Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശശികലയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 46 അഴിമതിക്കേസുകൾ; ശിക്ഷിക്കപ്പെടുന്നത് നാലാമത്തെ കേസിൽ; വിചാരണകൾ വേഗത്തിൽ ആക്കിയാൽ ജീവിതകാലം മുഴുവൻ അകത്തുകിടക്കാൻ പറ്റിയ കേസുകൾ പുറത്ത്

ശശികലയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 46 അഴിമതിക്കേസുകൾ; ശിക്ഷിക്കപ്പെടുന്നത് നാലാമത്തെ കേസിൽ; വിചാരണകൾ വേഗത്തിൽ ആക്കിയാൽ ജീവിതകാലം മുഴുവൻ അകത്തുകിടക്കാൻ പറ്റിയ കേസുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അഴിമതിക്കേസിൽ എ.ഐ.ഡി.എം.കെ. ജനറൽ സെക്രട്ടറി വി.കെ. ശശികല ശിക്ഷിക്കപ്പെടുന്നത് നാലാംവട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതക്കെതിരായ ശിക്ഷാവിധി അഞ്ചാമത്തേത്. ഇവർക്കെതിരെ ബിജെപി. എംപിയുമായ സുബ്രഹ്മണ്യൻ സ്വാമിയാണ് ചെന്നൈയിൽ ആദ്യ അഴിമതിക്കേസ് ഫയൽ ചെയ്തത്.

പിന്നീടങ്ങോട്ട് ഇരുവർക്കുമെതിരേ കേസുകളുടെ പ്രവാഹമായിരുന്നു. ജയലളിതയ്ക്കും ശശികലയ്ക്കും അവരുടെ ബന്ധുക്കൾക്കും എ.ഐ.എ.ഡി.എം.കെ. മന്ത്രിമാർക്കുമെതിരേ 46 കേസുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ഈ അഴിമതിക്കേസുകളുടെ വിചാരണയ്ക്കായി ചെന്നൈയിൽ മൂന്നു പ്രത്യേക കോടതികൾ തന്നെ രൂപീകരിച്ചു. ഈ കേസുകളിൽ പലതും ഇഴഞ്ഞാണ് നീങ്ങുന്നത്. വിചാരണ വേഗത്തിലായാൽ ഇനിയും കേസുകളിൽ ഉടൻ വിധി വരാം. അങ്ങനെ വന്നാൽ കൂടുതൽ കാലം ശശികലയ്ക്ക് അഴിക്കുള്ളിൽ കിടക്കേണ്ടി വരും. പ്ലസന്റ് സ്റ്റേ ഹോട്ടൽ അഴിമതിക്കേസിൽ 2000 ഫെബ്രുവരി രണ്ടിന് ജയലളിത രണ്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടു.

കൊടൈക്കനാൽ മലയോരത്ത് ചട്ടവിരുദ്ധമായി കെട്ടിട നിർമ്മാണത്തിന് അനുമതിനൽകിയതാണ് ജയയ്ക്കു കുരുക്കായത്. ഈ കേസിൽ ശശികല കൂട്ടുപ്രതിയാക്കപ്പെട്ടില്ല. പക്ഷേ, 2000 ഒക്ടോബറിൽ രണ്ടു താൻസി ഭൂമിയിടപാട് കേസുകളിൽ പ്രത്യേക കോടതി ഇരുവർക്കും രണ്ടും മൂന്നും വർഷം വീതം തടവു വിധിച്ചു. കേസിൽ മദ്രാസ് ഹൈക്കോടതി ഇരുവരെയും വെറുതേവിട്ടെങ്കിലും സംസ്ഥാന ഉടമസ്ഥതയിലുള്ള താൻസി കോർപറേഷനു ഭൂമി തിരിച്ചുനൽകാൻ സുപ്രീം കോടതി വിധി വന്നു. 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2014 ൽ ബംഗളുരു പ്രത്യേക കോടതി ജയലളിക്കും ശശികലയ്ക്കും വി.എൻ. സുധാകരൻ, ജെ. ഇളവരശി എന്നിവർക്കും നാലുവർഷം തടവാണ് ശിക്ഷ വിധിച്ചത്.

900 പേജുള്ള വിധിന്യായത്തിൽ 130 കോടി രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടിരുന്നു. ജയലളിത തന്നെ നൂറുകോടി അടയ്ക്കാനായിരുന്നു ഉത്തരവ്. ബംഗളുരു കോടതിയിൽനിന്നു പരപ്പന അഗ്രഹാര ജയിലിലേക്കു പോയ ജയലളിത 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യത്തിലറിങ്ങിയത്. അതിന് ശേഷം വീണ്ടും മുഖ്യമന്ത്രിയായി. അപ്രതീക്ഷിതമായി മരണമെത്തിയതോടെ ഈ കേസുകളിൽ നിന്നെല്ലാം ജയലളിത രക്ഷപ്പെട്ടു. എന്നാൽ രാഷ്ട്രീയ എതിരാളികൾ കരുത്തരാകുന്നതിനാൽ ശശികലയുടെ തലയ്ക്ക് മുകളിൽ ബാക്കിയുള്ള കേസുകളും ഭീഷണിയായി നിൽക്കുന്നു.

അതിനിടെ ശിക്ഷപ്പെട്ട ശശികലയെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റുന്നതു സംബന്ധിച്ച് ബംഗളുരു പൊലീസ് തമിഴ്‌നാട് ഡി.ജി.പി. രാജേന്ദ്രൻ, ചെന്നൈ പൊലീസ് കമ്മിഷണർ എസ്. ജോർജ് എന്നിവരുമായി ചർച്ച നടത്തി. കർണാടക കോടതിയാണു ശിക്ഷ വിധിച്ചത് എന്നതിനാലാണ് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കു മാറ്റുന്നത്. ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളുരു പൊലീസ്. ശശികല എന്നു കീഴടങ്ങുമെന്നതിനെ കുറിച്ചു വ്യക്തതയില്ല. വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകാൻ സമയം അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ വൈകിട്ടോടെ ശശികല മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തിയിരുന്നു.

ശശികല മടങ്ങിയതിനു പിന്നാലെ പനീർശെൽവവും ജയലളിതയുടെ മരുമകൾ ദീപ ജയകുമാറും അവിടെയെത്തി. താൻ ആരുടെ പക്ഷത്താണെന്നു വൈകാതെ പ്രഖ്യാപിക്കുമെന്നു ദീപ ജയകുമാർ പറഞ്ഞു. ദീപ പനീർശെൽവം പക്ഷത്തോടു ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കു കരുത്തു പകരുന്നതാണ് ഇന്നലത്തെ സന്ദർശനം. ശശികലയ്ക്ക് എതിരായ കോടതി വിധിയെയും ദീപ സ്വാഗതം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP