Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീകോടതി; സിബിഐ ജഡ്ജിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് കോടതി; ഗൂഢലക്ഷ്യം വെച്ചുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്; കേസിൽ ഹാജരായ അഭിഭാഷകർക്ക് അടക്കം വിമർശനം; അമിത് ഷാ ആരോപണ വിധേയനായ കേസിലെ വിധി ബിജെപിക്കും ആശ്വാസം പകരുന്നു

ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീകോടതി; സിബിഐ ജഡ്ജിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് കോടതി; ഗൂഢലക്ഷ്യം വെച്ചുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്; കേസിൽ ഹാജരായ അഭിഭാഷകർക്ക് അടക്കം വിമർശനം; അമിത് ഷാ ആരോപണ വിധേയനായ കേസിലെ വിധി ബിജെപിക്കും ആശ്വാസം പകരുന്നു

ന്യൂഡൽഹി: സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. കേസിൽ ഹാജരായ അഭിഭാഷകരെ വിമർശിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. നിഗൂഢ ലക്ഷ്യത്തോടെയുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്ന കോടതി വിധിയിൽ പറഞ്ഞു. അഞ്ച് ഹർജികളാണ് കോടതി ഇന്ന് തീർപ്പാക്കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖൻവിൽക്കർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. മഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകൻ ബി.ആർ. ലോനെ, കോൺഗ്രസ് നേതാവ് തെഹ്‌സീൻ പൂനാവാല എന്നിവരുടേത് ഉൾപ്പെടെ അഞ്ച് ഹർജികളാണ് പരിഗണിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ജഡ്ജിമാരായ ശ്രീകാന്ത് കുൽക്കർണി, ശ്രീരാം മോദക്, ആർ റാഠി, വിജയകുമാർ ബർദെ എന്നിവർ നൽകിയ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നു കോടതി നിരീക്ഷിച്ചു. ഗൂഢലക്ഷ്യങ്ങളോടു കൂടിയുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്നും ഹർജിക്കാർ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു.

നേരത്തെ ലോയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടക്കം പുറത്തുവന്നത് ദുരൂഹതകൾ ഉയർത്തുന്നതായിരുന്നു. മഹാരാഷ്ട്രയിലെ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഡോക്ടർ, ലോയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്നും നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്നും കാരവൻ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ അന്വേഷണം ആവശ്യമില്ലെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

രേഖകൾ പ്രകാരം, നാഗ്പൂർ സർക്കാർ മെഡിക്കൽ കോളേജിൽ ഡോ. എൻകെ തുംറാം ആണ് പോസ്റ്റ് മോർട്ടം നടത്തിയിരിക്കുന്നത്. എന്നാൽ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൽ ധനമന്ത്രിയായ സുധീർ മുംഗൻതിവാറിന്റെ ബന്ധുവായ ഡോ. മകരന്ദ് വ്യവഹാരെയാണ് പോസ്റ്റ് മോർട്ടം നടത്തിയതെന്ന് കാരവന്റെ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മഹാരാഷ്ട്ര ബിജെപി സർക്കാരിൽ രണ്ടാമനെന്ന പദവിയുള്ള വ്യക്തിയാണ് സുധീർ മുംഗൻതിവാർ. 2014ലായിരുന്നു ലോയയുടെ പോസ്റ്റ്‌മോർട്ടം നടന്നത്. പോസ്റ്റ് മോർട്ടം നടത്താൻ വ്യവഹാരെ പ്രത്യേക താതപര്യമെടുത്തിരുന്നതായും ആരോപണം ഉയരുന്നണ്ട്.

തലയുടെ പരിശോധനയുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്ത ജൂനിയർ ഡോക്ടറെ ഇയാൾ വഴക്കുപറയുകയും ചെയ്തതായി പങ്കെടുത്ത മറ്റുള്ളവർ വെളിപ്പെടുത്തി. ലോയയുടെ തലക്കുപിന്നിലെ മുറിവുപരിശോധിക്കുന്ന സമയത്താണ് തർക്കങ്ങൾ ഉടലെടുത്തത്.പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലക്കുപിന്നിൽ മുറിവില്ലെന്നാണ് വിശദീകരിക്കുന്നത്. എന്നാൽ മുറിവുണ്ടായിരുന്നതായി മറ്റു ജീവനക്കാർ ഉറപ്പിച്ചു പറയുന്നു. റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയെന്നും തെറ്റായ റിപ്പോർട്ട് സമർപ്പിച്ചെന്നും ഇവർ വിശദീകരിച്ചു. അതേസമയം, വ്യവഹാരെയുടെ നിരന്തര പീഡനം സഹിക്കവയ്യാതെ 2015 നവംബർ 15ന് മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനും ശ്രമം നടത്തിയിരുന്നു. ഡോ. നിതിൻ ഷർനാഗാട്ടാണ് അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

സൊറാബുദ്ദീൻ ഷെയ്ഖ് കേസും ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവും

സൊറാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദിൽ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറിൽ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നാണു കേസ്. സംഭവത്തിനു സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തിൽ 2006 ഡിസംബറിൽ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസും സൊഹ്‌റാബുദീൻ കേസും ഒരുമിച്ചാക്കാൻ 2013ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളിൽ 15 പേരെ കോടതി വിട്ടയച്ചു. ഇതിൽ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.

കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് ബി.എച്ച്.ലോയയ്ക്ക് പണവും സമ്പത്തും വാഗ്ദാനങ്ങളായി ലഭിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷനും വെളിപ്പെടുത്തിയിരുന്നു 'നിരവധി തവണ പണവും ഭൂമിയും വീടും വാഗ്ദാനങ്ങളും ലഭിച്ചു. എന്നാൽ അതെല്ലാം ലോയ തള്ളിക്കളയുകയായിരുന്നു. ആ കേസ് ലോയയെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നു. ജോലി രാജിവെച്ച് ഒഴിയാനോ സ്ഥലംമാറ്റം ലഭിക്കാനോ ലോയ ആഗ്രഹിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷൻ പറയുന്നത്.

ലോയയുടെ മരണത്തിനു പിന്നാലെ ഇത് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. പിന്നീട് എംബി ഗോസാവിയാണ് കേസ് കൈകാര്യം ചെയ്തത്. ഡിസംബർ 15 മുതൽ ഗോസാവിയാണ് കേസിൽ വാദം കേട്ടത്.ലോയയുടെ മരണം കഴിഞ്ഞ ഒരു മാസം പൂർത്തിയാവുന്ന് ഡിസംബർ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവ് പുറത്തുവന്നു.അമിത് ഷായ്‌ക്കെതിരെ വ്യക്തവും മതിയായതുമായ തെളിവ് ഇല്ലെന്നും കേസ് അന്വേഷിച്ച സിബിഐ അനുമാനങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി എംബി ഗോസാവിയുടെ ഉത്തരവ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അമിത് ഷായെ 2005-06 കാലയളവിൽ നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സിബിഐ പ്രതിചേർത്തിരുന്നു.

ലോയയ്ക്ക് ലഭിച്ച മോഹന വാഗ്ദാനങ്ങൾ

കേസിൽ അനുകൂല വിധി പുറപ്പെടുവിക്കാൻ, അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണു ലോയ സഹോദരിയോട് പറഞ്ഞത്. അനുകൂല വിധി പറയാൻ ലോയയ്ക്കു വലിയ തോതിൽ പണവും മുംബൈയിൽ വീടും ചിലർ കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിരുന്നതായി പിതാവ് ഹർകിഷനും വെളിപ്പെടുത്തി. ബിയാനിയുടെ വെളിപ്പെടുത്തലിനെപ്പറ്റി മോഹിത് ഷായുടെയോ മറ്റുള്ളവരുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.

2014 ഡിസംബർ ഒന്നിനു പുലർച്ചെ നാഗ്പുരിലായിരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെങ്കിലും ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതാണു ദുരൂഹത സൃഷ്ടിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടത്തുന്ന ജഡ്ജി മരിച്ചത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു തൃണമൂൽ കോൺഗ്രസും സൊഹ്‌റാബുദീന്റെ സഹോദരനും രംഗത്തെത്തിയെങ്കിലും നടപടിയുണ്ടായില്ല. ലോയയുടെ ഭാര്യ ഷർമിളയും മകൻ അനൂജും ഭയം കാരണം ഇപ്പോഴും ഒന്നും പറയുന്നില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വൈരുധ്യങ്ങൾ, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകൾ, മൃതദേഹം ബന്ധുക്കൾക്കു കൈമാറുമ്പോഴുള്ള അവസ്ഥ ഉൾപ്പെടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉയർത്തുന്നത്. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാൻ 2012ലാണു സുപ്രീം കോടതി ഉത്തരവിട്ടത്. ഒരു ജഡ്ജി തന്നെ വാദം പൂർണമായി കേൾക്കണമെന്നും ഉത്തരവിടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP