Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണി കോഴ വാങ്ങിയതിന് തെളിവുണ്ട്; മന്ത്രിയായി തുടരുന്നത് ആശങ്ക ഉണ്ടാക്കും; രാജി വയ്ക്കുന്നത് മനസാക്ഷിക്ക് വിടുന്നു; വിജിലൻസ് ഡയറക്ടർ സ്വന്തം നിഗമനങ്ങൾ അടിച്ചേൽപ്പിച്ചു; മാണിയേയും വിജിലൻസിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതിയും; വിജിലൻസ് കോടതി വിധി പൂർണ്ണമായും ശരിവച്ച് ജസ്റ്റീസ് കമാൽപാക്ഷ

മാണി കോഴ വാങ്ങിയതിന് തെളിവുണ്ട്; മന്ത്രിയായി തുടരുന്നത് ആശങ്ക ഉണ്ടാക്കും; രാജി വയ്ക്കുന്നത് മനസാക്ഷിക്ക് വിടുന്നു; വിജിലൻസ് ഡയറക്ടർ സ്വന്തം നിഗമനങ്ങൾ അടിച്ചേൽപ്പിച്ചു; മാണിയേയും വിജിലൻസിനേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതിയും; വിജിലൻസ്  കോടതി വിധി പൂർണ്ണമായും ശരിവച്ച് ജസ്റ്റീസ് കമാൽപാക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വിജിലൻസ് കോടതി നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി. ധനന്ത്രി കെഎം മാണി കോഴവാങ്ങിയതിന് തെളിവുണ്ട്. ഈ സാഹചര്യത്തിൽ മാണി മന്ത്രിയായി തുടരുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമോ എന്ന കാര്യം മാണിയുടെ മനസാക്ഷി തീരുമാനിക്കട്ടേ എന്നും കോടതി വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിനെതിരെയും രൂക്ഷ വിമർശനമാണ് ഹൈക്കോടതി ജഡ്ജി ബി കമാൽപാക്ഷ നടത്തിയത്. ഡയറക്ടർ സ്വന്തം തീരുമാനം അടിച്ചേൽപ്പിച്ചു, തെളിവുകൾ പരിശോധിക്കാതെ വിൻസൺ എം പോൾ പ്രവർത്തിച്ചു, കേസ് ഡയറി വിളിച്ചു വരുത്തിയ വിജിലൻസ് കോടതി നടപടിയിലും തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു കഴിഞ്ഞു. ബാർ കോഴയിൽ ഹൈക്കോടതി വിധി പ്രസ്താവം തുടരുകയാണ്. ആദ്യ പരാമർശങ്ങൾ മാണിക്കും സർക്കാരിനും തിരിച്ചടിയുമാണ്.

വിജിലൻസ് ഡയറക്ടർക്ക് വലിയ അധികാരങ്ങളുണ്ട്. എന്നാൽ അതിന് അനുസരിച്ച് അല്ല ഈ കേസിൽ വിൻസൺ എം പോൾ പ്രവർത്തിച്ചതെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. സംശയമുണ്ടെങ്കിൽ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് ഉത്തരവിടാമായിരുന്നു. അത് ചെയ്യാത്തതിനും വിമർശനമുണ്ട്. സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാൻ വിജിലൻസ് ഡയറക്ടർ ശ്രമിച്ചുവെന്ന നിഗമനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിജിലൻസ് ഡയറക്ടർക്ക് നടപടി ക്രമങ്ങളിൽ വലിയ വീഴ്ച വരുത്തിയെന്നും നിരീക്ഷണമുണ്ട്.

ബാർ കോഴ കേസിന്റെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ വാദത്തിനിടെയാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇക്കാര്യം പറഞ്ഞത്. വിജിലൻസ് ഡയറക്ടറും വിജിലൻസ് എന്ന അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. കേസിൽ ഇടപെടാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും ബാർ കേസിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടിട്ടില്ല. ഏതെങ്കിലും തരത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളോ ശുപാർശകളോ നൽകിയിട്ടുമില്ല. ബാർ കോഴ കേസിലെ അന്തിമ റിപ്പോർട്ട് തയാറാക്കിയത് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെയാണെന്നും സിബൽ വാദിച്ചു. എന്നാൽ, വിജിലൻസ് കോടതിയുടെ വിധി ചോദ്യം ചെയ്യാൻ സർക്കാരിന് അധികാരമില്ലെന്ന് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഈ വാദങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കോടതിയുടെ പരാമർശങ്ങൾ.

വിജിലൻസ് വകുപ്പ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പന്ത്രണ്ടരയോടെ പൂർത്തിയായിരുന്നു. കോടതിയുടെ ഇന്നത്തെ തീരുമാനം മാണിയുടെ രാഷ്ട്രീയ ഭാവി തന്നെ നിശ്ചയിക്കും. കപിൽ സിബലാണ് വിജിലൻസ് നൽകിയ റിട്ട് ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ ഹാജരായത്. തദ്ദേശതെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം ബാർ കോഴക്കേസാണെന്നുള്ള വിമർശനം ഇപ്പോൾ തന്നെ യുഡിഎഫിനുള്ളിൽ ശക്തമാണ്. കോടതിയുടെ അന്തിമ നിലപാടിനെ ആശ്രയിച്ച് ഇനി മാണിയുടെ കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കും. ഏതായാലും ഇതുവരെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ മാണിക്ക് കനത്ത തിരിച്ചടിയാണ്. വിജിലൻസ് കോടതി നടത്തിയതിന് സമാനമായ നിരീക്ഷണങ്ങൾ ഹൈക്കോടതിയും നടത്തുന്നു. വിൻസൺ എം പോളിന്റെ പ്രവർത്തിയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.

വിധിതന്നെ സ്റ്റേ ചെയ്യണമെന്നായിരുന്നു വിജിലൻസിനുവേണ്ടി ആദ്യ ദിനം ഹാജരായ ഹാജരായ അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം. തുടർന്ന് സ്റ്റേ ചെയ്യേണ്ട തിങ്കളാഴ്ച തന്നെ വാദംകേട്ട് വിധിപറയാമെന്ന് ജസ്റ്റീസ് കമാൽ പാഷയും വ്യക്തമാക്കി. വിജിലൻസ് കോടതിയിൽ കക്ഷിചേർന്ന ആർക്കും കോടതി നോട്ടീസ് അയച്ചില്ല. പക്ഷേ കക്ഷികളിൽ ആർക്കുവേണമെങ്കിലും ഹാജരായി നിലപാട് അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വിഎസിന്റെ അഭിഭാഷകൻ ഉൾപ്പെടെ കോടതിയിൽ എത്തിയത്. ബാർകോഴക്കേസിലെ ഉത്തരവ് വിജിലൻസിന്റെ തുടർപ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചെന്നും ഡയറക്ടർക്കെതിരായ പരാമർശങ്ങൾ നീക്കണമെന്നുമായിരുന്നു വിജിലൻസിന്റെ പ്രധാന ആവശ്യം. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ഡയറക്ടർ തിരുത്തൽ വരുത്തിയതിലെ അപകാത വിജിലൻസ് മാന്വൽ ഉദ്ധരിച്ച് കോടതി വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തിലൂന്നിയായിരിക്കും കോടതിയിലെ പ്രധാനവാദം. പ്രതിപക്ഷത്തിനും സ്വീകാര്യനായ നാഗേശ്വർ റാവുവിനേപോലുള്ള മുതർന്ന അഭിഭാഷകരുടെ അഭിപ്രായം കേട്ടശേഷമാണ് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. വിജിലൻസ് ഡയറക്ടർക്ക് ഇതിനുള്ള അധികാരമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വാദത്തിന്റെ ആദ്യ ദിനം കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഹൈക്കോടതി വിജിലൻസിന്റെ നടപടി ക്രമങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജിലൻസ് മാന്വലിന് വിരുദ്ധമായി വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചു എന്ന് കോടതി പരാമർശിച്ചു. അഡ്വക്കേറ്റ് ജനറൽ വിജിലൻസിനു വേണ്ടി ഹാജരായത് എന്തിനാണെന്നും കോടതി ചോദിച്ചു. കേസ് അന്വേഷണ സമയത്ത് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോൾ വിജിലൻസ് ചട്ടം ലംഘിച്ചെന്നു ഹൈക്കോടതി വിമർശിച്ചു. എന്തുകൊണ്ട് കേസിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയില്ല, പണം എന്തിനു മാണിയുടെ വീട്ടിലേക്കു കൊണ്ടുപോയി എന്നീ കാര്യങ്ങളും ജസ്റ്റിസ് ബി കമാൽപാഷ ആരാഞ്ഞു.

പ്രഥമദൃഷ്ട്യാ ബാർകോഴ കേസിലെ വിജിലൻസ് കോടതി വിധിയിൽ അപകാത ഇല്ലെന്ന് ജസ്റ്റിസ് കമാൽ പാഷ ആദ്യ ദിന വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എസ്‌പിയുടെ റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടർ ഇടപെട്ടത് നിയമവിരുദ്ധമാണ്. അന്വേഷണം ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ തിരുത്തൽ വരുത്തേണ്ട ആവശ്യം ഇല്ലെന്നും കേസ് നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. വിജിലൻസ് കോടതി വിധി വിജിലൻസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നാണ് വിജിലൻസ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാൽ, എങ്ങനെയാണ് കോടതി വിധി വിജിലൻസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി നേരിട്ടാണ് കോടതിയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബലിനെ വാദത്തിനായി ഇന്ന് കൊണ്ടു വന്നത്.

ബാർ കോഴയിലെ മേലധികാരിയുടെ റിപ്പോർട്ട് അംഗീകരിക്കാതെ, ജൂനിയറായ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ശരിവയ്ക്കുന്ന കോടതി തീരുമാനം വിജിലൻസിന്റെ ഭരണ സംവിധാനത്തെ തകർക്കുമെന്നും വിജിലൻസ് വിലയിരുത്തിയിരുന്നു. പ്രത്യേക ഹർജിയിലൂടെ കോടതി വിധി അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിലൂടെ കെ എം മാണിയെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് ഹർജി നൽകിയതോടെ വിമർശനം ഉയർന്നത്. വിജിലൻസ് ഡയറക്ടറുടെ അധികാരത്തെ ചോദ്യം ചെയ്തതു ശരിയല്ല. എസ്‌പി സുകേശന്റെ വസ്തുതാ വിവര റിപ്പോർട്ട് കേസ് ഡയറിയുടെ ഭാഗമല്ല. ഇടക്കാല റിപ്പോർട്ട് മാദ്ധ്യമങ്ങൾക്കു നൽകിയതു ശരിയല്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ബാർകോഴക്കേസിൽ കെ.എം മാണിക്കെതിരെ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് ഡയറക്ടർക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്. രണ്ടു പ്രാവശ്യമായി മാണി കോഴ വാങ്ങിയതിനാണ് തെളിവുള്ളത്. 2014 മാർച്ച് 22നും ഏപ്രിലിൽ രണ്ടിനുമായിരുന്നു കോഴയിടപാടുകളെന്നും കോടതി വ്യക്തമാക്കിയിരുന്നു. 25 ലക്ഷം രൂപ മാണി കൈപ്പറ്റിയതിനാണ് തെളിവുള്ളത്. ആദ്യ പ്രാവശ്യം 15 ലക്ഷം രൂപയും രണ്ടാം പ്രാവശ്യം 10 ലക്ഷം രൂപയുമാണ് വാങ്ങിയത്. പാലായിൽ വച്ച് പണം കൈമാറിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം കോടതി ശരിവച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങളേക്കാൾ വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശങ്ങൾ മാത്രമാണ് അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മാണിക്ക് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന് മേൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം.പോൾ സമ്മർദ്ദം ചെലുത്തിയതായും കോടതി വിലയിരുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP