Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിനും പിണറായിക്കും തലവേദനയായി ലാവ്‌ലിൻ കേസിൽ അന്തിമവാദം ഏപ്രിൽ ആദ്യവാരംതന്നെ; സിബിഐയുടെ അപ്പീലിൽ അന്തിമ വാദംകേൾക്കാൻ തീരുമാനിച്ച് സുപ്രീംകോടതി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലാവ്‌ലിനിൽ വാദം തുടങ്ങിയാൽ കോൺഗ്രസിനും ബിജെപിക്കും കയ്യിൽ കിട്ടുക ശക്തമായ പ്രചരണായുധം; വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകാൻ സിപിഎമ്മിനെ രണ്ടു ദശാബ്ദമായി വലയ്ക്കുന്ന 374 കോടിയുടെ അഴിമതിക്കേസ്

സിപിഎമ്മിനും പിണറായിക്കും തലവേദനയായി ലാവ്‌ലിൻ കേസിൽ അന്തിമവാദം ഏപ്രിൽ ആദ്യവാരംതന്നെ; സിബിഐയുടെ അപ്പീലിൽ അന്തിമ വാദംകേൾക്കാൻ തീരുമാനിച്ച് സുപ്രീംകോടതി; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ലാവ്‌ലിനിൽ വാദം തുടങ്ങിയാൽ കോൺഗ്രസിനും ബിജെപിക്കും കയ്യിൽ കിട്ടുക ശക്തമായ പ്രചരണായുധം; വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാകാൻ സിപിഎമ്മിനെ രണ്ടു ദശാബ്ദമായി വലയ്ക്കുന്ന 374 കോടിയുടെ അഴിമതിക്കേസ്

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസിൽ നിർണായക തീരുമാനവുമായി സുപ്രീംകോടതി. കേസ് ഇന്ന് പരിഗണിച്ച കോടതി അന്തിമ വാദത്തിനായി മാറ്റി. ഏപ്രിൽ ആദ്യവാരമോ രണ്ടാം വാരമോ കേസ് അന്തിമ വാദത്തിനായി കോടതി പരിഗണിക്കും. ഇത്തരത്തിൽ കോടതിയിൽ അന്തിമ വാദം ആരംഭിക്കുന്ന്ത് ഏറെക്കുറെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായിരിക്കുമെന്ന് വ്യക്തമായതോടെ വിഷയം കേരള രാഷ്ട്രീയത്തിലും വലിയ ചർച്ചയാകുമെന്നും ഉറപ്പായി.

ഏതായാലും ലാവ്‌ലിൻ കേസിൽ അന്തിമ വാദം കേൾക്കൽ ഏപ്രിലിൽ തുടങ്ങുമ്പോൾ പിണറായി വിജയൻ പ്രതിയാണെന്നുറപ്പിക്കുന്ന വാദങ്ങൾ സിബിഐ സുപ്രീംകോടതിയിൽ അവതരിപ്പിക്കും. ഇത് മാധ്യമങ്ങളിലും വലിയ ചർച്ചയാകുന്ന സാഹചര്യമുണ്ടാകും. ഈ സാഹചര്യത്തിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിക്കും ബിജെപിക്കും ഈ വിഷയം പ്രചരണായുധമാക്കാൻ അവസരം ലഭിക്കുമെന്ന സാഹചര്യമാണ് ഉണ്ടാകുക. കേസിൽ എന്തു വിധി ഉണ്ടാകും എന്നതിലുപരി വാദംകേൾക്കൽ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാകുമോ എന്ന ചോദ്യമാണ് എല്ലാവരും ഉയർത്തിയത്. ഇന്നത്തെ കോടതി തീരുമാനം അതിനാൽ തന്നെ നിർണായകമാണെന്ന വിലയിരുത്തലുകളും വ്ന്നിരുന്നു.

കേസ് ഉണ്ടായ സമയത്ത് വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ സമർപ്പിച്ച അപ്പീലും കേസിൽ കക്ഷി ചേരാൻ വി എം സുധീരൻ നൽകിയ അപേക്ഷയും അടക്കം ഒരു കൂട്ടം ഹർജികൾ ആണ് ഇന്ന് കോടതിയുടെ മുന്നിൽ വന്നത്. ജസ്റ്റിസുമാരായ എൻ.വി രമണ, ശാന്തന ഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. തെളിവില്ലെന്ന് കണ്ട് വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും സിബിഐയുടെ അപ്പീൽ നിലനിൽക്കില്ലെന്നുമാണ് പിണറായി വിജയന്റെ വാദം.

അതേസമയം, എസ്എൻസി ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തിരുവനന്തപുരം സിബിഐ കോടതി കേസ് നടപടി മെയ്‌ നാലിലേക്ക് ഇന്നലെ മാറ്റിയിരുന്നു. കെ.ജി. രാജശേഖരൻ നായർ, ആർ. ശിവദാസ്, എം. കസ്തൂരിരംഗ അയ്യർ എന്നിവരാണു നിലവിലെ പ്രതികൾ. പിണറായി വിജയൻ ഉൾപ്പെടെ മറ്റു പ്രതികളെ സിബിഐ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ശേഷിക്കുന്ന പ്രതികളുടെ വിചാരണയാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ നടക്കേണ്ടത്.

പിണറായി വിജയനെയും മറ്റും ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ടുള്ള കരാറിൽ സംസ്ഥാന സർക്കാരിനു 374 കോടിയുടെ നഷ്ടം ഉണ്ടായെന്ന കേസാണ് വർഷങ്ങൾക്ക് ശേഷവും കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി നിലനിൽക്കുന്നത്.

കഴിഞ്ഞ മാസവും കേസ് സുപ്രീംകോടതിയിൽ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ രംഗത്തെത്തിയിരുന്നു. എന്നാൽ അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമില്ലെന്നു കേസ് തുടക്കത്തിൽ പരിഗണിച്ചപ്പോൾ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പിണറായിക്കു പുറമെ മുൻ ഊർജസെക്രട്ടറി കെ.മോഹനചന്ദ്രൻ. ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെയാണു ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടുപ്രതികളും കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരുമായ ആർ.ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ എന്നിവരാണു കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP