജയരാജന്റെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി അസാധുവാക്കി. എന്നാൽ, ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തി.

തമ്പാനൂർ രവി, ജോസഫ് എം. പുതുശ്ശേരി, എം.ജെ. ജേക്കബ്, വർക്കല കഹാർ എന്നിവരുടെയൊക്കെ വിജയം ഹൈക്കോടതി അസാധുവാക്കിയെങ്കിലും സുപ്രീംകോടതിയിൽ അവർക്കായിരുന്നു വിജയം. ഇതെല്ലാം കെ എം ഷാജിക്ക് പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ്. സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തി ആ ലഘുലേഖ ഇറക്കിയത് താനല്ലെന്ന് തെളിയിക്കാനാകും ലീഗ് നേതാവിന്റെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP