Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടകംപള്ളി ഭൂമി തട്ടിപ്പിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസ്: കോടതിയിൽ ഹാജരാകാതെ സലീം രാജിന്റെ ഒളിച്ചുകളി; കുറ്റം ചുമത്തലിന് ഹാജരാകാൻ സലിം രാജിനും കൂട്ടുപ്രതിക്കും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അന്ത്യശാസനം

കടകംപള്ളി  ഭൂമി തട്ടിപ്പിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസ്: കോടതിയിൽ ഹാജരാകാതെ സലീം രാജിന്റെ ഒളിച്ചുകളി;  കുറ്റം ചുമത്തലിന് ഹാജരാകാൻ സലിം രാജിനും കൂട്ടുപ്രതിക്കും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അന്ത്യശാസനം

പി.നാഗ് രാജ്

തിരുവനന്തപുരം: കടകംപള്ളി വില്ലേജിലെ ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജും കൂട്ടുപ്രതിയും ഡിസംബർ 2 ന് കോടതിയിൽ ഹാജരാകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അന്ത്യശാസനം നൽകി. കുറ്റം ചുമത്തലിന് പ്രതികൾ ഹാജരാകാത്ത കാരണത്താലാണ് സി.ജെ.എം എ.എസ്.മല്ലിക പ്രതികൾക്ക് അന്ത്യശാസനം നൽകിയത്.

ഗൺമാൻ സലിംരാജ്, കൊച്ചി തമ്മനം സ്വദേശി കെ.കെ.ദിലീപ് എന്നിവരാണ് വധഭീഷണി കേസിലെ പ്രതികൾ. ഭൂമി തട്ടിപ്പിനെതിരെ പരാതി നൽകിയ വ്യക്തിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സിബിഐ കേസ്. 2014ൽ രജിസ്റ്റർ ചെയ്ത വധഭീഷണി കേസിൽ 2016 ജൂൺ 25 നാണ് സിബിഐ പ്രത്യേക കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജിലുൾപ്പെട്ട 44.5 ഏക്കർ ഭൂമി സലിം രാജ് ഉൾപ്പെട്ട ഭൂമാഫിയ റവന്യൂ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി താലൂക്ക് - വില്ലേജ് ഓഫീസ് റെക്കോർഡുകളിൽ കൃത്രിമം നടത്തി യഥാർത്ഥ ഉടമകൾ അറിയാതെ ഭൂമി തട്ടിയെടുത്തുവെന്നാണ് സിബിഐയുടെ പ്രധാന കേസ്.

വില്ലേജ് ഓഫീസിലുള്ള തണ്ടപ്പേർ കണക്ക് രജിസ്റ്റർ, അടിസ്ഥാന ഭൂ നികുതി രജിസ്റ്റർ, ശൂന്യതണ്ടപ്പേർ കണക്ക്, പോക്കുവരവ് രജിസ്റ്റർ എന്നിവയിൽ കള്ള വിവരങ്ങൾ രേഖപ്പെടുത്തിയും നേരു കേടായും വഞ്ചനാപൂർവ്വകമായും പ്രതിഫലത്തെപ്പറ്റി വ്യാജമായ പ്രസ്താവന അടങ്ങിയ കൈമാറ്റക്കരണം ഒപ്പിട്ടു പൂർത്തീകരിച്ചും പ്രതികൾ യഥാർത്ഥ ഭൂ ഉടമകളെ വഞ്ചിച്ചതായും കുറ്റപത്രത്തിൽ സിബിഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ഹൈക്കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.ഉമ്മൻ ചാണ്ടിയുടെ ഗൺമാനും, പാളയം കന്റോൺമെന്റ് ലെയിനിൽ പൊലീസ് ക്വാർട്ടേഴ്‌സ് നമ്പർ 16 ൽ താമസക്കാരനുമായ സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.സലിംരാജ്, എറണാകുളം ഇടപ്പള്ളി കാവുങ്ങൽ പാടത്ത് ഇല്ലിക്കൽ വീട്ടിൽ കെ.എച്ച്.അബ്ദുൾ മജീദ്, ഇടവ തച്ചേരി വിളാകം വീട്ടിൽ അഷ്‌റഫ് എന്ന മുഹമ്മദ് അഷ്‌റഫ് ,കൊല്ലം കരിക്കോട് കൊറ്റങ്കര ബ്രൂക്ക് വ്യൂവീട്ടിൽ റഷീദ, കരിക്കോട് ഫരീദിയ നഗറിൽ ഷാലിമാർ വീട്ടിൽ ഷനിദാ സലാഹുദ്ദീൻ, ഇടവ ജാസ്മിൻ ഗാർഡനിൽ നദീറാ റഷീദ്, ഇടവ ഹൈസ്‌ക്കൂൾ റോഡിൽ താജ്മഹൽ വീട്ടിൽ സലീനാ താജ്, ഇടവ തെക്കേവിള വീട്ടിൽ ഹസീന നാസർ, റീന, റഹീന, കൊച്ചി തമ്മനം റ്റി.ഡി.സന്നിധി റോഡിൽ റെൽ കോൺ കൂതപ്പള്ളിൽ ഹൗസിൽ കെ.കെ.ദിലീപ് എന്നിവരാണ് ഭൂമി തട്ടിപ്പ് കേസിൽ നിലവിൽ വിചാരണ നേരിടുന്ന 11 പ്രതികൾ. കൂട്ടുപ്രതികളായ വില്ലേജ് ഓഫീസർ സി.കെ.ജയറാം, നിസ്സാർ അഹമ്മദ്, സുഹറാ ബീവി എന്നിവർ വിചാരണ മധ്യേ മരണപ്പെട്ടു.

സിബിഐയുടെ തിരുവനന്തപുരം സ്‌പെഷ്യൽ ക്രൈം ബ്രാഞ്ച് യൂണിറ്റ് 2016 നവംബർ 4 നാണ് ഭൂമി തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യപ്പെട്ട 7 കേസുകളിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 5 കേസുകളിൽ തിരുവനന്തപുരം സിജെഎം കോടതിയിലും 2 കേസുകളിൽ തിരുവനന്തപുരം സിബിഐ കോടതിയിലുമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. വിവിധ കാലയളവിൽ ജോലി ചെയ്തിരുന്ന റവന്യൂ ഓഫീസർമാർ, സലിം രാജ്, എം.എ.വാഹിദ് എംഎൽഎയുടെ അടുത്ത ബന്ധുക്കൾ തുടങ്ങിയവരാണ് കേസുകളിൽപ്രതി സ്ഥാനത്തുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP