Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങിയ നഗരസഭാ ഓവർസിയർ റിമാൻഡിൽ; ഇത്രയായിട്ടും സർക്കാർ ഉദ്യോഗസ്ഥർ പഠിക്കുന്നില്ലേയെന്നും അവനവന്റെ കുടുംബത്തിന്റെ അന്നമാണ് സർക്കാർ ഉദ്യോഗമെന്നത് മറക്കരുതെന്നും വിജിലൻസ് കോടതി; 2000 രൂപ കൈക്കൂലി ചോദിച്ച് പെർമിറ്റ് മുടക്കിയ ഓവർസിയർ കുടുങ്ങിയത് കെണിപ്പണം വച്ചുള്ള ഓപ്പറേഷനിൽ

കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങിയ നഗരസഭാ ഓവർസിയർ റിമാൻഡിൽ; ഇത്രയായിട്ടും സർക്കാർ ഉദ്യോഗസ്ഥർ പഠിക്കുന്നില്ലേയെന്നും അവനവന്റെ കുടുംബത്തിന്റെ അന്നമാണ് സർക്കാർ ഉദ്യോഗമെന്നത് മറക്കരുതെന്നും വിജിലൻസ് കോടതി; 2000 രൂപ കൈക്കൂലി ചോദിച്ച് പെർമിറ്റ് മുടക്കിയ ഓവർസിയർ കുടുങ്ങിയത് കെണിപ്പണം വച്ചുള്ള ഓപ്പറേഷനിൽ

പി നാഗരാജ്

തിരുവനന്തപുരം : കെട്ടിട നിർമ്മാണ അനുമതിക്ക് രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ നഗരസഭാ ഓവർസിയറെ തിരുവനന്തപുരം വിജിലൻസ് കോടതി ഫെബ്രുവരി 14 വരെ റിമാന്റ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്കയച്ചു. പത്തനംതിട്ട തിരുവല്ല നഗരസഭയിലെ പൊതുമരാമത്ത് എഞ്ചിനീയറിങ് വിഭാഗത്തിലെ ഓവർസിയർ അയ്യപ്പനെയാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തത്. ഇത്രയായിട്ടും സർക്കാർ ഉദ്യോഗസ്ഥർ പഠിക്കുന്നില്ലേയെന്നും കോടതി നിരീക്ഷിച്ചു.

അവനവന്റെയും കുടുംബത്തിന്റെയും അന്നമാണ് സർക്കാർ ഉദ്യോഗം എന്ന തത്വം മറക്കുന്നവരാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ഉദ്യാഗസ്ഥർ ചെയ്യുന്ന പ്രവൃത്തിയുടെ പരിണിത ഫലം കുടുംബങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓവർസിയറെ വിജിലൻസ് കെണിയൊരുക്കി കുടുക്കിയത്. ബന്ധുവിന്റെ വീട് നിർമ്മാണത്തിന് ബിൽഡിങ് പെർമിറ്റിന് അനുമതി തേടി തിരുവല്ല സ്വദേശി കെ. രാജു എന്നയാൾ 2018 ഒക്ടോബറിൽ തിരുവല്ല നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. ഫയൽ നടപടിക്കായി ഓവർസിയറുടെ സീറ്റിലെത്തി. താൻ കൊടുത്ത പെർമിറ്റ് അപേക്ഷയുടെ വിവരം തിരക്കാനായി ചെന്ന രാജുവിനോട് ഓവർസിയർ രണ്ടായിരം രൂപ കൈക്കൂലി തന്നാൽ മാത്രമേ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ പറ്റുകയുള്ളുവെന്ന് പറഞ്ഞു. പല തവണ മടക്കി അയച്ച് നാൾ നീട്ടി വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജു പത്തനംതിട്ട വിജിലൻസിനെ സമീപിച്ചത്.

വിവരത്തിന് മൊഴി വാങ്ങി പ്രാഥമിക അന്വഷണം നടത്തി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. കെണി അറസ്റ്റ് തെളിയിക്കുന്നതിനായി ഗസറ്റഡ് റാങ്കിലുള്ള രണ്ട് ഔദ്യോഗിക സാക്ഷികളെയും വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തി. തുടർന്ന് അവരുടെ സാന്നിദ്ധ്യത്തിൽ ഫിനോഫ്ത്തലിൻ പൊടി വിതറിയ കെണിപ്പണമായ രണ്ടായിരം രൂപ രാജുവിനെ ഏൽപ്പിച്ച് വിജിലൻസ് ഓഫീസിൽ വച്ച് നോട്ട് നമ്പർ സഹിതം രേഖപ്പെടുത്തി എൻട്രസ്റ്റ്‌മെന്റ് (കെണി തുക ഏൽപ്പിക്കൽ) മഹസർ തയ്യാറാക്കി. കൂടാതെ സോഡിയം കാർബണേറ്റ് ലായനി ബോട്ടിലുകളിൽ നിറച്ച് സീൽ ചെയ്ത് മഹസർ തയ്യാറാക്കി. കെണിപ്പണവും കെണി സാമഗ്രികളുമായി രാജുവിനെയും കൊണ്ട് വിജിലൻസ് സംഘം ഉച്ചയോടെ നഗരസഭ ഓഫീസിലെത്തി.

രാജുവിനെ കെണിപ്പണം ഏൽപ്പിച്ച് ഓവർസിയറുടെ മുറിയിൽ പറഞ്ഞു വിട്ട വിജിലൻസ് മുറിക്ക് പുറത്ത് കാവൽ നിന്നു. രാജുവിൽ നിന്ന് കെണിപ്പണം ഓവർസിയർ വാങ്ങി മേശയുടെ വലിപ്പിൽ വച്ചു. പുറത്തിറങ്ങിയ രാജു സിഗ്‌നൽ കാണിച്ച ഉടൻ വിജിലൻസ് സംഘം ഓദ്യോഗിക സാക്ഷികൾക്കൊപ്പം അകത്ത് പ്രവേശിച്ച് തൊണ്ടി സഹിതം ഓവർസിയറെ പിടികൂടുകയായിരുന്നു. മേശ വലിപ്പിൽ നിന്ന് കെണിപ്പണം കണ്ടെടുത്ത വിജിലൻസ് സോഡിയം കാർബണേറ്റ് ലായനിയിൽ ഓവർസിയറുടെ കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിജിലൻസ് ഏത് സർക്കാർ വകുപ്പിൽ നിന്നും എപ്പോൾ ആവശ്യപ്പെട്ടാലും ഗസറ്റഡ് റാങ്കിലുള്ള രണ്ട് ഔദ്യോഗിക സാക്ഷികളെ വിജിലൻസിന് വിട്ടു നൽകണമെന്ന ചട്ടം വിജിലൻസ് മാന്വലിലും സംസ്ഥാനത്തെ എല്ലാ വകുപ്പ് മേധാവികൾക്കും നൽകിയിട്ടുള്ള വിജിലൻസ് സർക്കുലറിലും നിഷ്‌കർശിച്ചുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP