Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിന്റെ കാമുകി രണ്ടാമതും ഗർഭിണിയായപ്പോൾ കൊലപ്പെടുത്താൻ ഉറച്ചു; ഭർത്താവിനെ കൊല്ലാൻ കൊലയാളിയെ പുതുപ്പിച്ച് പിൻസീറ്റിൽ കിടത്തി കാറോടിച്ച് കൊണ്ട് പോയതും ഭാര്യ! ഒരു വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കി കോടതി ജസീന്ത കുറ്റക്കാരിയെന്ന് കണ്ടെത്തി; ജീവപര്യന്തമോ വധശിക്ഷയോ എന്ന് ഇന്നറിയാം

ഭർത്താവിന്റെ കാമുകി രണ്ടാമതും ഗർഭിണിയായപ്പോൾ കൊലപ്പെടുത്താൻ ഉറച്ചു; ഭർത്താവിനെ കൊല്ലാൻ കൊലയാളിയെ പുതുപ്പിച്ച് പിൻസീറ്റിൽ കിടത്തി കാറോടിച്ച് കൊണ്ട് പോയതും ഭാര്യ! ഒരു വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കി കോടതി ജസീന്ത കുറ്റക്കാരിയെന്ന് കണ്ടെത്തി; ജീവപര്യന്തമോ വധശിക്ഷയോ എന്ന് ഇന്നറിയാം

മഞ്ചേരി: വളാഞ്ചേരിയിൽ പാചകവാതക ഏജൻസി ഉടമ വിനോദ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കുടുംബസുഹൃത്തും കുറ്റക്കാരാണെന്ന് ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. എളംകുളം വെട്ടിച്ചിറ പന്തനാനിക്കൽ ജസീന്താജോർജ് (ജ്യോതി63), എറണാകുളം എളമക്കര മാമംഗലം ക്രോസ് റോഡിൽ നമ്പ്രത്ത് മുഹമ്മദ് യൂസഫ് (സജീദ്51) എന്നിവർക്കെതിരെയുള്ള കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. ജഡ്ജി എം.ആർ. അനിത ഇന്ന് ശിക്ഷവിധിക്കും. പ്രതികളുടെമേൽ ചുമത്തിയിരുന്ന കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിർണായകമായി. കേസിൽ 76 സാക്ഷികളിൽ 52 പേരെ പ്രോസിക്യൂട്ടർ അനസ് വരിക്കോടൻ വിസ്തരിച്ചു. 33 തൊണ്ടിമുതലുകളും 76 രേഖകളും ഹാജരാക്കി.

2015 ഒക്ടോബർ എട്ടിനാണ് എറണാകുളം എളമക്കര കുറ്റിക്കാട്ട് വൈഷ്ണവത്തിൽ വിനോദ്കുമാറിനെ (54) വെണ്ടല്ലൂരിലെ വാടകവീട്ടിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ ജസീന്തയെ കഴുത്തിനു മുറിവേറ്റനിലയിലും കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ജസീന്തയിലേക്ക് അന്വേഷണം എത്തിച്ചത്. വിനോദ്കുമാറിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്നറിഞ്ഞ ജസീന്ത സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ഭീതിയിൽ സുഹൃത്ത് മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഉറങ്ങുകയായിരുന്ന വിനോദിനെ പുലർച്ചെ യൂസഫ് വെട്ടിപ്പരിക്കേല്പിച്ചു. മരിച്ചെന്നുകരുതി ഇരുവരും പുറത്തിറങ്ങിയപ്പോൾ വിനോദ് ആരെയോ ഫോണിൽവിളിക്കുന്ന ശബ്ദംകേട്ട് തിരിച്ചുചെന്ന് പിന്നെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 99 മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. കവർച്ചയ്ക്കിടെയുള്ള കൊലപാതമെന്നരീതിയിൽ കേസ് വഴിതിരിച്ചുവിടാനാണ് ജസീന്തയെയും മുറിവേൽപ്പിച്ചത്. മരണത്തിന് തൊട്ടുമുമ്പ് വിനോദ്കുമാർ ഫോണിൽവിളിച്ച ഗ്യാസ് ഏജൻസിയിലെ ജീവനക്കാരന്റെ മൊഴിയും കേസിൽ പ്രധാനമായി. നാലുമാസത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശംനൽകിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജസീന്തയ്ക്ക് ഇറ്റാലിയൻ പൗരത്വവുമുണ്ട്.

വിനോദിന്റെ കുടുംബ സുഹൃത്താണ് പ്രതി യൂസഫ്. ഇരുവരും ചേർന്ന് ഏതാനും മാസം
മുൻപാണ് വിനോദിനെ വകവരുത്താൻ പദ്ധതിയിട്ടത്. രണ്ടുമാസം മുൻപ് വിനോദിനെ സയനൈഡ് നൽകി കൊല്ലാൻ യൂസഫിനെ നിയോഗിച്ചെങ്കിലും സയനൈഡ് ലഭിക്കാത്തതിനാൽ ആ ശ്രമം പാളി. ജ്യോതിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് കേസ് തെളിയിച്ചത്. കൊല്ലപ്പെട്ട വിനോദ് കൊച്ചി ജോമർ ഫ്‌ലാറ്റ് തട്ടിപ്പുക്കേസിലെ പ്രതിയുമാണ്. കൊലപാതകം നടത്തുകയാണെങ്കിൽ യൂസഫിന് കൊച്ചിയിലെ ഫ്ളാറ്റ് നൽകാമെന്ന് ജ്യോതി വാഗ്ദാനം ചെയ്തിരുന്നു. കൊലപാതകം നടന്നതറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ആദ്യഘട്ടത്തിൽ തന്നെ ജ്യോതിയെ സംശയമുണ്ടായിരുന്നു. സാരമായി പരുക്കേൽക്കാത്ത ജ്യോതി രാവിലെ ഒൻപതരവരെ പുറത്തിറങ്ങി ബഹളം വച്ചില്ലെന്നതു പൊലീസിന്റെ സംശയം വർധിപ്പിച്ചു. യൂസഫിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് ജ്യോതിയുടെ ഫോണിൽനിന്നാണ്. വിനോദ്കുമാറിനെ കൊല്ലണം എന്ന് തീരുമാനിച്ചശേഷം യൂസഫിനെ വിളിക്കാനായി ജ്യോതി പ്രത്യേകമായി ഒരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോൺ നമ്പർ ജ്യോതിയുടെ മറ്റൊരു ഫോണിൽനിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. ഇരുവരും ഉപയോഗിച്ചിരുന്ന സ്വകാര്യ ഫോണുകൾ കൃത്യത്തിനു ശേഷം നശിപ്പിച്ചുകളയണം എന്ന ജ്യോതിയുടെ നിർദ്ദേശത്തെ തുടർന്നാണ് യൂസഫ് കാറിലുണ്ടായിരുന്ന ഫോൺ എറണാകുളത്തേക്ക് കൊണ്ടുപോയത്.

വർഷങ്ങൾക്ക് മുമ്പ് ഇറ്റലിയിൽ വച്ച് പരിചയപ്പെട്ട ജ്യോതിയും വിനോദും നാട്ടിലെത്തി ഒരുമിച്ച് താമസമാരംഭിച്ചെങ്കിലും വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. ഇറ്റാലിയൻ പൗരത്വമുള്ള നഴ്‌സായ ജ്യോതി അവിടേക്ക് പോകുമ്പോൾ എറണാകുളത്തെ ഫ്ളാറ്റിൽ വിനോദ്കുമാർ കുണ്ടറ സ്വദേശിനിയുമായി എത്തിയിരുന്നു. വിനോദ്കുമാറിന് കുണ്ടറ സ്വദേശിനിയുമായുള്ള ബന്ധവും ഇവരിൽ ഒരു കുഞ്ഞുള്ളതും രണ്ടു വർഷം മുമ്പ് ജ്യോതി അറിഞ്ഞു. ഇവരെ ഒഴിവാക്കാൻ നിരവധി തവണ ജ്യോതി ആവശ്യപ്പെട്ടെങ്കിലും വിനോദ് തയ്യാറായില്ല. കുണ്ടറ സ്വദേശിനിയുമായുള്ള ബന്ധം ജ്യോതിയോട് പറഞ്ഞത് ഫ്ളാറ്റിലെ തന്നെ താമസക്കാരനായ മുഹമ്മദ് യൂസഫ് ആണെന്ന് വിനോദ് മനസിലാക്കി. യൂസഫിനെ കുടുംബവുമായി അകറ്റാൻ ജ്യോതിയുടെ ലോക്കറിലുണ്ടായിരുന്ന 30 പവന്റെ ആഭരണങ്ങൾ വിനോദ് എടുത്തുമാറ്റിയ ശേഷം ഇത് യൂസഫ് എടുത്തതാണെന്ന് ജ്യോതിയെ വിശ്വസിപ്പിച്ചു. യൂസഫിന്റെ മകന്റെ വിവാഹം പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് മുടക്കി. ഇത് യൂസഫിന് വിനോദിനോട് വൈരാഗ്യത്തിന് കാരണമായി. ഏതാനും മാസങ്ങൾക്ക് മുമ്പ്, ലോക്കറിൽ നിന്നു നഷ്ടപ്പെട്ട 30 പവൻ ആഭരണങ്ങൾ വിറ്റ് വിനോദ് ഇരിമ്പിളിയത്ത് സ്ഥലം വാങ്ങിയത് ജ്യോതി അറിഞ്ഞു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി.

ഏതാനും മാസം മുമ്പ് തന്നെ മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ വിനോദിനെ കൊല്ലാൻ ജ്യോതി തീരുമാനിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ജ്യോതി പലപ്പോഴായി യൂസഫിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. കൊന്നാൽ നല്ലൊരു തുക തരാമെന്ന് വാഗ്&്വംിഷ;ദാനവും ചെയ്തു. മുഹമ്മദ് യൂസഫ് എറണാകുളത്തുനിന്നു ബസിൽ വ്യാഴാഴ്ച രാത്രി ഏഴേകാലോടെ വളാഞ്ചേരിയിലെത്തി ജ്യോതിയെ വിളിച്ചു. മീമ്പാറയിലെ ഹൈപ്പർ മാർക്കറ്റിന് സമീപം നിൽക്കാൻ യൂസഫിനോട് ജ്യോതി ആവശ്യപ്പെട്ടു. യൂസഫ് ഇവിടേക്ക് ഓട്ടോറിക്ഷയിലെത്തി. കാറുമായി വന്ന ജ്യോതി യൂസഫിനെ പിൻസീറ്റിൽ കിടത്തി പുതപ്പിട്ട് മൂടി വീട്ടിലെത്തിച്ച് ഒന്നാം നിലയിലെ മുറിയിലാക്കി.

പത്തരയോടെ വിനോദെത്തി കുളികഴിഞ്ഞ് കിടന്നയുടനെ ഉറങ്ങി. പന്ത്രണ്ടരയോടെ താഴത്തെ കിടപ്പുമുറിയിലേക്ക് കയറിച്ചെന്ന യൂസഫ് വിനോദിനെ വെട്ടിപരിക്കേൽപ്പിച്ചു. വിനോദ് മരിച്ചെന്ന് കരുതി ജ്യോതിയും യൂസഫും ഡൈനിങ് ഹാളിലിരുന്ന് സംസാരിച്ചു. ഒരു മണിയോടെ കിടപ്പുമുറിയിൽ നിന്നു സംസാരംകേട്ട് നോക്കുമ്പോൾ വിനോദ് ആർക്കോ ഫോൺ ചെയ്യുന്നതാണ് കണ്ടത്. തുടർന്ന് യൂസഫ് വെട്ടുകത്തിയെടുത്ത് വിനോദിനെ തുരുതുരാ വെട്ടി മരണം ഉറപ്പാക്കി. വിനോദ് ഫോണിൽ വിളിച്ചത് ഗ്യാസ് ഏജൻസിയിലെ സ്റ്റാഫിനെ ആയിരുന്നു. തുടർന്ന് ജ്യോതി യൂസഫിന് അന്നത്തെ ഗ്യാസ് ഏജൻസി കളക്ഷനായ 3,40,000 രൂപയും രക്ഷപ്പെടാൻ ഇന്നോവ കാറും നൽകി. തെളിവുകൾ നശിപ്പിക്കാനായി, തന്റെ മൂന്ന് മൊബൈൽ ഫോണുകൾ വഴിയിൽ ഉപേക്ഷിക്കാൻ കൊടുത്തു. പോകുംമുമ്പ് തന്റെ കൈകൾ കെട്ടിയിട്ട് വായിൽ തുണി തിരുകി പരിക്കേൽപ്പിക്കാൻ ജ്യോതി ആവശ്യപ്പെട്ടു. യൂസഫ് ജ്യോതിയുടെ കഴുത്തിൽ ചെറിയ കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ചു. മുറിവേറ്റ ജ്യോതി ബോധംകെട്ടു

കാറിൽ രക്ഷപ്പെട്ട യൂസഫ് കുറ്റിപ്പുറം മാണൂർ പള്ളിക്ക് സമീപം ദേശീയപാതയിൽ കാർ നിറുത്തി കെ.എസ്.ആർ.ടി.സി ബസിൽ എറണാകുളത്തേക്ക് പോയി. പോകുംവഴി ജ്യോതി നൽകിയ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചു. ഈ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP