Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളിക്കാൻ പോകുന്നതിനിടെ സ്വർണാഭരണം ആവശ്യപ്പെട്ട ഭർത്താവിനെ ചെരിപ്പൂരി അടിച്ചു; വടപുറം പുഴയ്ക്ക് സമീപം യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നത് ഭർത്താവ് തന്നെ; നിലമ്പൂർ സ്വദേശിനി ലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി കോടതിയിൽ ഉടൻ ആരംഭിക്കും; തട്ടിയെടുത്ത സ്വർണം കണ്ടെത്തിയത് ഡിണ്ടിഗലിലെയും ഏലൂരിലേയും ജൂവലറികളിൽ നിന്ന്

കുളിക്കാൻ പോകുന്നതിനിടെ സ്വർണാഭരണം ആവശ്യപ്പെട്ട ഭർത്താവിനെ ചെരിപ്പൂരി അടിച്ചു; വടപുറം പുഴയ്ക്ക് സമീപം യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നത് ഭർത്താവ് തന്നെ; നിലമ്പൂർ സ്വദേശിനി ലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി കോടതിയിൽ ഉടൻ ആരംഭിക്കും; തട്ടിയെടുത്ത സ്വർണം കണ്ടെത്തിയത് ഡിണ്ടിഗലിലെയും ഏലൂരിലേയും ജൂവലറികളിൽ നിന്ന്

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ നാളെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ആരംഭിക്കും. 2013 ഓഗസ്റ്റ് 31ന് രാവിലെ പതിനൊന്നര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. തമിഴ്‌നാട് ഡിണ്ടിഗൽ ഐലൂർ പെരുമാൾ കോവിൽപ്പെട്ടി സുബ്ബയ്യയുടെ മകൻ ബാൽദാസ് (38) ആണ് പ്രതി. ഭാര്യ ലക്ഷ്മിയോടൊത്ത് നിലമ്പൂരിൽ താമസിച്ചു വരികയായിരുന്നു പ്രതി. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം പുഴയിലേക്ക് പോകുകയായിരുന്നു. നിലമ്പൂർ അരുവാക്കോട് വുഡ് കോംപ്ലക്സിന് സമീപമുള്ള തേക്കിൻതോട്ടത്തിൽ എത്തിയപ്പോൾ ഇരുവരും വഴക്കിലേർപ്പെട്ടു.

ലക്ഷ്മിയുടെ ആഭരണങ്ങൾ ബാൽദാസ് ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണം. ഇതിനെ തുടർന്ന് ലക്ഷ്മി ചെരിപ്പ് ഊരി ഭർത്താവിനെ അടിച്ചു. ഇതിൽ പ്രകോപിതനായ ബാൽദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയും ചെയ്തുവെന്നാണ് കേസ്. നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തിരുന്നു. കേസന്വേഷണത്തിനും തെളിവെടുപ്പിനുമായി 2013 സെപ്റ്റംബർ 25ന് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കവർന്ന സ്വർണ്ണ കമ്മൽ തമിഴ്‌നാട് ഡിണ്ടിഗലിലെ ഐലൂരിലെയും മാല ഏറിയോടിലെ ജൂവലറികളിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും. അതേ സമയം രണ്ടു മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ വീട്ടമ്മ സ്വന്തം കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തുവെന്ന കേസിന്റെ വിചാരണ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ നാളെ ആരംഭിക്കും. 2013 ഡിസംബർ 18ന് രാവിലെ ഏഴ് മണിക്കാണ് കേസിന്നാസ്പദമായ സംഭവം. കല്പകഞ്ചേരി അനന്താവൂർ ചേരൂരാലിൽ പറമ്പിൽ മൊയ്തുട്ടിയുടെ മകൾ അയിഷ (30) ആണ് കേസിലെ പ്രതി.

ആയിഷയുടെ ഭർത്താവ് പുത്തൻപറമ്പിൽ റഫീഖ് വിദേശത്ത് ജോലി ചെയ്തു വരികയാണ്. ഭാര്യയുടെ ചാരിത്ര്യശുദ്ധിയിൽ സംശയാലുവായ ഭർത്താവ് ആയിഷയെ മൊഴിചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം മക്കളായ മുഹമ്മദ് ഷിബിൽ (ഒമ്പത്), ഫാത്തിമ റഫീദ (ഏഴ്) എന്നിവരെ വീടിനടുത്തുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ആയിഷ സ്വന്തം കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കേസ്. ഓടിക്കൂടിയ നാട്ടുകാർ കുട്ടികളെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മക്കളെ രക്ഷിക്കാനായില്ല. 25 സാക്ഷികളുള്ള കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും.

മുപ്പത്തെട്ടുകാരി ആസിഡ് കഴിച്ച് മരിച്ച കേസിന്റെ സാക്ഷി വിസ്താരംഇന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിച്ചു. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി അബുബക്കറിന്റെ ഭാര്യ മൈമൂന (38) ആണ് മരിച്ചത്. 2013 നവംബർ അഞ്ചിന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് മൈമൂനയെ ആസിഡ് അകത്തു ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നവംബർ എട്ടിന് രാവിലെ ആറുമണിക്ക് മരണപ്പെടുകയായിരുന്നു.

ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടർന്ന് അയൽവാസിയായ അജ്മൽ എന്ന പതിനെട്ടുകാരൻ മൈമൂനയെ കുറിച്ച് അപവാദം പറയുകയും നഗ്നഫോട്ടോ കാണിച്ച് ഫോണിലും നേരിലും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്നലെ മരണപ്പെട്ടയുടെ മൈമൂനയുടെ മാതാവ് ആമിന, ഭർത്താവ് അബുബക്കർ എന്നിവരെയാണ് വിസ്തരിച്ചത്. പത്തൊമ്പത് സാക്ഷികളുള്ള കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP