Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാർ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ദൗത്യസംഘം പൊളിച്ചു നീക്കിയ റിസോർട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധം: വിഎസും സർക്കാരും നൽകിയ പുനഃപരിശോധനാ ഹർജികൾ തള്ളി

മൂന്നാർ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാൻ ദൗത്യസംഘം പൊളിച്ചു നീക്കിയ റിസോർട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി; ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധം: വിഎസും സർക്കാരും നൽകിയ പുനഃപരിശോധനാ ഹർജികൾ തള്ളി

കൊച്ചി: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ നടപടിയാണ് മൂന്നാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കൽ. സർക്കാർ ഭൂമി അനധികൃതമായി കൈയേറി റിസോർട്ട് നിർമ്മിച്ചത് പൊളിച്ചു നീക്കാൻ മുൻ സർക്കാർ ദൗത്യസംഘത്തെ രൂപീകരിച്ചതും പൊളിച്ചു നീക്കുകയും ചെയ്ത നടപടി തെറ്റാണെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ ദൗത്യസംഘം പൊളിച്ചു നീക്കിയ റിസോർട്ടുകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ദൗത്യസംഘത്തിന്റെ പ്രവർത്തനങ്ങൾ നിയമ വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ എം ഷഫീക്ക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. അതേസമയം, കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിന് നിയമാനുസൃതമായ നടപടികളുമായി മുന്നോട്ട് പോവാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. റിസോർട്ട് പൊളിച്ചതിനെ ചോദ്യം ചെയ്ത് പള്ളിവാസൽ വില്ലേജിലെ മൂന്നാർ വുഡ്‌സ്, ചിന്നക്കനാലിലെ ക്ലൗഡ് 9, ആനവിരട്ടി വില്ലേജിലെ അബാദ് റിസോർട്‌സ് എന്നിവ നൽകിയ ഹർജിയിൽ മഞ്ജുള ചെലൂർ ചീഫ് ജസ്റ്റിസ് ആയിരിക്കെ റിസോർട്ടുടമകൾക്ക് അനുകൂല വിധി നൽകിയിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ പുനഃപരിശോധനാ ഹർജി നൽകിയത്. സർക്കാരിനൊപ്പം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ റിവ്യൂ ഹർജിയും കോടതി തള്ളി. സർക്കാർ ഏറ്റെടുത്ത ഭൂമി ഒരു മാസത്തിനകം വിട്ടുകൊടുക്കണം. മൂന്നാർ വുഡ്‌സിന് 15,000 രൂപയും ക്ലൗഡ് 9ന് 10 ലക്ഷം രൂപയുമാണ് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടത്.

വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഏറെ വിവാദമുയർത്തിയ ഒഴിപ്പിക്കൽ നടന്നത്. കെ. സുരേഷ്‌കുമാർ, രാജുനാരായണ സ്വാമി, ഋഷിരാജ് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയത്. മൂന്നാർ വുഡ്‌സിന്റെ 2.84 ഏക്കർ ഭൂമിയിലെ റിസോർട്ടാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് ദൗത്യസംഘം പൊളിച്ചത്. ചിന്നക്കനാലിലുള്ള ക്ലൗഡ് 9ന്റെ മൂന്നര ഏക്കർ സ്ഥലവും കെട്ടിടവുമാണ് ഏറ്റെടുത്ത് പൊളിച്ചത്. അബാദ് റിസോർടസ് നാലുപേരിൽ നിന്നാണ് ഭൂമി വാങ്ങിയത്.

ക്‌ളൗഡ്9, മൂന്നാർ വുഡ്‌സ് എന്നീ റിസോർട്ടുകൾ പൊളിച്ച് ഭൂമി പിടിച്ചെടുത്തത് തിരിച്ചു നൽകാനും അബാദ് റിസോർട്ടിന്റെ പട്ടയം പുനഃസ്ഥാപിക്കാനുമായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല റിസോർട്ടുകൾ പൊളിച്ച് ഭൂമി ഏറ്റെടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിധി. ഇതിനെതിരെയാണ് സർക്കാർ പുനഃപരിശോഖനാ ഹരജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP