Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി ചിദംബരത്തിന് ഒടുവിൽ തീഹാർ ജയിൽ വാസവും; കോൺഗ്രസ് നേതാവിനെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്; മുൻ കേന്ദ്രമന്ത്രിയെ പാർപ്പിക്കുക സുരക്ഷിതവും സൗകര്യങ്ങളും ഉള്ള ജയിൽ മുറിയിൽ

പി ചിദംബരത്തിന് ഒടുവിൽ തീഹാർ ജയിൽ വാസവും; കോൺഗ്രസ് നേതാവിനെ റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്; മുൻ കേന്ദ്രമന്ത്രിയെ പാർപ്പിക്കുക സുരക്ഷിതവും സൗകര്യങ്ങളും ഉള്ള ജയിൽ മുറിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒടുവിൽ ചിദംബരം തീഹാർ ജയിലിലേക്ക്. ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രത്യേക സിബിഐ കോടതിയാണ് ചിദംബരത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതോടെ അദ്ദേഹം തിഹാർ ജയിലിൽ കഴിയേണ്ടി വരും. ചിദംബരത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തെ ഈ മാസം 19 വരെ തിഹാർ ജയിലിൽ പാർപ്പിക്കും.

സുരക്ഷിതമായതും സൗകര്യങ്ങളുള്ളതുമായ ജയിൽമുറി അനുവദിക്കണമെന്ന ചിദംബരത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. 74 കാരനായ മുൻ കേന്ദ്രമന്ത്രിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടരുതെന്ന് കപിൽ സിബൽ വാദിച്ചു. ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാൻ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയും മുൻ ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സുരക്ഷയും, മരുന്നുകളും നൽകണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്റ്റേൺ ടോയ്ലറ്റും അനുവദിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങൾ അംഗീകരിച്ചു.

അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ കീഴടങ്ങാൻ തയ്യാറാണെന്ന് കാണിച്ചുള്ള അപേക്ഷയും ചിദംബരത്തിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഈ വിഷയത്തിൽ കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് മറുപടി ചോദിച്ചിട്ടുണ്ട്. അപേക്ഷ ഈ മാസം 12ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഇപ്പോൾ മുൻകൂർ ജാമ്യം നൽകുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതോടെയാണ് സിബിഐ കസ്റ്റഡിയിൽ റിമാന്റിലായിരുന്ന ചിദംബരത്തിന്റെ നില കൂടുതൽ പരുങ്ങലിലായത്. അറസ്റ്റും തിഹാർ ജയിലുമൊക്കെ ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി തീരുമാനം.

ചിദംബരത്തെ കുപ്രസിദ്ധമായ തിഹാർ ജയിലിൽ അയക്കാതിരിക്കാൻ കോടതി തന്നെ നേരത്തേ ഇളവുകൾ നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ 15 ദിവസമായി സിബിഐ കസ്റ്റഡിയിലായിരുന്നു. ഈ സമയം സിബിഐ ആസ്ഥാനത്തെ സ്യൂട്ട് റൂമിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP