Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറ്റം ചുമത്തിയത് മുസ്ലീങ്ങൾ ആയതിനാലും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളതിനാലും; പൊലീസ് അന്വേഷണം പക്ഷപാതപരവും ദുരുദ്ദേശത്തോടെയും; പൗരത്വ പ്രക്ഷോഭത്തിനിടെ മംഗളുരുവിൽ അറസ്റ്റിലായ 22 പേർക്കും ജാമ്യം അനുവദിച്ച കർണാടക ഹൈക്കാടതി പൊലീസിനെതിരെ ഉയർത്തിയത് രൂക്ഷ വിമർശനം

കുറ്റം ചുമത്തിയത് മുസ്ലീങ്ങൾ ആയതിനാലും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളതിനാലും; പൊലീസ് അന്വേഷണം പക്ഷപാതപരവും ദുരുദ്ദേശത്തോടെയും; പൗരത്വ പ്രക്ഷോഭത്തിനിടെ മംഗളുരുവിൽ അറസ്റ്റിലായ 22 പേർക്കും ജാമ്യം അനുവദിച്ച കർണാടക ഹൈക്കാടതി പൊലീസിനെതിരെ ഉയർത്തിയത് രൂക്ഷ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: കർണാടക പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പൊലീസിന്റെ അതിക്രമവും വീഴ്‌ച്ചയും മറച്ച് വെക്കാൻ നിരപരാധികളെ കള്ളക്കേസിൽ കുടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് കോടതി പറഞ്ഞു. പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭത്തിനിടെ നടന്ന വെടിവെയ്‌പ്പിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. പൊലീസ് അന്വേഷണം പക്ഷപാതപരവും ദുരുദ്ദേശത്തോടെയുമുള്ളതാണെന്നും നിരീക്ഷിച്ച കോടതി അറസ്റ്റിലായ 22പേർക്കും ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെയും രണ്ടുപേരുടെയും ആൾജാമ്യത്തിലാണ് ഇവരെ വിട്ടയച്ചത്.

ഡിസംബർ 19നാണ് മംഗളൂരുവിലെ ബന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വെടിവെയ്‌പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടത്. അനധികൃതമായി സംഘം ചേർന്ന് പൊലീസ് സ്റ്റേഷൻ അക്രമിച്ചതിനെ തുടർന്നാണ് വെടിവെയ്‌പ്പ് നടത്തിയത് എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

മുസ്ലിം സമുദായത്തിൽപ്പെട്ടവരായതുകൊണ്ടും പോപ്പുലർ ഫ്രണ്ടിനോട് ബന്ധമുള്ളതുകൊണ്ടുമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയതെന്ന് കോടതി നിരീക്ഷിച്ചു. സമരക്കാരിൽ ഒരാൾ ബോട്ടിൽ പിടിച്ചു നിൽക്കുന്നതല്ലാതെ മറ്റുള്ളവരുടെ കയ്യിൽ ആയുധങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലെന്ന് പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ പരിശോധിച്ച് കോടതി വിലയിരുത്തി. ജനക്കൂട്ടത്തിന് നേരെ പൊലീസ് കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രതിഭാഗം ഹാജാരാക്കിയിരുന്നു.

തെളിവായി പൊലീസ് നൽകിയ ഫോട്ടോകളും സിസിടിവി ഫൂട്ടേജുകളും കോടതി പരിശോധിച്ചു. ഇതിലെവിടെയും ഒരു തോക്കുമായി ആരും നിൽക്കുന്നത് കണ്ടില്ലെന്ന് കോടതി പറയുന്നു. കയ്യിലൊരു കുപ്പിയുമായി ഒരാൾ നിൽക്കുന്നത് മാത്രമാണ് ഫോട്ടോയിൽ ഉള്ളത്. എന്നാൽ അറസ്റ്റിലായവർക്ക് വേണ്ടി അഭിഭാഷകർ സമർപ്പിച്ച ഫോട്ടോകളിൽ, പൊലീസ് തന്നെ ആൾക്കൂട്ടത്തിന് നേരെ കല്ലെറിയുന്നത് കാണാം- കോടതി പറഞ്ഞു.

കലാപം അഴിച്ചുവിടൽ, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മംഗളുരു പൊലീസ് 22 പേരെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവർ ജയിലിലാണ്.

ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരെല്ലാം. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചുള്ള ഉത്തരവിൽ ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹയാണ് പൊലീസിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ഈ പരാമർശങ്ങൾ നടത്തുന്നത്.

സോപാധിക ജാമ്യമാണ് അറസ്റ്റിലായവർക്ക് കോടതി നൽകിയിരിക്കുന്നത്. ഓരോരുത്തരും ഒരു ലക്ഷം രൂപ ബോണ്ടും, രണ്ട് ഷുവർട്ടിയും ഹാജരാക്കണം. എപ്പോൾ, വിളിച്ചാലും വിചാരണയ്ക്ക് ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, ഇനി മേലാൽ ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകരുത്, വിചാരണക്കോടതിയുടെ പരിധി വിട്ട് പോകരുത് എന്നിവയാണ് ജാമ്യ ഉപാധികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP