Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്ലോഗ് എഴുതിയതിന് പ്രതിഫലമായി മോഹൻലാലിന് ആനകൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയെന്ന ആരോപണം കെട്ടുകഥ; ലാലിന്റെ അപേക്ഷ കേന്ദ്രം കയ്യൊഴിഞ്ഞപ്പോൾ അനുമതി നൽകിയത് കേരളം തന്നെ; ഒടുവിൽ കോടതിയും അനുകൂലിച്ചു

ബ്ലോഗ് എഴുതിയതിന് പ്രതിഫലമായി മോഹൻലാലിന് ആനകൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയെന്ന ആരോപണം കെട്ടുകഥ; ലാലിന്റെ അപേക്ഷ കേന്ദ്രം കയ്യൊഴിഞ്ഞപ്പോൾ അനുമതി നൽകിയത് കേരളം തന്നെ; ഒടുവിൽ കോടതിയും അനുകൂലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചലച്ചിത്ര താരം മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ജെഎൻയു വിഷയത്തിൽ കേന്ദ്ര സർക്കാരിന് അനുകൂലമായി ബ്ലോഗ് വന്നതിന് തൊട്ടുപിന്നാലെയാണ് നടപടി. കേസിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുത്തില്ലെങ്കിലും കേരളം പിന്തുണച്ചു. മാറിയ സാഹചര്യത്തിൽ കേന്ദ്രം നിശബ്ദത പാലിക്കുകയും ചെയ്തു. ഇതോടെ മോഹൻ ലാലിന്റെ കേസിൽ കോടതി തീരുമാനം എടുത്തു. ആനക്കൊമ്പ് കൈവശമുള്ളതായി മുഖ്യ വന്യജീവി വാർഡനെ അറിയിക്കാൻ മോഹൻലാലിന് സാവകാശം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. പ്രസ്തുത നടപടിക്രമം പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ബി. കെമാൽ പാഷ ഹർജി തീർപ്പാക്കിയത്.

ആനക്കൊമ്പുള്ള കാര്യം അധികൃതരെ അറിയിക്കാൻ മൂന്ന് മാസം അനുവദിച്ചുകൊണ്ട് 2015 ഡിസംബർ 16നാണ് ഗവ. ഉത്തരവ് ഇറങ്ങിയത്. പാലക്കാട്ടെ അഴിമതി വിരുദ്ധ, മനുഷ്യാവകാശ സംരക്ഷണ കൗൺസിലിന്റെ ഹർജിയാണ് കോടതി തീർപ്പാക്കിയിട്ടുള്ളത്. ലാൽ ആനക്കൊമ്പ് കൈവശം വക്കാൻ അനുമതി തേടി കേന്ദ്രവനം മന്ത്രാലയത്തിന് 2015 ഫെബ്രുവരിയിൽ കത്തെഴുതി. അവർ നൽകിയ മറുപടി 1972 ലെ നിയമം ഇതിന് അനുവദിക്കുന്നില്ല എന്നായിരുന്നു. കേരളാ സർക്കാരിനെ സമീപിച്ചു നോക്കുവെന്ന് പറയുകയും ചെയ്തു. ഇതോടെ ലാൽ കേരളാ വനം വകുപ്പിന് കത്തയച്ചു. 2015 ഡിസംബറിൽ കേരളത്തിലെ ഗവൺമെന്റ് ആനക്കൊമ്പ് കൈവശം വെക്കാൻ ലാലിന് പ്രത്യേക അനുമതി നൽകി. അതുകൊണ്ട് തന്നെ ബ്ലോഗ് എഴുത്തുമായി ഇതിനെ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന വാദമാണ് ഇതിലൂടെ ലാലിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് കൈവശം വയ്ക്കുന്നവർ അത് വെളിപ്പെടുത്തിയാൽ അവർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാമെന്ന ചട്ടപ്രകാരമാണ് മോഹൻലാലിന് ഇളവ് നൽകുന്നത്. ഈ വ്യവസ്ഥകൾ സംബന്ധിച്ച് പുതിയ സർക്കാർ ഉത്തരവ് ഇറങ്ങിയതിനെ തുടർന്ന് മോഹൻലാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് മുന്നിൽ ഹാജരായി കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരം ധരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാന സർക്കാർ പരിശോധിച്ചു. ഇതിന് ശേഷമാണ് കേസ് ഒത്തുതീർപ്പാക്കുന്നത്. ജെഎൻയുവിലെ ബ്ലോഗുമായി ഇതിന് ബന്ധമുണ്ടെന്നത് ശരിയില്ലെന്നാണ് ലാലിന്റെ ആരാധകർ പറയുന്നത്.

മോഹൻലാലിന്റെ തേവരയിലെ വസതിയിൽ 2011ൽ നടത്തിയ ആദായനികുതി റെയ്ഡിലാണ് രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്. പരിശോധനയിൽ പിടികൂടിയ ആനക്കൊമ്പ് മോഹൻലാലിന്റെ ഉടമസ്ഥതയിലല്ലെന്നും വനംവകുപ്പിന് കൈമാറിയ ആനക്കൊമ്പുകൾ പിന്നീട് ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നും വാർത്തകളുണ്ടായിരുന്നു. മോഹൻലാൽ നേരത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ആനക്കൊമ്പുകൾ കൈവശം സൂക്ഷിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ആനക്കൊമ്പുകൾ തന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതല്ലെന്നും, ലൈസൻസ് സുഹൃത്തുക്കളുടെ പേരിലാണെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.

തുടർന്നാണ് സ്റ്റേറ്റ് ചീഫ് വൈൽഡ് ലൈഫ് വാർഡനു മുന്നിൽ വിവരങ്ങൾ സമർപ്പിക്കാൻ നിർദ്ദേശമുണ്ടായതും, മോഹൻലാലിനായി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓം പ്രകാശ് കാലേർ പറയുന്നു. അനധികൃതമായി വന്യജീവികളെയോ, അതുമായി ബന്ധപ്പെട്ട വസ്തുക്കളോ കൈവശം സൂക്ഷിച്ചവർക്ക് അത് സർക്കാരിനെയോ, ബന്ധപ്പെട്ട വകുപ്പിനെയോ അറിയിക്കാൻ 2003ൽ കേന്ദ്രം അനുമതി നൽകിയിരുന്നു.

തുടർന്നും സർക്കാരിന്റെ അനുമതിയോ, ലൈസൻസോ ഇല്ലാതെ ഇവ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നിട്ടും പഴുതകളൊരുക്കി ലാലിനെ കേസിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP