Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രേഖകളിൽ ഒപ്പുവച്ചു വാങ്ങാൻ മാത്രമാണ് ഉപദേശിച്ചത്; ഈ കൊലപാതകത്തിൽ പങ്കില്ലെന്ന വാദത്തെ പൊളിച്ച് പ്രോസിക്യൂഷന്റെ പുഴിക്കടകൻ; കേസ് ഡയറിയും ഫോൺ കോൾ രേഖകളും നൽകി വക്കീലിനെ അഴിക്കുള്ളിൽ തളച്ച് പൊലീസ്; നിയമപോരാട്ടത്തിന്റെ തഴക്കവും പഴക്കവും സ്വന്തം കേസിൽ ഏശുന്നില്ല; പൊതുജനത്തിന്റെ കൈയടിവാങ്ങി പേരെടുത്ത വക്കീലിന് ഇന്നും ജാമ്യമില്ല; രാജീവ് കൊലക്കേസ് പ്രതി അഡ്വ ഉദയഭാനും ജയിലിൽ തുടരും

രേഖകളിൽ ഒപ്പുവച്ചു വാങ്ങാൻ മാത്രമാണ് ഉപദേശിച്ചത്; ഈ കൊലപാതകത്തിൽ പങ്കില്ലെന്ന വാദത്തെ പൊളിച്ച് പ്രോസിക്യൂഷന്റെ പുഴിക്കടകൻ; കേസ് ഡയറിയും ഫോൺ കോൾ രേഖകളും നൽകി വക്കീലിനെ അഴിക്കുള്ളിൽ തളച്ച് പൊലീസ്; നിയമപോരാട്ടത്തിന്റെ തഴക്കവും പഴക്കവും സ്വന്തം കേസിൽ ഏശുന്നില്ല; പൊതുജനത്തിന്റെ കൈയടിവാങ്ങി പേരെടുത്ത വക്കീലിന് ഇന്നും ജാമ്യമില്ല; രാജീവ് കൊലക്കേസ് പ്രതി അഡ്വ ഉദയഭാനും ജയിലിൽ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരളത്തിലെ പ്രമുഖനായ നിയമ വിദഗ്ധൻ. നിയമ പോരാട്ടത്തിന്റെ തഴക്കവും പഴക്കവും കൈമുതലായ വ്യക്തി. ഇങ്ങനെ ഏവരുടേയും കൈയടി വാങ്ങിയ സിപി ഉദയഭാനു. ഈ നിയമവിദഗ്ധന് ഇന്നും ജയിൽ മോചനമില്ല. ചാലക്കൂടി രാജീവ് വധക്കേസിൽ പൊലീസ് അറസ്റ്റു ചെയ്ത സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇത്.

ഉദയഭാനുവിനെ 14 ദിവസത്തേക്ക് കോടതി നേരത്തെ റിമാൻഡ് ചെയ്തിരുന്നു. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. ഇപ്പോൾ ജാമ്യം നൽകിയാൽ കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പൊലീസിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കേസ് ഡയറിയും കേസിൽ നിർണായക തെളിവുകളായ ഫോൺകാൾ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് മുഖവിലയ്‌ക്കെടുത്താണ് ജാമ്യം കോടതി നിഷേധിച്ചത്.

രാജീവ് വധം നാലു പ്രതികളുടെ കയ്യബദ്ധമായിരുന്നുവെന്നും തനിക്കതിൽ പങ്കില്ലെന്നും ഉദയഭാനു വെളിപ്പെടുത്തിയിരുന്നു. രാജീവിനെക്കൊണ്ട് രേഖകളിൽ ഒപ്പുവച്ചു വാങ്ങാൻ മാത്രമാണ് ഉപദേശിച്ചത്. ഇല്ലാതെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലക്കുട സബ് ജയിലിലാണ് ഉദയഭാനു ഉള്ളത്. ഉദയഭാനുവിന് ജാമ്യം അനുവദിക്കരിതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസിലെ മറ്റു പ്രതികളുമായി ഫോണിൽ സംസാരിച്ചത് ഗൂഢലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

പരിയാരം തവളപ്പാറയിൽ കോൺവെന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ സെപ്റ്റംബർ 29 ന് രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭൂമി ഇടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി ബലമായി കടത്തിക്കൊണ്ടുവന്നതിനുശേഷം രേഖകളിൽ ഒപ്പുവെപ്പിക്കുമ്പോൾ മരണം സംഭവിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. സെപ്റ്റംബർ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റിലെ സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.

കൊല്ലപ്പെട്ട രാജീവും ഉദയഭാനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും പാലക്കാട്ട് ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയ പണം ഇടപാട് നടക്കാത്തതിനെത്തുടർന്ന് തിരികെ ലഭിക്കാൻ ഉദയഭാനു ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഉദയഭാനുവിനെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നവംബർ ഒന്നിനാണ് അറസ്റ്റ് ചെയ്തത്. രാജീവിന്റെ അങ്കമാലിയിലെ വീട്ടിൽ ഉദയഭാനു പലതവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാണാതായ രാജീവ് അബോധാവസ്ഥയിൽ വാടകവീട്ടിലുണ്ടെന്ന വിവരം ഉദയഭാനു പൊലീസിനെ ഫോണിൽ വിളിച്ചു പറഞ്ഞത് റെക്കോർഡ് ചെയ്തതാണ് ഉദയഭാനുവിനെ കുഴക്കുന്നത്.

ചാലക്കുടി രാജീവ് കൊലക്കേസിൽ അഡ്വ.സി.പി. ഉദയഭാനുവിനെ പ്രതി ചേർക്കാൻ ഒന്നിനു പുറകെ ഒന്നായി തെളിവുകൾ നിരത്തുകയാണ് പൊലീസ്. വസ്തു ഇടപാട് തുടങ്ങിയതു മുതൽ രാജീവും ഉദയഭാനുവും നല്ല സുഹൃത്തുക്കളായി മാറിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിരുന്നു. അങ്കമാലിയിൽ രാജീവിന്റെ വീട്ടിൽ ഉദയഭാനു നിത്യസന്ദർശകനായിരുന്നു. അന്ന്, ഇരുവരും തമ്മിലുള്ള സൗഹൃദം പൊലീസിന് ദൃശ്യങ്ങളിലെ പെരുമാറ്റങ്ങളിൽ വ്യക്തമാണ്. പിന്നീട്, വസ്തു ഇടപാടിനെ ചൊല്ലി ഉദയഭാനുവുമായി തെറ്റിയെന്നതിന് തെളിവായി രാജീവ് നൽകിയ പരാതികളും ഹർജിയും. വസ്തു ഇടപാടിൽ അഭിഭാഷകന് നഷ്ടപ്പെട്ട എഴുപതു ലക്ഷം തിരിച്ചുപിടിക്കാൻ ചാലക്കുടി ഡിവൈ.എസ്‌പി സി.എസ്.ഷാഹുൽഹമീദിന്റെ സഹായംതേടി ഉദയഭാനു വിളിച്ചിരുന്നു. അന്ന്, രാജീവിനെ കസ്റ്റഡിയിലെടുക്കാനും ഭീഷണിപ്പെടുത്താനും അഭിഭാഷകൻ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥൻ കൂട്ടുനിന്നില്ല.

ഈ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തതും തെളിവായി മാറി. പിന്നെ, ചക്കര ജോണിയും ഉദയഭാനുവും തമ്മിലുള്ള ഫോൺവിളികളുടെ പട്ടിക മറ്റൊരു നിർണായക തെളിവ്. രാജീവിനെ ബന്ദിയാക്കിയ ദിവസം ജോണിയുടേയും രജ്ഞിത്തിന്റേയും ഉദയഭാനുവിന്റേയും ടവർ ലൊക്കേഷനുകളും ഉദയഭാനുവിനെ പ്രതിയാക്കാൻ കാരണമായി. എന്നാൽ , രാജീവ് ബന്ദിയാക്കപ്പെട്ട വിവരം ജോണിയിൽ നിന്ന് അറിഞ്ഞ ഉടനെ പൊലീസിനെ ഫോണിൽ വിളിച്ചത് സഹായിക്കാനാണെന്നാണ് അഭിഭാഷകന്റെ വാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP