Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള ജനതയുടെ ഭീതിക്ക് മേൽ അവസാന ആണിയും അടിച്ച് സുപ്രീംകോടതി ഉത്തരവ്; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധിക്കെതിരെ നൽകിയ പുനപരിശോധനാ ഹർജി തള്ളി

കേരള ജനതയുടെ ഭീതിക്ക് മേൽ അവസാന ആണിയും അടിച്ച് സുപ്രീംകോടതി ഉത്തരവ്; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധിക്കെതിരെ നൽകിയ പുനപരിശോധനാ ഹർജി തള്ളി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധി ചോദ്യംചെയ്ത് കേരളം സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളി.

മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച സമിതിയുടെ പ്രവർത്തനങ്ങളിൽ വ്യക്തത വരുത്തണമെന്നും സമിതിക്ക് ആവശ്യമായ മാർഗനിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.ഉന്നതാധികാര സമിതി റിപ്പോർട്ട് പിഴവുകൾ നിറഞ്ഞതാണെന്നും ഭരണഘടന ബെഞ്ചിന്റെ വിധി പരിശോധിക്കണമെന്നും കേരളം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഭരണഘടനാ ബഞ്ച് തള്ളിയതോടെ തമിഴ്‌നാടിന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി നിലനിർത്താനാകും.

ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചേംബറിലാണ് ഇന്നലെ കേസ് പരിഗണിച്ചത്. ഇന്നലെ തന്നെ ഹർജിയിൽ തീരുമാനം എടുത്തിരുന്നു. എന്നാൽ എല്ലാ ജ്ഡിജിമാരും ഒപ്പിട്ടില്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എല്ലാ ജഡ്ജിമാരും ഉത്തരവിൽ ഒപ്പിട്ടശേഷമാണ് ഇന്ന് വിധി പുറത്തുവന്നത്. ജഡ്ജിമാരായ ജെ. ചെലമേശ്വർ, മദൻ ബി. ലോക്കൂർ, എം.വൈ. ഇഖ്ബാൽ, സി. നാഗപ്പൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതോടെ മുല്ലപ്പെരിയാറിൽ കേരളത്തിന്റെ അവസാന പ്രതീക്ഷയും അടഞ്ഞു. ഇനി മുല്ലപ്പെരിയാർ വിദഗ്ധ സമിതിയുടെ തീരുമാനത്തിനായി കാത്തിരിക്കുക മാത്രമേ കേരളത്തിന് കഴിയൂ.

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് അനുമതി നൽകിയ ഉത്തരവിനെതിരെയാണ് കേരളം ഹർജി നൽകിയത്. 1886ലെ ജലം പങ്കുവയ്ക്കൽ കരാർ നിലനിൽക്കുന്നതല്ലെന്ന് കേരളം വാദിക്കും. കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും കേരളം ആവശ്യപ്പെടും. എന്നാൽ അതൊന്നും അംഗീകരിച്ചില്ല. നേരത്തെ ഭരണ ഘടനാ ബഞ്ച് എടുത്ത ഉത്തരവിനെതിരെയാണ് ഹർജി നൽകിയത്. അതുകൊണ്ട് തന്നെ സാധാരണ ഗതിയിൽ പരിഗണിക്കുന്നത് പതിവില്ലാത്ത കാര്യവുമാണ്. ഇനി മുല്ലപ്പെരിയാറിൽ പുതിയ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇനി കോടതിയെ സമീപിക്കാൻ കേരളത്തിന് കഴിയൂ.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർത്തുന്നതുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന ആവശ്യങ്ങളാണ് കേരളം ഹർജിയിൽ മുന്നോട്ടുവച്ചിരുന്നത്. മുല്ലപ്പെരിയാറിൽനിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോയി സംഭരിക്കുന്ന വൈഗ അണക്കെട്ട് നിറഞ്ഞാൽ മാത്രമേ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം 136 അടിക്ക് മുകളിൽ ഉയർത്താവൂ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ഏതെങ്കിലും ഒരു ഷട്ടർ പ്രവർത്തനക്ഷമമല്ലാതായാൽ 136 അടിയിൽനിന്ന് വെള്ളമുയർത്തരുത്, ഒരു കാരണവശാലും വെള്ളം 142 അടിയിൽ കവിയാതിരിക്കാൻ 136 അടിയിൽ കൂടുതലായാൽ ഷട്ടറുകൾ തുറന്ന് കുറഞ്ഞ തോതിലെങ്കിലും വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കണം എന്നിവയായിരുന്നു അവ.

മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഈയിടെ പുനഃസംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയായ ജസ്റ്റിസ് സി. നാഗപ്പനെ ഉൾപ്പെടുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചത്. സംസ്ഥാനങ്ങൾ തമ്മിലെ തർക്കങ്ങൾ പരിശോധിക്കുന്ന സുപ്രീംകോടതി ബെഞ്ചിലേക്ക് അതാതു സംസ്ഥാനക്കാരായ ജസ്റ്റിസുമാരെ പരിഗണിക്കാറില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് സി. നാഗപ്പനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫിനെ മുല്ലപ്പെരിയാർ ബെഞ്ചിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഇക്കാരണത്താൽ അദ്ദേഹം പിന്മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP