Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ അഞ്ച് ഫ്‌ളാറ്റും രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കണം; ഈ മാസം 20ന് മുമ്പ് പൊളിച്ചെന്ന റിപ്പോർട്ട് കിട്ടിയേ തീരൂവെന്ന് സുപ്രീംകോടതി; 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ച് ജസറ്റീസ് അരുൺ മിശ്ര; മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു കളിച്ചപ്പോൾ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഫ്‌ളാറ്റ് വാങ്ങിയ 350 പേർ; ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടിക്ക് തുടക്കമിടാൻ നഗരസഭ; ബഹുനില കെട്ടിടം രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ വലിയ വെല്ലുവിളി

മരടിലെ അഞ്ച് ഫ്‌ളാറ്റും രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കണം; ഈ മാസം 20ന് മുമ്പ് പൊളിച്ചെന്ന റിപ്പോർട്ട് കിട്ടിയേ തീരൂവെന്ന് സുപ്രീംകോടതി; 23ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ച് ജസറ്റീസ് അരുൺ മിശ്ര; മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു കളിച്ചപ്പോൾ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഫ്‌ളാറ്റ് വാങ്ങിയ 350 പേർ; ഫ്ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള നടപടിക്ക് തുടക്കമിടാൻ നഗരസഭ; ബഹുനില കെട്ടിടം രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിക്കൽ വലിയ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിർമ്മിച്ച അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കിയേ മതിയാകൂവെന്ന് സുപ്രീംകോടതി. ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ സ്വമേധയ കേസ് പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം ഫ്‌ളാററ് പൊളിക്കണമെന്നാണ് ഉത്തരവ്. 20ന് വീണ്ടും കേസ് പരിഗണിക്കും. അന്ന് പൊളിച്ചെന്ന റിപ്പോർട്ട് നൽകണം. ഈ മാസം 23ന് ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകുകയും വേണം.

കോടതി തീരുമാനത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നിയമലംഘനം നടത്തി നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മെയ് എട്ടിനാണ് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കിയിയിട്ടില്ല. ഇതിനുള്ള വിശദീകരണം മരട് മുൻസിപ്പാലിറ്റി കോടതിക്ക് നൽകേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുൾപ്പെടെ നേരിടേണ്ടി വരും.

മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു ചേർന്നപ്പോൾ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ ജീവിത സമ്പാദ്യം കൊണ്ട് ഫ്‌ളാറ്റ് വാങ്ങിയ 350 സാധാരണക്കാരാണ്. ഇവരുടെ ദുഃഖത്തിന് മുകളിൽ നിയമത്തിനാണ് ജസ്റ്റീസ് അരുൺ മിശ്ര പ്രാധാന്യം കൊടുത്തത്. മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്ളാറ്റ് ഉടമകൾ സമർപ്പിച്ച ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പുനപരിശോധനാ ഹർജിയും തള്ളുകയാണ് ഉണ്ടായത്. ഇന്ന് ഉയർന്നത് കടുത്ത വിമർശനവും. ഈ സാഹചര്യത്തിൽ ഫ്ളാറ്റുകൾ പൊളിക്കാനുള്ള നീക്കം നഗരസഭ ഉടൻ തുടങ്ങും. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാകും പൊളിക്കുക. ഇതിന്റെ സാങ്കേതിക വശങ്ങളിൽ സർക്കാരിനും വലിയ പിടിയില്ല. ഇത്രയും ബഹുനില കെട്ടിടങ്ങൾ പൊളിച്ച പരിചയം സംസ്ഥാനത്തിനില്ല. അതുകൊണ്ട് കെട്ടിടം പൊളിക്കൽ വലിയ തലവേദനായിയ മാറും.

എറണാകുളം ജില്ലയിലെ മരട് നഗരസഭക്ക് കീഴിൽ തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ടുമെന്റ്, ആൽഫ വെഞ്ചേഴ്‌സ് എന്നീ എന്നീ അഞ്ച് ഫ്‌ളാറ്റ് സുമച്ചയങ്ങളാണ് പൊളിക്കേണ്ടിവരിക. കേസിൽ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകൾ നൽകിയ ഹർജി കഴിഞ്ഞ ജൂലായ് 5ന് കോടതി തള്ളിയിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കുമെന്ന താക്കീതോടെയായിരുന്നു ജൂലായ് 5ലെ ഉത്തരവ്. അതിന് ശേഷമാണ് ഇപ്പോൾ പുനഃപരിശോധന ഹർജികൾ കൂടി തള്ളിയത്. വിധിക്ക് പിന്നിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടന്നെന്ന നിഗമനത്തിലായിരുന്നു നേരത്തെ തന്നെ ഫ്‌ളാറ്റ് ഉടമകൾ. തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീൽ പ്രകാരം സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി രൂപീകരിച്ച സബ് കമ്മറ്റിയാണ് തങ്ങളോട് ഈ ചതി ചെയ്തതെന്നാണ് ഫ്ളാറ്റ് ഉടമകൾ പുനപരിശോധനയിൽ വിധി വരുന്നതിന് മുൻപ് മറുനാടനോട് പറഞ്ഞത്.

മരട് നഗരസഭയിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സർക്കാർ റിവ്യൂ ഹർജ്ജി നൽകില്ലെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞാൽ ഫ്ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ ബോധ്യപ്പെടുത്തും എന്നായിരുന്നു സർക്കാർ നിലപാട്.അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചാൽ രണ്ടായിരത്തോളം കുടുംബങ്ങൾ ആണ് വഴിയാധാരമാവുക-ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. തീരപരിപാലന ചട്ടത്തിന്റെ പ്രാധാന്യം അമിതമായി ഉയർത്തിക്കാട്ടാനുള്ള ഒരു നീക്കം കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നെന്ന നിലപാടിലാണ് കോശി തോമസ് അടക്കമുള്ള ഹോളിഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ.

മരട് ഫ്‌ളാറ്റുകൾ പൊളിക്കാതിരിക്കാൻ സ്റ്റേ വാങ്ങിയതിലെ കള്ളകളികൾ ജസ്റ്റീസ് അരുൺ മിശ്രയെ ചൊടിപ്പിച്ചിരുന്നു. രഅതിന് ശേഷംഹർജി പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാൻ ഫ്ളാറ്റ് ഉടമകൾ മറ്റൊരു ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹർജികൾ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളിയത്. കൊൽക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത് എന്നും കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തിരുന്നു

കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിയ ശ്രമമാണ് നടന്നതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും അരുൺ മിശ്ര പറഞ്ഞു. പരിഗണിക്കാൻ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് ധാർമികതയ്ക്ക് നിരക്കാത്തതാണ്. പണം കിട്ടിയാൽ അഭിഭാഷകർക്ക് എല്ലാം ആയോ എന്നും ഇവർക്കൊക്കെ പണം മാത്രം മതിയോ എന്നും അരുൺ മിശ്ര കുറ്റപ്പെടുത്തി. ഇനിയും ഇത് ആവർത്തിച്ചാൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തു. അതുകൊണ്ട് തന്നെ പുനപരിശോധനാ ഹർജി പരിഗണിക്കുക പോലും ചെയ്യാതെ തള്ളുകയാണുണ്ടായത്. പൊളിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ഉടൻ തീരുമാനം എടുക്കേണ്ട അവസ്ഥയിലാണ് മരട് നഗരസഭ. ഫ്‌ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മെയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്‌ളാറ്റുടമകളുടെ ആവശ്യം അരുൺമിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളിയിരുന്നു.

ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അഥോറിറ്റി നൽകിയ അപ്പീലിലാണ് മെയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്. കെട്ടിടങ്ങൾ നിർമ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയായിരുന്നു നടപടി. 2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്‌മെന്റുകളുള്ള സ്ഥലം സി.ആർ സോൺ 2ലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കെട്ടിട ഉടമകളുടെ വാദം. നിർമ്മാണ അനുമതി ലഭിക്കുമ്പോൾ സ്ഥലം സി.ആർ 3 ൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

'ഭർത്താവിന്റെ മരണശേഷം മക്കൾ വാങ്ങിത്തന്ന ഫ്‌ളാറ്റിലാണ് ഞാൻ ഒറ്റയ്ക്ക് കഴിയുന്നത്. ഇത്രയും കാലം സുരക്ഷിതയായിരുന്നു. ഇനി എവിടെ പോകുമെന്നറിയില്ല. ഇവിടെനിന്ന് ഇറങ്ങേണ്ടി വന്നാൽ മരണം മാത്രമാണ് മുന്നിലുള്ളത്...' സിആർഇസഡ് ലംഘനം ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കാൻ സുപ്രീംകോടതി വിധിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒയിലെ താമസക്കാരി മായ പ്രേംമോഹന്റെ വാക്കുകളാണിത്. 60 വയസ്സായ മായയുടെ രണ്ട് പെൺമക്കളും വിദേശത്താണ്. തിരുവനന്തപുരത്തെ കുടുംബവീതവും വിദേശത്തുള്ള മക്കളുടെ വിഹിതവും ചേർത്താണ് ഫ്‌ളാറ്റ് വാങ്ങിയത്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മായയുടെ മകൾ ഹരിപ്രിയ കോടതി വിധി അറിഞ്ഞാണ് നാട്ടിൽ എത്തിയത്. എല്ലാ രേഖകളും ശരിയാക്കി കരം അടയ്ക്കുന്ന താമസസ്ഥലമാണ് ഇപ്പോൾ പൊളിച്ചുകളയുമെന്ന് പറയുന്നതെന്നും ആരെ വിശ്വസിക്കണമെന്നറിയില്ലെന്നും കണ്ണുനിറഞ്ഞ് ഹരിപ്രിയ പറയുന്നു.

'മരുഭൂമിയിൽ പണിയെടുത്ത സമ്പാദ്യം കൂട്ടിച്ചേർത്ത് വാങ്ങിയ ഫ്‌ളാറ്റാണ് ഇല്ലാതാകുന്നത്. നിസഹായരാണ് ഞങ്ങൾ. പുറത്തു പ്രചരിക്കുന്നതുപോലെ കള്ളപ്പണം കൊണ്ടല്ല, കുടുംബസ്വത്ത് വിറ്റാണ് പലരും ഇത് വാങ്ങിയത്. ഞങ്ങൾക്ക് ഇനി എന്തുചെയ്യണമെന്നറിയില്ല.' ഫ്‌ളാറ്റിലെ താമസക്കാരായ റോയിയും സുജയും പറഞ്ഞു. ഇത് തന്നെയാണ് മരടിലെ മറ്റുള്ള താമസക്കാരുടേയും മാനസികാവസ്ഥ. മിക്കവരും വിദേശത്ത് പണിയെടുത്തുണ്ടാക്കിയ കാശുകൊണ്ടാണ് ഫ്‌ളാറ്റ് വാങ്ങിയത്. അതാണ് നഷ്ടമാകാൻ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP