Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരുണാനിധിയുടെ സംസ്‌ക്കാരം മറീന ബീച്ചിൽ തന്നെ; സംസ്ഥാന സർക്കാർ വാദങ്ങൾ തള്ളി ബീച്ചിൽ അണ്ണാ സമാധിക്ക് സമീപം കലൈഞ്ജർക്ക് അന്ത്യവിശ്രമം ഒരുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി; വിധി സ്വാഗതം ചെയ്ത് ഡിഎംകെ നേതാക്കളും പ്രവർത്തകരും; സംസ്‌ക്കാരം സംബന്ധിച്ച തർക്കങ്ങൾക്ക് അവസാനമായതോടെ വൈകുന്നേരത്തോടെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിക്ക് വിട നല്കും; രാജാജി ഹാളിലെത്തി ദ്രാവിഡ നേതാവിന് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി മോദി

കരുണാനിധിയുടെ സംസ്‌ക്കാരം മറീന ബീച്ചിൽ തന്നെ; സംസ്ഥാന സർക്കാർ വാദങ്ങൾ തള്ളി ബീച്ചിൽ അണ്ണാ സമാധിക്ക് സമീപം കലൈഞ്ജർക്ക് അന്ത്യവിശ്രമം ഒരുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി; വിധി സ്വാഗതം ചെയ്ത് ഡിഎംകെ നേതാക്കളും പ്രവർത്തകരും; സംസ്‌ക്കാരം സംബന്ധിച്ച തർക്കങ്ങൾക്ക് അവസാനമായതോടെ വൈകുന്നേരത്തോടെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിക്ക് വിട നല്കും; രാജാജി ഹാളിലെത്തി ദ്രാവിഡ നേതാവിന് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി മോദി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സംസ്‌ക്കാരം ചെന്നൈ മറീന ബീച്ചിൽ നടത്താമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉന്നയിച്ച എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കലൈഞ്ജർക്ക് അന്ത്യവിശ്രമം കൊള്ളാൻ സ്ഥലം അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ കടുത്ത ജനരോഷം ഇരമ്പുന്നതിന് ഇടെയാണ് പ്രവർത്തകരെ ആവേശത്തിലാക്കിയ വിധി വന്നത്. ഇതോടെ കരുണാനിധിയുടെ അന്ത്യവിശ്രമം സംബന്ധിച്ച തർക്കങ്ങൾക്ക് താൽക്കാലിക അറുതിയായി. മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപത്തായാണ് കരുണാനിധിയെ സംസ്‌ക്കരിക്കുക. മുഖ്യമന്ത്രിയായിരിക്കേ മരിക്കുന്നവർക്ക് മാത്രമേ മറീനയിൽ സംസ്‌ക്കാരത്തിന് അനുമതി നൽകുകയുള്ളൂവെന്ന സർക്കാർ വാദമാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചിൽ നടത്തുന്നതിനെതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കക്ഷികൾ പിൻവലിച്ചതും വിധി അനുകൂലമാകാൻ ഇടയാക്കി. കരുണാനിധിക്ക് മറീനാ ബീച്ചിൽ അന്ത്യവിശ്രമം സ്ഥലം അനുവദിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഹർജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിധി ഡിഎംകെയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.

മറീനാ ബീച്ചിൽ രാഷ്ട്രീയ നേതാക്കളെ സംസ്‌ക്കാരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹർജികളാണ് ഹൈക്കോടതിയിലെത്തിയിരുന്നത്. ഹർജികൾ പിൻവലിച്ചതോടെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവർക്ക് മാത്രമാണ് മറീനാ ബീച്ചിൽ സംസ്‌ക്കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.

സർക്കാറിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മാരായ അരവിന്ദ് പാണ്ഡ്യ, എസ്. ആർ രാജഗോപാൽ എന്നിവരും മുതിർന്ന അഭിഭാഷകനായ സി.എസ് വൈദ്യനാഥനും ഡി.എം.കെക്കുവേണ്ടി ഷണ്മുഖ സുന്ദരം, പി. വിൽസൻ തുടങ്ങിയവരും കോടതിയിൽ ഹാജരായിട്ടുണ്ട്. ജസ്റ്റിസ് എച്ച്. ജി. രമേശാണ് വാദം കേൾക്കുന്നത്. കേസിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ് സർക്കാറിന്. ജയലളിതക്ക് സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ് ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു.

മദ്രാസ് ഹൈക്കോടതി വിധി അനുകൂലമായതോടെ ഡിഎംകെ പ്രവർത്തകരും ആഹ്ലാദത്തിലാണ്. ഇതിനിടെ മറീനാ ബീച്ചിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാജാജി ഹാളിലെത്തിയ പ്രധാമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി നിർമല സീതാരാമനും ഉണ്ടായിരുന്നു. സ്റ്റാലിനെയും കനിമൊഴിയെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. നേരത്തെ മുഖ്യമന്ത്രി പളനിസ്വാമി അടക്കമുള്ളവർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ഇതിനോടകം രാജാജി ഹാളിലെത്തി നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. സൂപ്പർസ്റ്റാർ രജനികാന്തും കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ കലൈഞ്ജർക്ക് ആദരാജ്ഞലി അർപ്പിച്ചു. രാജാജി ഹാളിൽ നിന്നും വൈകിട്ടോടെ കരുണാനിധിയുടെ ഭൗതികദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകും.

നേരത്തെ ഗിണ്ടിയിൽ ഗാന്ധിസ്മാരകത്തോട് ചേർന്ന് രണ്ട് ഏക്കർ സ്ഥലം കരുണാനിധിയുടെ സ്മാരകത്തിനായി അനുവദിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരം തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയോടെ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അസാധുവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP