Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രയിൽ വീണ്ടും ഡാൻസ് ബാറുകൾ തുറക്കും; ഫഡ്‌നാവീസ് സർക്കാരിന്റെ നിരോധന നിയമം സുപ്രീംകോടതി മരവിപ്പിച്ചു

മഹാരാഷ്ട്രയിൽ വീണ്ടും ഡാൻസ് ബാറുകൾ തുറക്കും; ഫഡ്‌നാവീസ് സർക്കാരിന്റെ നിരോധന നിയമം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഡാൻസ് ബാറുകൾക്ക് ഏർപ്പെടുത്തിയ നിരോധനം സുപ്രീം കോടതി മരവിപ്പിച്ചു. 2014ലാണ് ഡാൻസ് ബാറുകൾ നിരോധിച്ച് മഹാരാഷ്ട്ര നിയമസഭയിൽ നിയമം പാസാക്കിയത്. അസഭ്യതയില്ലെന്നു ഉറപ്പുവരുത്താൻ സർക്കാരിന് അവകാശമുണ്ടെന്നാണ് സംസ്ഥാനം വാദിച്ചത്. കേസ് അടുത്തമാസം അഞ്ചിനു വീണ്ടും സുപ്രീംകോടതി പരിഗണിക്കും. എന്നാൽ സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കണമെന്നും സംസ്ഥാന പൊലീസ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

സമാനമായ നിയമം നേരത്തെയും സുപ്രീംകോടതി റദ്ദാക്കിയതായിരുന്നുവെന്നു വിധി പ്രസ്താവിച്ച ദീപക്ക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നീ ജഡ്ജിമാരുടെ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ. 2009ലെ നിയമവും ഭരണഘടനാവിരുദ്ധമെന്നു കാട്ടി സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് 2014ൽ സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. വേശ്യാവൃത്തിയെ പ്രേരിപ്പിക്കുന്ന സ്ഥലങ്ങളാണിവയെന്നാണ് മഹരാഷ്ട്രാ സർക്കാർ നിലപാട്. റസ്റ്റൊറന്റ് ഉടമകളാണ് സംസ്ഥാന സർക്കാർ പാസാക്കിയ നിയമത്തെ എതിർത്ത് കോടതിയിലെത്തിയത്. കോടതി തങ്ങളുടെ ആവശ്യം അംഗീകരിച്ചെന്നും അസഭ്യതയുണ്ടാകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പ്രസെൻജിത് കേശ്‌വാനി പറഞ്ഞു.

എന്നാൽ ഇതു ഇടക്കാല നിർദേശമാണ്. നിർദ്ദേശം നിലനിൽക്കും വിധിപ്രസ്താവം വായിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. നിരോധനത്തെയാണ് സർക്കാർ പിന്തുണയ്ക്കുന്നതെന്നും ആവശ്യം സുപ്രീം കോടതിയെ അറിയിക്കുമെന്നും ഫഡ്‌നാവിസ് പിന്നീട് ട്വിറ്ററിൽ അറിയിച്ചു. 2014ൽ ഡാൻസ് ബാറുകൾ നിരോധിച്ച നിയമസഭാ തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. 2005ലും നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചില ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ നൃത്ത പരിപാടികളെ അന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയെ തുടർന്ന് 2013ൽ ഡാൻസ് ബാറുകൾ തുറന്നു പ്രവർത്തിക്കാൻ സുപ്രീം കോടതി അനുമതി നൽകി. ഇതേത്തുടർന്ന് 2014ൽ മഹാരാഷ്ട്ര നിയമസഭ ഡാൻസ് ബാറുകളെ നിരോധിച്ചു നിയമം പാസാക്കുകയായിരുന്നു.

ബാറുകളിലെ നൃത്തം തൊഴിലാക്കിയ യുവതികളെ പുനരധിവസിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പാഴായെന്നും സുപ്രീംകോടതി ഇടക്കാല വിധി ആശ്വാസകരമാണെന്നും ബാർ ഡാൻസ് അസോസിയേഷൻ അംഗം മൻജീത് സിങ് സേത്തി പറഞ്ഞു. 700 കേന്ദ്രങ്ങളിലായി 75,000ൽ പരം വനിതകൾക്ക് തൊഴിൽ നൽകിയിരുന്നവയായിരുന്നു ഡാൻസ് ബാറുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP