Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റ് അനുകൂലികൾക്ക് എതിരായ കേസുകൾ ഇല്ലാതാകും; മുരളി കണ്ണമ്പിള്ളിയെ വെറുതെ വിടേണ്ടി വരും; അപ്പീൽ തള്ളിയാൽ കള്ളക്കേസുകളെടുക്കാൻ പൊലീസിന് കഴിയുകയുമില്ല

മാവോയിസ്റ്റ് അനുകൂലികൾക്ക് എതിരായ കേസുകൾ ഇല്ലാതാകും; മുരളി കണ്ണമ്പിള്ളിയെ വെറുതെ വിടേണ്ടി വരും; അപ്പീൽ തള്ളിയാൽ കള്ളക്കേസുകളെടുക്കാൻ പൊലീസിന് കഴിയുകയുമില്ല

കൊച്ചി: മാവോവാദിയാകുന്നതു കൊണ്ടുമാത്രം ഒരാൾകുകുറ്റവാളിയാകില്ലെന്ന ഹൈക്കോടതിയുടെ സുപ്രധാനവിധി വന്നതോടെ കേരളത്തിൽ ദശകങ്ങളായി നക്‌സൽ പ്രവർ്ത്തകരോടും മാവോയിസ്റ്റുകളോടും കാണിക്കുന്ന സമീപനത്തിൽ മാറ്റം വരുത്താൻ പൊലീസും ഭരണകൂടവും നിർബന്ധിതരായിരിക്കുകയാണെന്നു നിയമവിദഗ്ദ്ധർ.

ഭീകരവിരുദ്ധനിയമത്തിന്റെ മറപറ്റി നിരവധി പേരെയാണ് മാവോയിസ്റ്റുകളായി ചിത്രീകരിച്ച് സർക്കാർ സ്ഥിരമായി പീഡിപ്പിച്ചുവരുന്നത്. പലരുടേയും ഫോൺകോളുകളും യാത്രയും മറ്റും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയെന്തു പ്രശനമുണ്ടായാലും, അതിവിപ്ലവ ആദർശത്തെ മനസാ വരിച്ചവരെ തേടി പൊലീസ് എത്തുന്നു.

ഒരു ആശയത്തെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടുവരുന്നവർക്ക് വൻ ആശ്വാസമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതുപ്രകാരം മാവോയിസ്റ്റ് അനുകൂലിയെന്ന പേരിൽ പൊലീസ് എടുത്ത ഭൂരിഭാഗം കേസുകളും ഇല്ലാതാകും. ഈ സാഹചര്യത്തിൽ കൂടിയാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കോടതിയുടെ വിധി നിലനിൽക്കുകയാണെങ്കിൽ ഇപ്പോൾ പിടിയിലായ മാവോയിസ്റ്റ് നേതാക്കൾക്കും അത് വലിയൊരു ആശ്വാസമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാല്പതുവർഷങ്ങൾക്കു ശേഷം പിടിയിലായ മുരളി കണ്ണമ്പിള്ളിക്ക് എതിരായി ഒരു കേസ് പോലും ചാർജ് ചെയ്യാനോ കസ്റ്റഡിയിൽ വയ്ക്കാനോ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിന് കഴിയില്ല. മുരളി ഏതെങ്കിലുമൊരു മാവോയിസ്റ്റ് അക്രമണക്കേസിൽ പ്രതിയാണെന്ന് ഇതുവരെ തെളിയിക്കാൻ സർക്കാർ അന്വേഷണ ഏജൻസികൾക്കായിട്ടില്ല. 

മാവോവാദികളുടെ താത്വികാചാര്യൻ മാത്രമാണ് മുരളിയെന്നാണ് മഹാരാഷ്ട്ര പൊലീസ് ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇനി ഇദ്ദേഹത്തിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാലും അത് കോടതിയിൽ തെളിയിക്കുക എന്ന ശ്രമകരമായ ദൗത്യം പൊലീസ് ഏറ്റെടുക്കേണ്ടി വരും. എത്ര തെളിവുള്ള കേസുകളിൽ പോലും ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് പലപ്പോഴും സാധിക്കാറില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ യു എ പി എ നിയമം മുരളിക്കെതിരെ ചുമത്തിയാലും കോടതിയിൽ പ്രതിഭാഗം അഭിഭാഷകന് സുഗമമായി അതിനെ ചോദ്യം ചെയ്യാം.

മാവോയിസ്റ്റായതിന്റെ പേരിൽ മാത്രം ഭീകരവിരുദ്ധനിയമം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്കും ഈ വിധി ഒരാശ്വാസം തന്നെയാണ്. കേരളത്തിലെ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും ഭാര്യ ഷൈനയുടേയും കേസുകളിലും സമാനമായ അവസ്ഥ നിലനിൽക്കുന്നുണ്ട്. നിലമ്പൂരിലെ ട്രെയിനിന്റെ ബ്രേക്ക് കേബിൾ മുറിച്ചുമാറ്റിയ കേസിലും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന മാവോയിസ്റ്റ് അക്രമങ്ങളുടേയും മുഖ്യസൂത്രധാരനെന്ന കുറ്റം രൂപേഷിൽ പൊലീസ് ആരോപിക്കുമ്പോഴും അതിനൊന്നും വേണ്ടത്ര തെളിവ് അവരുടെ പക്കലില്ല.

ആന്ധ്രയിൽ നിന്നുള്ള മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയും ഭാര്യയും ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയെന്ന കേസ് മാത്രമാണ് രൂപേഷിനും ഷൈനയ്ക്കുമെതിരെ കൃത്യമായി നിലനിൽക്കുന്നതെന്നുവേണം പറയാൻ. ഇത് യു എ പി എ ചുമത്താൻ പ്രാപ്തമായ കേസാണോ എന്നതിലും രണ്ട് അഭിപ്രായമുണ്ട്. ഭീകരവിരുദ്ധ നിയമം ചുമത്തിയതിനെ വേണമെങ്കിൽ രൂപേഷിനും ഷൈനയ്ക്കും കോടതിയിൽ ചോദ്യം ചെയ്യാമെന്നുസാരം.

ഇവരെ കൂടാതെ കോയമ്പത്തൂരിൽനിന്ന് പിടിയിലായ അനൂപും ഈശ്വരനും കണ്ണനുമുൾപ്പെടെയുള്ളവർക്കുമെതിരെയും രാജ്യത്തെവിടേയും ഒരുകേസും നിലവിലില്ല.തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സ്വയം പ്രഖ്യാപിക്കുക മാത്രമാണ് ഇവരെല്ലാം ചെയ്തിരിക്കുന്നത്. ഇതിന്റെ പേരിൽ ഇവരെ ജയിലിലടച്ച നടപടിയും സമീപഭാവിയിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും.

ഇവരെ കൂടാതെ കേരളത്തിൽ നടന്ന വിവിധ ജനകീയ സമരങ്ങളിൽ പങ്കെടുത്തവരേയും മനുഷ്യാവകാശ പ്രവർത്തകരേയും മാവോയിസ്റ്റുകളായി ചിത്രീകരിക്കാനും മുൻപ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണമെന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ അക്രമമുണ്ടായപ്പോഴെല്ലാം വിവിധ പ്രദേശങ്ങളിൽ നിന്നായി പലരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

തൃശൂരിലെ പരിസ്ഥിതി മാസികയായ കേരളീയത്തിന്റെ ഓഫീസിലും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വയനാട്ടിലെ ശ്യാം ബാലകൃഷ്ണനിൽനിന്ന് ആവേശം ഉൾക്കൊണ്ട് ഇരകളിൽ ആരെങ്കിലും പരാതിയുമായി കോടതിക്കു മുൻപിലെത്തിയാൽ സർക്കാരും ആഭ്യന്തര വകുപ്പും അതിന് മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് വിധിയുടെ പശ്ചാത്തലത്തിൽ സംജാതമായിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP