Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനക്കേസിൽ അറസ്റ്റിലായ എം വിൻസന്റ് എംഎൽഎ റിമാൻഡിൽ; കോടതിയിൽ ഹാജരാക്കിയ കോവളം എംഎൽഎയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചില്ല; ജനപ്രതിനിധിയെ പാർപ്പിക്കുന്നത് നെയ്യാറ്റിൻകര സബ്ജയിലിൽ; കോടതി പരിസരത്ത് സംഘർഷം

പീഡനക്കേസിൽ അറസ്റ്റിലായ എം വിൻസന്റ് എംഎൽഎ റിമാൻഡിൽ; കോടതിയിൽ ഹാജരാക്കിയ കോവളം എംഎൽഎയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചില്ല; ജനപ്രതിനിധിയെ പാർപ്പിക്കുന്നത് നെയ്യാറ്റിൻകര സബ്ജയിലിൽ; കോടതി പരിസരത്ത് സംഘർഷം

തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസന്റ് എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര കോടതിയാണ് വിൻസന്റിനെ റിമാൻഡ് ചെയ്തത്. ഇതേത്തുടർന്ന് നെയ്യാറ്റിൻകര സബ് ജയിലിലേക്ക് വിൻസെന്റിനെ കൊണ്ടുപോയി. കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടില്ല. നാളെ കോടതി അവധിയായതിനാൽ എംഎൽഎയ്ക്ക് ജാമ്യാപേക്ഷ ഇനി തിങ്കളാഴ്ചയേ സമർപ്പിക്കാനാവൂ.

വീട്ടമ്മയുടെ ലൈംഗിക ആരോപണ പരാതിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോവളം എംഎൽഎയായ വിൻസന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ നെയ്യാറ്റിൻകര കോടതിയിൽ വിൻസന്റിനെ എത്തിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.

കോവളത്തും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. താൻ നിരപരാധിയാണെന്നും നിയമപോരാട്ടം നടത്തുമെന്നും രാജിവയ്ക്കില്ലെന്നുമാണ് വിൻസന്റ് അറസ്റ്റിന് ശേഷം പ്രതികരിച്ചത്. അതേസമയം രാജിക്കാര്യത്തിൽ കോൺഗ്രസ്സിൽ ചർച്ച തുടരുകയാണെന്നാണ് വിവരം.

കൊല്ലത്തെ വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് വിൻസന്റ് എംഎൽഎയ്ക്ക എതിരെ പീഡനാരോപണം ഉയർന്നത്. എം വിൻസന്റ് എംഎൽഎയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാബീഗം കഴിഞ്ഞ ദിവസം സ്പീക്കർക്ക് കത്തുനൽകിയിരുന്നു. എന്നാൽ അനുമതി ആവശ്യമില്ലെന്ന സ്പീക്കറുടെ മറുപടിയെ തുടർന്നാണ് തിരുവനന്തപുരം പൊലീസിന്റെ നേതൃത്വത്തിൽ എംഎൽഎയെ ചോദ്യം ചെയ്തത്.

ആദ്യം എംഎൽഎ ഹോസ്റ്റലിൽ ചോദ്യംചെയ്യൽ കഴിഞ്ഞ ശേഷം പൊലീസ് ക്ളബ്ബിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് നാലുമണിയോടെ പൊലീസ് ക്ളബ്ബിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പന്ത്രണ്ടരയോടെ തുടങ്ങിയ ചോദ്യംചെയ്യൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു.

ജാമ്യ നടപടികൾ തിങ്കളാഴ്ചയേ പുരോഗമിക്കൂ എന്നാണ് അറിയുന്നത്. പൊലീസ് ക്ളബ്ബിൽ നിന്ന് വിൻസന്റിനെ പിന്നീട് പൊലീസ് വാഹനത്തിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് മാറ്റുകയും ഇതിന് പിന്നാലെ നെയ്യാറ്റിൻകരയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

പരാതിയിൽ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ എം.വിൻസെന്റിനെ എംഎൽഎ ഹോസ്റ്റലിൽ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. മാനഭംഗം, സ്ത്രീകൾക്കെതിരായ അക്രമം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ചോദ്യം ചെയ്യലിനിടെ എം.വിൻസന്റ് അഭിഭാഷകൻ മുഖേന തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP