Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിക്കു ജീവപര്യന്തം കഠിനതടവ്; വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം അധികതടവും 4.45 ലക്ഷം രൂപ പിഴയും; മോഷണമുതലിൽ നിന്നുള്ള നഷ്ടപരിഹാരം വേണ്ടെന്ന വാദം കോടതി അംഗീകരിച്ചു; വിധി റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളെ കോടതിക്കുള്ളിൽ കയറ്റാതെ അഭിഭാഷകരും

പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിക്കു ജീവപര്യന്തം കഠിനതടവ്; വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം അധികതടവും 4.45 ലക്ഷം രൂപ പിഴയും; മോഷണമുതലിൽ നിന്നുള്ള നഷ്ടപരിഹാരം വേണ്ടെന്ന വാദം കോടതി അംഗീകരിച്ചു; വിധി റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളെ കോടതിക്കുള്ളിൽ കയറ്റാതെ അഭിഭാഷകരും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പൊലീസ് ഡ്രൈവർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിൽ ആട് ആന്റണിക്കു ജീവപര്യന്തം കഠിനതടവു വിധിച്ചു. ജീവപര്യന്തം കഠിന തടവ്. കൂടാതെ മറ്റ് കുറ്റകൃത്യങ്ങളിലായി പത്തു വർഷവും അഞ്ചു വർഷവും തടവുശിക്ഷ അനുഭവിക്കണം. കൂടാതെ 4.45 ലക്ഷം രൂപ പിഴയായും നൽകണം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. വാർത്ത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു കോടതിക്കു പുറത്തുനിന്നാണ്. ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നതിനെ തുടർന്നാണു കോടതിക്കു പുറത്തുനിന്നു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കൊലപാതകം, കൊലപാത ശ്രമം, വ്യാജ രേഖ ചമയ്ക്കൽ, വ്യാജരേഖ അസൽ രേഖയാണെന്ന് വ്യാജേന ഹാജരാക്കൽ, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചു പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ആട് ആന്റണി നടത്തിയതായി കോടതി കണ്ടെത്തിയത്. ഓരോ കുറ്റങ്ങൾക്കും പ്രത്യേകമായാണ് ശിക്ഷ നൽകിയത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും എഎസ്ഐ ജോയിലെ ആക്രിമിച്ചതിന് കൊലപാതക ശ്രമത്തിന് പത്തു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും നൽകണം. മറ്റു കുറ്റകൃത്യങ്ങൾക്ക് അഞ്ചു വർഷം തടവും അനുഭവിക്കണം.

ആട് ആന്റണിയുടേത് മോഷണ മുതലാണെന്നും അതിനാൽ ആ പണം തങ്ങൾക്ക് വേണ്ടെന്നും മണിയൻ പിള്ളയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. തുടർന്ന് സർക്കാരിൽ നിന്നുള്ള നഷ്ടപരിഹാരം കുടുംബത്തിന് ലഭ്യമാക്കാൻ പ്രേസിക്യൂഷൻ കോടതിയിൽ വാദിച്ചു. രണ്ട് ലക്ഷം രൂപ സർക്കാർ മണിയൻ പിള്ളയുടെ കുടുംബത്തിന് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജീവപര്യന്തം തടവിന് പുറമെ മറ്റ് വിവിധ വകുപ്പുകളിലായി 15 വർഷത്തെ തടവും പ്രത്യേകമായി ആട് ആന്റണിക്ക് കോടതി വിധിച്ചതോടെ 25 വർഷത്തെ തടവ് ശിക്ഷ ഇയാൾ അനുഭവിക്കേണ്ടി വരും.

ജൂലൈ 20നാണ് കേസിൽ ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 22ന് ശിക്ഷ വിധിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ശിക്ഷവിധിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ആട് ആന്റണിക്ക് പരമാവധി ശിക്ഷ നൽകണമെന്നും മണിയൻപിള്ളയുടെ കുടുംബത്തിനു സർക്കാർ ധനസഹായം ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. അതിനിടെയാണ്, ആട് ആന്റണിയുടെ ധനസഹായം വേണ്ടെന്ന് മണിയൻപിള്ളയുടെ കുടുംബം അറിയിച്ചത്. ആന്റണിയുടെ കയ്യിലുള്ളത് കളവു മുതലാണെന്നും അതു തങ്ങൾക്കു വേണ്ടെന്നും കുടുംബം വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് നഷ്ടപരിഹാരം സർക്കാരിനോട് നൽകാൻ ആവശ്യപ്പെട്ടത്.

ശിക്ഷാവിധി റിപ്പോർട്ട് ചെയ്യാൻ കോടതിക്കുള്ളിലേക്ക് മാദ്ധ്യമ പ്രവർത്തകരെ കയറ്റി വിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നേരിയ സംഘർഷം കോടതി വളപ്പിലുണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകർ കോടതി വളപ്പിനകത്തു പ്രവേശിച്ചാൽ തടയുമെന്നും അഭിഭാഷകർ ജഡ്ജിയെ അറിയിച്ചു. ഇതോടെ പൊലീസ് മാദ്ധ്യമ പ്രവർത്തകരോട് കോടതിയിൽ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസുകാർ കോടതിയിലെത്തി. ഇത് ചെറിയ സംഘർഷവുമുണ്ടാക്കി.

കേസിൽ ആട് ആന്റണി കുറ്റക്കാരനാണെന്നു പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വധശ്രമം, സർക്കാർ ഉദ്യോഗസ്ഥനെ പരുക്കേൽപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ സത്യസന്ധമെന്ന നിലയിൽ ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പൂർണമായും കോടതി അംഗീകരിച്ചു. കൊലപാതകം നടക്കുമ്പോൾ ആന്റണി കേരളത്തിൽ ഇല്ലായിരുന്നുവെന്നും പൊലീസുകാർ കള്ളക്കേസിൽ കുടുക്കിയതാണെന്നുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ മാസം 14ന് തുടങ്ങിയ വിചാരണനടപടികൾ ഈമാസം 18നാണ് പൂർത്തിയായത്.

2012 ജൂൺ 26നാണ് മണിയൻപിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. മൂന്നര വർഷം കഴിഞ്ഞ് പാലക്കാട് വച്ച് പിടിയിലായി. ആട് ആന്റണിയുടെ പേരിലുള്ള മറ്റ് കേസുകളുടെ വിചാരണയും ഉടൻ ആരംഭിക്കും. രാത്രിപരിശോധനയ്ക്കിടെ പാരിപ്പള്ളി - കുളമട റോഡിലെ ജവാഹർ ജംക്ഷനു സമീപം ആണു പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ പൂയപ്പള്ളി കൊട്ടറ കൈതറ പൊയ്കയിൽ മണിയൻ പിള്ള (48) കുത്തേറ്റു മരിച്ചത്. ജംക്ഷനു സമീപത്തെ കംപ്യൂട്ടർ സ്ഥാപനത്തിൽ കവർച്ച നടത്താൻ വാൻ റോഡരികിലിട്ടു കാത്തുനിൽക്കുകയായിരുന്നു ആന്റണി. ഈ സമയം ജീപ്പിൽ വന്ന ജോയിയും മണിയൻ പിള്ളയും സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട പ്രതിയെ ചോദ്യം ചെയ്യാനാണു കസ്റ്റഡിയിലെടുത്തത്. പിൻസീറ്റിലിരുന്ന ആന്റണി കൈവശം കരുതിയ കത്തി ഉപയോഗിച്ചാണു മണിയൻ പിള്ളയുടെ നെഞ്ചിൽ കുത്തിയത്.

ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ പൂയപ്പള്ളി ചെങ്കുളം പനവിള വീട്ടിൽ ജോയി വയറ്റത്തു കുത്തേറ്റ് ആറുമാസം ചികിൽസയിൽ കഴിഞ്ഞു. ആക്രമണത്തിനു ശേഷം വാനിൽ വർക്കല ഭാഗത്തേക്കു കടന്ന പ്രതി മൂന്നു കൊല്ലത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്നു. നീണ്ടകാലത്തെ തിരച്ചിലിനൊടുവിൽ പാലക്കാട് ഗോപാലപുരത്തുനിന്നു 2015 ഒക്ടോബർ 13നു ചിറ്റൂർ പൊലീസാണു പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP