Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്; രാജ്യത്തെ എല്ലാ തിയേറ്ററുകളും സിനിമ തുടങ്ങും മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം; ദേശീയ പതാക സ്‌ക്രീനിൽ കാണിക്കുകയും എല്ലാവരും എണീറ്റ് നിൽക്കുകയും വേണം

സിനിമാ തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്; രാജ്യത്തെ എല്ലാ തിയേറ്ററുകളും സിനിമ തുടങ്ങും മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം; ദേശീയ പതാക സ്‌ക്രീനിൽ കാണിക്കുകയും എല്ലാവരും എണീറ്റ് നിൽക്കുകയും വേണം

ന്യൂഡൽഹി: സിനിമാ തിയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. കൂടാതെ സ്‌ക്രീനിൽ ദേശീയ ഗാനത്തിന് മുന്നോടിയായി ദേശീയപതാക പ്രദർശിപ്പിക്കുകയും വേണമെന്നും ആ സമയത്ത് എല്ലാവരും നിർബന്ധമായി എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

ദേശീയ ഗാനം ആലപിക്കപ്പെടുമ്പോൾ എല്ലാവരും അതിനോട് ആദരവും ബഹുമാനവും കാണിക്കണം. രാജ്യസ്‌നേഹവും ദേശഭക്തിയും ഊട്ടിയുറപ്പിക്കാൻ ഇത് സഹായിക്കുമെന്ന് തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നതായി വ്യക്തമാക്കി സുപ്രീംകോടതി നിരീക്ഷിച്ചു. ടിവി ഷോകളിലും സിനിമകളിലും ദേശീയ ഗാനത്തെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ഭോപ്പാലി്ൽ സന്നദ്ധ സംഘടന നടത്തുന്ന ശ്യാം നാരായൺ ആണ് ഹർജി നൽകിയത്. 1960 കാലത്ത് സിനിമാ ഹാളുകളിൽ ദേശീയ ഗാനം നിർബന്ധമായിരുന്നു. പക്ഷേ പിന്നീട് ഇത് പതിയെ ഇല്ലാതാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സുപ്രീം കോടതി ഉത്തരവ്.

 ഉത്തരവ് നടപ്പിലായോ എന്ന് നിരീക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.കൂടാതെ വാണിജ്യ താത്പര്യങ്ങൾക്കായി ദേശീയഗാനത്തെ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.ദേശീയ ഗാനം തിയറ്ററുകളിൽ നിർബന്ധമാക്കിയ ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഉടൻ കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി.ദൃശ്യപത്ര മാദ്ധ്യമങ്ങൾ വഴി പൊതുജനങ്ങളെ ഇക്കാര്യം അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു.

യോഗ്യമല്ലാത്ത വസ്തുക്കളിൽ ദേശീയഗാനം അച്ചടിക്കരുതെന്നും സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള പരസ്യ ചിത്രീകരണം നടത്തുകയോ നാടകീയമായി അവതരിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേൾപ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശം വേണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.

നിലവിൽ മഹാരാഷ്ട്ര ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ നിബന്ധനകൾ നടപ്പിലായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ദേശീയ ഗാനം അവതരിപ്പിക്കപ്പെടുമ്പോൾ എഴുന്നേറ്റു നിൽക്കാത്തതിനെ ചൊല്ലി സംഘർഷവും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ കേരളത്തിലും ഇത്തരമൊരു പ്രശ്‌നം ഉയർന്നിരുന്നു. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ സൽമാൻ മുഹമ്മദിനെതിരെ ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് നേരത്തെ കേസെടുത്തിരുന്നു. തിരുവനന്തപുരം നിള തിയറ്ററിൽ ദേശീയ ഗാനം സിനിമയ്ക്ക് മുൻപായി പ്രദർശിപ്പിച്ചപ്പോൾ എഴുന്നേറ്റില്ലെന്നും കൂക്കിവിളിച്ചെന്നുമായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. സൽമാനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയാണ് അന്ന് പൊലീസ് കേസെടുത്തിരുന്നതും.

ഇതിനു പുറമെ ഫേസ്‌ബുക്കിലൂടെ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് ഐടി ആക്റ്റ് പ്രകാരവും സൽമാനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 2014 ഓഗസ്റ്റ് 20ന് പാതിരാത്രി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് തിയറ്ററിനുള്ളിലെ ദേശീയഗാനം ചർച്ചയാകുകയും നിരവധി പ്രതിഷേധങ്ങൾ സൽമാനായി അരങ്ങേറുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP