Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അറസ്റ്റിലായിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കൈവിടാതെ പൊലീസ്; ജാമ്യം തള്ളിയ പാലാ മജിസ്‌ട്രേറ്റ് കോടതി ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഫ്രാങ്കോയുടെ അഭിഭാഷകൻ എതിർക്കാതിരുന്നത് ഒരു ദിവസം പോലും ജയിലിൽ ഉറങ്ങാതിരിക്കാൻ അവസരം ഒരുക്കാൻ; കസ്റ്റഡിയിൽ വിട്ട ഫ്രാങ്കോയ്ക്ക് ഇന്ന് കോട്ടയം പൊലീസ് ക്ലബിൽ വിശ്രമവും അന്തിയുറക്കവും; നാളെ കുറുവിലങ്ങാട്ട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്

അറസ്റ്റിലായിട്ടും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കൈവിടാതെ പൊലീസ്; ജാമ്യം തള്ളിയ പാലാ മജിസ്‌ട്രേറ്റ് കോടതി ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഫ്രാങ്കോയുടെ അഭിഭാഷകൻ എതിർക്കാതിരുന്നത് ഒരു ദിവസം പോലും ജയിലിൽ ഉറങ്ങാതിരിക്കാൻ അവസരം ഒരുക്കാൻ; കസ്റ്റഡിയിൽ വിട്ട ഫ്രാങ്കോയ്ക്ക് ഇന്ന് കോട്ടയം പൊലീസ് ക്ലബിൽ വിശ്രമവും അന്തിയുറക്കവും; നാളെ കുറുവിലങ്ങാട്ട് മഠത്തിലെത്തിച്ച് തെളിവെടുപ്പ്

അർജുൻ സി വനജ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ പാല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി രണ്ട് ദിവസം മാത്രമാണ് കസ്റ്റഡിയിൽ അനുവദിച്ചത്. ഇന്നുച്ചയ്ക്ക് 2.30 മുതൽ 24ന് ഉച്ചയ്ക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ നൽകുന്നതിനെ ബിഷപ്പിന്റെ അഭിഭാഷകൻ എതിർത്തിരുന്നില്ല. ഇത് ജയിലിൽ ബിഷപ്പ് കഴിയുന്ന സാചര്യം ഒഴിവാക്കാൻ വേണ്ടിയായിരുന്നു. രക്തസാംപിളും ഉമിനീർ സാംപിളും പൊലീസ് ബലമായി ശേഖരിച്ചെന്ന് അപേക്ഷയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളിൽ കോടതി ഒന്നും പറഞ്ഞില്ല.

ബിഷപ്പിനെ കസ്റ്റഡിയിൽ വേണെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ അനുമതിയില്ലാതെ ബിഷപ്പിന്റെ ശരീരത്തിൽ നിന്നും രക്തവും ഉമിനീരും പൊലീസ് ശേഖരിച്ചെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ ആരോപിച്ചു. ആരോഗ്യ പ്രശ്നം ഉള്ള ആളാണ്. കൂടാതെ പ്രതി അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും പറഞ്ഞാണ് പൊലീസിന്റെ ആവശ്യത്തെ പ്രതിഭാഗം എതിർത്തത്. ബിഷപ്പ് ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ഏഴ് മണിക്കൂറോളം ജലന്ധറിലും മൂന്ന് ദിവസം തൃപ്പൂണിത്തറയിലും ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കെട്ടിച്ചമച്ച കേസാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.

നാളെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് പൊലീസ തെളിവെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസത്തെ സമയത്തിനുള്ളിൽ പൊലീസിന് തെളിവെടുപ്പും മറ്റും പൂർത്തിയാക്കേണ്ടതുണ്ട്. കൊച്ചിയിൽ നിന്നു കൊണ്ടുവരുമ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ബിഷപ്പിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. തുടർന്ന് ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തി. ബിഷപ്പിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നു ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് രാവിലെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് ചികിൽസ രേഖകൾ ശേഖരിച്ചതിനുശേഷമാണ് ബിഷപ്പിനെ കോടതിയിലെത്തിച്ചത്.

ജൂൺ 17ന് നൽകിയ പരാതിയിൽ 84ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ ബിഷപ്പിനോട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞുവെന്ന് റിമാൻഡ് റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കുകയുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് പരാതിക്കാരി ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.

2014ൽ ഈ സംഭവം നടക്കുമ്പോൾ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസ് കണ്ടെടുക്കേണ്ടതുണ്ട്. അതുപോലെതന്നെ ലാപ്ടോപ് കസ്റ്റഡിയിലെടുക്കണം. ഡിഎൻഎ സാമ്പിൾ എടുക്കേണ്ടതുണ്ട്. ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കന്യാസ്ത്രീകൾ ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂർ തങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ ഇടയനൊപ്പം ഒരുദിനത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ വേളയിൽ സൂപ്രണ്ടിന്റെ മുറിയാണ് കോടതി വിശ്രമിക്കാനായി അനുവദിച്ചത്.

രണ്ട് ദിവസം കുറവിലങ്ങാട് മഠത്തിൽ പ്രതി താമസിച്ചാണ് കുറ്റകൃത്യം നടത്തിയത്. ബിഷപ്പിനെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കണം. പല രീതിയിൽ ബിഷപ്പ് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചു. എതിർത്താൽ സഭ വിടേണ്ടി വരുമെന്ന കന്യാസ്ത്രീയുടെ സാഹചര്യത്തെ ചൂഷണം ചെയ്താണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിഷപ്പ് എന്ന പദവി പ്രതി ഇതിനായി ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബിഷപ് അധികാരമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. ഭീഷണി കാരണമാണു കന്യാസ്ത്രീ ആദ്യം മൗനം പാലിച്ചത്. സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണു പരാതി നൽകാൻ കന്യാസ്ത്രീ തയാറായതെന്നും റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. എ.എഫ്.ഐ ആറിൽ പറയുന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP