Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിലക്കൊന്നും ഇല്ലാതിരുന്നിട്ടും കോടതിയില്‍ പോവാതെ മാധ്യമ പ്രവര്‍ത്തകര്‍; പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാതെയും വാര്‍ത്തകളില്‍ നിന്ന് അഭിഭാഷകരുടെ പേരു നീക്കിയും പ്രതികാരം: മാധ്യമങ്ങളും അഭിഭാഷകരുമായുള്ള തര്‍ക്കം നീളുന്നു

വിലക്കൊന്നും ഇല്ലാതിരുന്നിട്ടും കോടതിയില്‍ പോവാതെ മാധ്യമ പ്രവര്‍ത്തകര്‍; പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാതെയും വാര്‍ത്തകളില്‍ നിന്ന് അഭിഭാഷകരുടെ പേരു നീക്കിയും പ്രതികാരം: മാധ്യമങ്ങളും അഭിഭാഷകരുമായുള്ള തര്‍ക്കം നീളുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിഭാഷക-മാധ്യമ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രധാനപ്പെട്ട കോടതിവാര്‍ത്തകള്‍ ശേഖരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പോകാതായതോടെ പ്രധാനപ്പെട്ട പല കോടതിവിധികളും ജനം അറിയാതെ പോകുന്ന സ്ഥിതിയായി. വിവാദവും സംഘര്‍ഷവുമുണ്ടായതോടെ കഴിഞ്ഞ രണ്ടാഴ്ചയായി കോടതി റിപ്പോര്‍ട്ടിംഗ് അവതാളത്തിലായിട്ട്.

ജൂലായ് 19,20 തീയതികളില്‍ മാധ്യമ-അഭിഭാഷക സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുടെ പബ്ലിക് റിലേഷന്‍സ് ഓഫിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ ചേംബര്‍ ഓഫിസുകളുടെയും സ്റ്റെനോഗ്രഫര്‍മാരുടെ മുറിയായ സ്റ്റെനോ പൂളിന്റെയും ഭാഗത്തേക്കു കടക്കുന്നത് വിലക്കുകയായിരുന്നു.

കോടതികളില്‍ നിന്നുണ്ടാകുന്ന പ്രധാന ഉത്തരവുകളും കേസുകളുടെ വിശദാംശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ പതിവായി ശേഖരിച്ചിരുന്നത് ജഡ്ജിമാരുടെ ചേംബര്‍ ഓഫിസില്‍ നിന്നും ഉത്തരവുകള്‍ ടൈപ്പ് ചെയ്തിരുന്ന സ്റ്റെനോപൂളില്‍ നിന്നുമായിരുന്നു. വിധിന്യായങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കി 2008ല്‍ ഉത്തരവുള്ളതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കേണ്ട ഉത്തരവുകള്‍ ന്യായാധിപര്‍ പ്രത്യേകം രേഖപ്പെടുത്തുന്ന സംവിധാനവുമുണ്ടായിരുന്നു. ഓരോ ദിവസത്തെയും വിധിന്യായങ്ങളും ഉത്തരവുകളും അതതു ദിവസം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സംവിധാനം ഹൈക്കോടതിയില്‍ ഇല്ലാത്തതിനാലായിരുന്നു ഇത്തരമൊരു ക്രമീകരണം.

എന്നാല്‍ ഇത്തരമൊരു നിയന്ത്രണം വിവാദമായതിനു പിന്നാലെ ഇത്തരമൊരു വിലക്കില്ലെന്നും വാര്‍ത്തശേഖരിക്കാന്‍ ജഡ്ജിമാരുടെ ചേംബറുകളിലും സ്‌റ്റെനോഗ്രാഫര്‍മാരുടെ മുറികളിലും മുന്‍കാലത്തെപ്പോലെ പ്രവേശനം നല്‍കുന്നകാര്യം അതത് ജഡ്ജിമാര്‍ക്കു തീരുമാനിക്കാമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.

എന്നാല്‍ മാറിയ സാഹചര്യത്തിലും കോടതി റിപ്പോര്‍ട്ടിംഗിന് പത്രപ്രവര്‍ത്തകര്‍ എത്താതായതോടെ പ്രധാപ്പെട്ട വിധികളും കോടതി നിരീക്ഷണങ്ങളും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത് മുടങ്ങിയിരിക്കുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവരുന്നതിനപ്പുറം കോടതിക്കകത്ത് കയറിയുള്ള റിപ്പോര്‍ട്ടിംഗ് പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്.

പ്രധാനവിധികളില്‍ അഭിഭാഷകരുടെ പ്രതികരണങ്ങള്‍ നല്‍കിയിരുന്നത് ഒഴിവാക്കിയും റിപ്പോര്‍ട്ടുകളില്‍ അഭിഭാഷകരുടെ പേര് ഉള്‍പ്പെടുത്താതെയുമാണ് ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഈ വാര്‍ത്തകള്‍ പുറത്തുവരുന്നതാകട്ടെ കക്ഷികളില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്. കോടതിക്കകത്ത് കയറിയാല്‍ അഭിഭാഷകര്‍ നേരിടുമോ എന്ന ഭയത്താല്‍ റിപ്പോര്‍ട്ടര്‍മാര്‍ കോടതികളില്‍ പോകാത്ത സാഹചര്യമാണുള്ളത്. പല മുന്‍നിര മാധ്യമങ്ങള്‍ക്കും പ്രധാന കോടതികളില്‍ അഭിഭാഷകര്‍തന്നെ റിപ്പോര്‍ട്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവരുന്നത്.

പൊലീസ് കംപ്‌ളയിന്റ് അതോറിറ്റിക്ക് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വിധി, പാറമടക്കെതിരായ ജനരോഷത്തെ പിന്തുണച്ചുള്ള വിധി, വി.എസ്. അച്യുതാനന്ദന്റെ പുതിയ സ്ഥാനലബ്ധിക്ക് എതിരായ ഹരജിയില്‍ സര്‍ക്കാറിന്റെ നിലപാട് അറിയിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ കോടതിയിലെത്തിയിട്ടും അവയൊന്നും വിശദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കോഴിക്കോട് കോടതിയില്‍ ഐസ്‌ക്രീം കേസ് പുനരന്വേഷണം സംബന്ധിച്ചുള്ള വിഎസിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യവും ജനം ഉറ്റുനോക്കുന്ന വിഷയമാണ്. ഈ കേസ് കഴിഞ്ഞദിവസം പരിഗണനയ്‌ക്കെത്തിയപ്പോള്‍ ഏഷ്യാനെറ്റ് സംഘത്തിനു നേരെ പൊലീസ് നടപടിയുണ്ടായതോടെ വിഎസിന്റെ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരാതെപോയി. ്അഡ്വ. എംകെ ദാമോദരന്റെ മുന്‍ ജൂനിയര്‍ കൂടിയായ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരന്‍ സന്തോഷ് മാത്യു വിഎസിനെതിരെ കോടതിയില്‍ ഹാജരായതും ഇയാളുടെ വാദം കോടതി തള്ളിയതുമൊന്നും ചാനല്‍, പത്ര വാര്‍ത്തകളില്‍ ഇടംപിടിച്ചില്ല.

ഈ വിഷയങ്ങളിലെല്ലാം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കില്‍ അത് ഭരണമുന്നണിയുടേതുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്കും പാറമട ലോബി ഉള്‍പ്പെടെയുള്ളവര്‍ക്കും അത് തലവേദനയായേനെ. ജനകീയ സമരങ്ങള്‍ നടത്തുന്നവര്‍ക്കും അവര്‍ക്ക് അനുകൂലമായി വരുന്ന കോടതിവിധികള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടാത്തത് വിഷമം സൃഷ്ടിക്കുന്നു. ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതുപോലെയുള്ള പല കോടതി ഉത്തരവുകളുടെയും പശ്ചാത്തലത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കില്‍ അത് ജനം അറിയാത്ത സാഹചര്യമുണ്ടാകുമെന്ന സ്ഥിതിയുമുണ്ട്.

ഹൈക്കോടതിയിലെ വിലക്ക് ഔദ്യോഗികമായി നീക്കിയെങ്കിലും നിര്‍ഭയമായി കടന്നുചെല്ലാവുന്ന സ്ഥിതിവിശേഷമല്ല ഉള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. സംഘര്‍ഷ സ്ഥിതി തുടരുന്നതായി പല അഭിഭാഷകരും സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് അറിയിക്കുന്നുമുണ്ട്. ജഡ്ജിമാരുടെ വിരമിക്കല്‍, പുതുതായി ചുമതലയേല്‍ക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ ദൃശ്യഅച്ചടി മാധ്യമങ്ങളെ ഔദ്യോഗിമായിത്തന്നെ ക്ഷണിക്കാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജി വിരമിച്ചപ്പോഴും ഇന്നലെ ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതലയേറ്റപ്പോഴും ക്ഷണം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

കഷ്ടപ്പെട്ട് വാദിച്ച് ജയിച്ച കേസുകളുടെ വിശദാംശങ്ങള്‍ വാര്‍ത്തയായി വരാത്തതില്‍ ഒരുവിഭാഗം അഭിഭാഷകരും നിരാശയിലാണെന്നാണ് വിവരം. ഈ സാഹചര്യം ഒഴിവാക്കാന്‍ പലരും കോടതി ലേഖകരെ ഒഴിവാക്കി പരിചയമുള്ള മറ്റു ലേഖകര്‍ വഴി വാര്‍ത്തവരുത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കേസുകളില്‍ വാദിഭാഗത്തെയും പ്രതിഭാഗത്തെയും അഭിഭാഷകരുടെ പേരുകള്‍ ഒഴിവാക്കി, വളരെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍. അതേസമയം, ഈ നില തുടര്‍ന്നാല്‍ അതിന്റെ നേട്ടമുണ്ടാകുക പ്രതികൂല കോടതിവിധി ഏറ്റുവാങ്ങുന്ന തട്ടിപ്പുകാര്‍ക്കു മാത്രമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP