Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം മജിസ്‌ട്രേറ്റ് ഏഴു മാസത്തിനുള്ളിൽ എഴുതി തള്ളിയത് 1622 കേസുകൾ; മജിസ്‌ട്രേറ്റ് ആർ രാഗേഷിന്റെ നടപടി ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ എല്ലാം കാറ്റിൽ പറത്തി: എഴുതി തള്ളിയവയിൽ പലതും ഗൗരവകരമായ കേസുകൾ: കേസുകളെല്ലാം പുനരന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊല്ലം മജിസ്‌ട്രേറ്റ് ഏഴു മാസത്തിനുള്ളിൽ എഴുതി തള്ളിയത് 1622 കേസുകൾ; മജിസ്‌ട്രേറ്റ് ആർ രാഗേഷിന്റെ നടപടി ഹൈക്കോടതി മാർഗ നിർദ്ദേശങ്ങൾ എല്ലാം കാറ്റിൽ പറത്തി: എഴുതി തള്ളിയവയിൽ പലതും ഗൗരവകരമായ കേസുകൾ: കേസുകളെല്ലാം പുനരന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: അതിവേഗം കേസുകളെല്ലാം എഴുതി തള്ളി കൊല്ലം മജിസ്‌ട്രേറ്റ് നിയമ കുരുക്കിൽ. ഏഴുമാസം കൊണ്ട് 1622 കേസുകൾ അതിവേഗം എഴുതി തള്ളിയ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആർ രാഗേഷാണ് പുലിവാല് പിടിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ എല്ലാം കാറ്റിൽ പറത്തിയുള്ള മജിസ്‌ട്രേറ്റിന്റെ നടപടി ശ്രദ്ധയിൽപ്പെട്ടതോടെ ഹൈക്കോടതി സ്വമേധയാ ഈ കേസുകളിലെല്ലാം തിരുത്തൽ നടപടികൾ ആരംഭിച്ചു.

കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാം കോടതി 2016 ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇത്രയധികം കേസുകൾ എഴുതിത്ത്ത്തള്ളിയത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റിപ്പോർട്ട് ചെയ്തതിൻ പ്രകാരമാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതും കേസുകളിലെല്ലാം പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ റിവിഷൻ ഹർജികൾ രജിസ്റ്റർ ചെയ്തു നടപടി തുടങ്ങി. ഇതിന് പുറമേ മജിസ്‌ട്രേട്ട് ആർ. രാഗേഷിന്റെ സ്ഥാനക്കയറ്റം ഹൈക്കോടതി തടഞ്ഞുവെച്ചു.

ഗൗരവതരമായ കേസുകൾ അടക്കമാണ് കൊല്ലം മജിസ്‌ട്രേറ്റ് എഴുതി തള്ളിയത്. അബ്കാരി നിയമം, ലഹരി മരുന്നു തടയൽ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം 279ാം വകുപ്പ്, മോട്ടോർ വാഹന നിയമം തുടങ്ങിയവ ബാധകമായ കേസുകളാണു മജിസ്‌ട്രേട്ട് തീർപ്പാക്കിയത്. ഇത് ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചല്ലെന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് റിപ്പോർട്ട് ചെയ്തിരുന്നു. കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ മാത്രം വ്യക്തമായ കാരണം രേഖപ്പെടുത്തി എഴുതിത്ത്ത്തള്ളാവൂ തുടങ്ങിയ ഹൈക്കോടതിയുടെ മാർഗ നിർദ്ദേശം ഉള്ളപ്പോഴാണ് കൊല്ലം മജിസ്‌ട്രേറ്റിന്റെ നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ഈ നടപടി.

നിയമവ്യവസ്ഥകൾ മനസിലാക്കാനോ സാധ്യതകൾ പരിശോധിക്കാനോ ശ്രമിക്കാതെ ക്രിമിനൽ നടപടി ചട്ടങ്ങളിലെ 258-ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് കേസ് നടപടി അവസാനിപ്പിച്ചെന്നും പ്രതികളെ കുറ്റവിമുക്തരാക്കിയെന്നും ഹൈക്കോടതി വിജിലൻസ് രജിസ്റ്റ്രാറുടെ അന്വേഷണ റിപ്പോർട്ടിലും പറയുന്നു. 258-ാം വകുപ്പ് പ്രകാരം ക്രിമിനൽ കേസുകളിൽ നടപടി നിർത്തിവയ്ക്കാൻ മജിസ്‌ട്രേട്ടിനെ അധികാരപ്പെടുത്തുന്നു. എന്നാൽ കേസുകൾ ഓരോന്നും പ്രത്യേകം മനസ്സിരുത്തി പഠിച്ചശേഷമേ എഴുതിത്ത്ത്തള്ളുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാവൂവെന്ന് ഈ വകുപ്പ് നിർദ്ദേശിക്കുന്നു. 'ആപ്ലിക്കേഷൻ ഓഫ് മൈൻഡ്' എന്നാണ് ഇതിനെ വിളിക്കാറ്.

പ്രതികൾക്കോ സാക്ഷികൾക്കോ പലതവണ സമൻസ് അയച്ചിട്ടും ഹാജരാവാത്തതിനാൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ മാത്രം വ്യക്തമായ കാരണം രേഖപ്പെടുത്തി എഴുതിത്ത്ത്തള്ളണമെന്നാണു വ്യവസ്ഥ. രണ്ടു വർഷത്തിൽ താഴെ ശിക്ഷ വരാവുന്ന ലഘുകുറ്റകൃത്യങ്ങളാണ് ഈ ഗണത്തിൽപ്പെടുക. അധികം പഴക്കമില്ലാത്ത കേസുകളും എഴുതിത്ത്ത്തള്ളിയെന്നാണു കൊല്ലത്തെ മജിസ്‌ട്രേട്ടിനെതിരെയുള്ള ആരോപണം.

2013ലും 2015ലും ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാണു മജിസ്ട്രേട്ടിന്റെ നടപടിയെന്നും ഇതു നിയമവിരുദ്ധമാണെന്നും 2017 സെപ്റ്റംബർ 18നു ചേർന്ന അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം വിലയിരുത്തി. കൊല്ലം ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ഹൈക്കോടതി വിജിലൻസ് രജിസ്റ്റ്രാറും നൽകിയ റിപ്പോർട്ടുകൾ കമ്മിറ്റി പരിശോധിച്ചു.

അതേസമയം എഴുതി തള്ളിയ കേസുകൾ വീണ്ടും കുത്തിപ്പൊക്കുന്നത് ദുഷ്‌ക്കരമാകും. പ്രതികൾ, സാക്ഷികൾ എന്നിവരെ കണ്ടെത്തുകയും ദുഷ്‌കരമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP