Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീൻ കൊലപാതകക്കേസ്: എസ്ഡിപിഐ പ്രവർത്തകരായ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും; ശിക്ഷ വിധിച്ചത് കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് കോടതി

യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീൻ കൊലപാതകക്കേസ്: എസ്ഡിപിഐ പ്രവർത്തകരായ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും; ശിക്ഷ വിധിച്ചത് കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് കോടതി

റിയാസ് ആമി അബ്ദുള്ള

കോഴിക്കോട്: വേളം പുത്തലത്തെ എസ്‌കെഎസ്എസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസീറുദ്ദീനെ (22) കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളും എസ്ഡിപിഐ പ്രവർത്തകരുമായ കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു എന്നിവരെ ജീവപര്യന്തം തടവിനും 1,00,500 രൂപ വീതം പിഴ അടയ്ക്കാനും കോഴിക്കോട് ഒന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഇരുവരും ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.

പിഴസംഖ്യയിൽ നിന്ന് 1.75 ലക്ഷം രൂപ കൊല്ലപ്പെട്ട നസീറുദ്ദീന്റെ കുടുംബത്തിനു നൽകാനും ഉത്തരവിട്ടു. കേസിലെ 3 മുതൽ 7 വരെയുള്ള പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു കോടതി 28നു വിട്ടയച്ചിരുന്നു. കേസിലെ ഒന്നാം സാക്ഷിയും കൊല്ലപ്പെട്ട നസീറുദ്ദീന്റെ പിതൃസഹോദര പുത്രനുമായ അബ്ദുൽ റഊഫിന്റെ മൊഴി കേസിൽ നിർണായകമായി. 2016 ജൂലൈ 15നു രാത്രിയാണു നസീറുദ്ദീൻ കൊല്ലപ്പെട്ടത്. നസീറുദ്ദീനും ബന്ധുവായ അബ്ദുൽ റഊഫും ബൈക്കിൽ സഞ്ചരിക്കുമ്പോൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ വേളം പുത്തലത്ത് അനന്തോത്ത് സലഫി മസ്ജിദിനു സമീപം തടഞ്ഞു നിർത്തി നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

കേസിൽ മൂന്നു മുതൽ ഏഴുവരെ പ്രതികളെ അഡീഷണൽ ജില്ലാ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മുസ്ലിം യൂത്ത്‌ലീഗ് പ്രവർത്തകനായിരുന്നു നസിറുദ്ദീൻ. ലീഗുകാർ വലിയ ആളുകളാവുകയാണോ, എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി കപ്പച്ചേരി ബഷീർ നസിറുദ്ദീന്റെ നെഞ്ചിലും മുതുകിലും മറ്റു ഭാഗങ്ങളിലുമായി കത്തികൊണ്ട് കുത്തിയെന്നും കുത്തേറ്റ നസീറുദ്ദീൻ റോഡിൽ കമിഴ്ന്ന് വീണെന്നുമായിരുന്നു പ്രാധാന സാക്ഷി റഊഫ് മൊഴി നൽകിയത്. കേസിൽ കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു, ഒ.ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതിൽ റഫീഖ്, ചമ്പേങ്ങോട്ടുമ്മൽ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവർ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു എന്നിവർക്കെതിരേ കൊലക്കുറ്റവും മൂന്നു മുതൽ ഏഴുവരെയുള്ള പ്രതികൾക്കെതിരേ തെളിവ് നശിപ്പിക്കൽ, പ്രതികൾക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾ ഉപയോഗിച്ച മാരകായുധങ്ങളും ആദ്യ രണ്ട് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞതുമാണ്. റഊഫിന് പുറമെ കൊലപാതകം നടക്കുമ്പോൾ സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ പ്രദേശവാസികളായ ബാലൻ, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നീ സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനാണ് കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP