Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആളൊഴിഞ്ഞ കാവൽപുരയിൽ വിളിച്ചു വരുത്തിയ ഗർഭിണിയായ കാമുകി ഉറങ്ങിയപ്പോൾ കേബിളിൽ ഘടിപ്പിച്ച് ഷോക്കടിപ്പു കൊന്നു; ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ അച്ചനെന്ന് തെളിഞ്ഞതോടെ കൊലപാതകം സ്ഥിരീകരിച്ചു; കൽപ്പറ്റയിലെ ശ്രീജുവിന് ജീവപര്യന്തം വിധിച്ച് കോടതി

ആളൊഴിഞ്ഞ കാവൽപുരയിൽ വിളിച്ചു വരുത്തിയ ഗർഭിണിയായ കാമുകി ഉറങ്ങിയപ്പോൾ കേബിളിൽ ഘടിപ്പിച്ച് ഷോക്കടിപ്പു കൊന്നു; ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ അച്ചനെന്ന് തെളിഞ്ഞതോടെ കൊലപാതകം സ്ഥിരീകരിച്ചു; കൽപ്പറ്റയിലെ ശ്രീജുവിന് ജീവപര്യന്തം വിധിച്ച് കോടതി

കൽപ്പറ്റ: ഗർഭിണിയെ ഷോക്കടിപ്പിച്ചുകൊന്ന കേസിൽ കാമുകന് ജീവപര്യന്തം തടവ് ശിക്ഷ. അംബിക വധക്കേസ് പ്രതി പാക്കം നരിവയൽമുക്ക് കോളനിയിലെ ശ്രീജു(27)വിനെയാണ് വയനാട് ജില്ലാ സെഷൻസ് കോടതി ജഡ്ജി ഡോ. വി. വിജയകുമാർ ശിക്ഷിച്ചത്. കൊല്ലപ്പെടുമ്പോൾ എട്ടുമാസം ഗർഭിണിയായിരുന്നു അംബിക. ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ. പരിശോധനയിൽ, കുഞ്ഞ് പ്രതിയുടേതാണെന്നു തെളിഞ്ഞതും അംബികയെ അവസാനമായി കണ്ടത് പ്രതിയോടൊപ്പമാണെന്ന ബസ് കണ്ടക്ടറുടെ മൊഴിയും പ്രതിക്ക് ശിക്ഷ ഉറപ്പിച്ചു.

സിനിമാകഥയെ വെല്ലുന്ന വിധമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവർ രഹസ്യമായി സംഗമിക്കാറുള്ള ആളൊഴിഞ്ഞ കാവൽപുരയിൽ വച്ച് ശ്രീജു അംബികയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അംബികയെ ഷോക്കടിപ്പിച്ചു കൊല്ലാൻ അലൂമിനിയം കമ്പി, കേബിൾ, മുള എന്നിവ കാവൽപുരയിൽ കരുതിയിരുന്നു. അംബിക ഉറങ്ങിപ്പോയപ്പോൾ ശ്രീജു ഇവരുടെ കാലിൽ അലൂമിനിയം കമ്പി ചുറ്റി കേബിൾ ഇതുമായി ഘടിപ്പിച്ച് തൊട്ടടുത്തു കൂടി കടന്നുപോകുന്ന ത്രീഫേസ് ലൈനിൽ കുരുക്കുകയായിരുന്നു. അംബിക പിടഞ്ഞുമരിച്ചുവെന്ന് ബോധ്യമായശേഷം ലൈനിൽ നിന്ന് മുള ഉപയോഗിച്ച് കേബിൾ മാറ്റി. ഒറ്റക്ക് മൃതദേഹം ചുമന്നുകൊണ്ടുപോയി വനത്തിൽ കുഴിച്ചിടുകയായിരുന്നു.

കൊലപാതകം കഴിഞ്ഞ് പൊലീസ് തന്നെ സംശയിക്കാതിരിക്കാൻ അംബികയുടെ പേരിൽ ശ്രീജു അംബികയുടെ മാതാവിന് അംബികയുടെ പേരിൽ കത്തയച്ചിരുന്നു. തൊട്ടടുത്തുള്ള കോളനിയിലെ ശ്രീജുവിനെതിരേ കേസ് കൊടുക്കരുതെന്നും മകനെ നോക്കാൻ പണമയച്ചുതരാമെന്നും താൻ (അംബിക) കോഴിക്കോട് ജോലി ചെയ്യുകയാണെന്നും തന്നെ അന്വേഷിച്ചുവരേണ്ടെന്നും മോനെ നന്നായി നോക്കണമെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്. ഇതിനിടെ അംബികയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ശ്രീജുവിനെ പുൽപ്പള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അതിനിടെ ശ്രീജുവിനെ വിടണമെന്നും താൻ രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലെത്തിക്കോളാമെന്നും പറഞ്ഞ് അംബികയെന്നപേരിൽ പൊലീസ് സ്‌റ്റേഷനിലേക്ക് ഒരു ഫോൺസന്ദേശം വന്നിരുന്നു. ഇതിനു പിന്നിലും ശ്രീജുവായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. പക്ഷേ ഡിഎൻഎ പരിശോധനാ ഫലം എല്ലാം മാറ്റി മറിച്ചു.

അങ്ങനെ കോടതിയുടെ ജീവപര്യന്ത ശിക്ഷയെത്തി. 302 വകുപ്പു പ്രകാരം ജീവപര്യന്തം തടവിനു പുറമെ 25000 രൂപ പിഴയടക്കുകയും വേണം. 201ാം വകുപ്പു പ്രകാരം നാലുവർഷം കഠിന തടവ്, 15000 രൂപ പിഴ, വൈദ്യുതാഘാത മേൽപ്പിച്ചു കൊലപ്പെടുത്തിയതിന് വൈദ്യുത നിയമലംഘനത്തിന് മൂന്നു വർഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴ സംഖ്യ ഈടാക്കിയാൽ അംബികയുടെ മകന് നൽകണം. മകന്റെ പുനരധിവാസം ഉറപ്പുവരുത്താൻ വയനാട് ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. പുൽപ്പള്ളി പഞ്ചായത്തിലെ പാക്കം നരിവയൽമുക്ക് കോളനിയിലെ അംബിക(20)യാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രായവും പട്ടികവർഗ്ഗക്കാരനാണെന്ന കാര്യവും പരിഗണിച്ച് വധ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം നിരാകരിച്ച് ശിക്ഷ ജീവപര്യന്തമാക്കുകയായിരുന്നു.

അംബികയുടെ മൃതദേഹം 2014 ഓഗസ്റ്റ് 10ന് ഉച്ചയോടെയാണ് കോളനിക്ക് സമീപത്തെ വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. അംബിക അയൽവാസിയായ ശ്രീജുവുമായി പ്രണയത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കുമെന്നു അംബിക മാതാവ് ബിന്ദുവിനോട് പറഞ്ഞിരുന്നു. അംബികയെ കാണാതായതിനെ തുടർന്ന് ബിന്ദു പുൽപ്പള്ളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ശ്രീജുവിനെ അറസ്റ്റ് ചെയ്തത്. അംബിക വിവാഹിതയും മൂന്നുവയസുള്ള ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. ഭർത്താവുമായി പിണങ്ങി മൂന്നുവർഷത്തോളമായി സ്വന്തം വീട്ടിലായിരുന്നു അംബിക താമസിച്ചിരുന്നത്. രണ്ടുവർഷത്തോളമായി അടുത്തുള്ള കോളനിയിലെ ശ്രീജുവുമായി അംബിക പ്രണയത്തിലായിരുന്നും ഇവർ ഒൻപതുമാസം ഗർഭിണിയായിരുന്നു.

ഗർഭിണിയായ വിവരം ആദ്യം അംബിക തന്നെ അറിയിക്കാതിരുന്നതിൽ ഇവരോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP