Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോൾ മുത്തൂറ്റ് കൊലക്കേസ്: ഒന്നാം പ്രതി കുന്നേൽ ജയച്ചന്ദ്രന് ജാമ്യം നിഷേധിച്ച് സിബിഐ കോടതി; ജാമ്യ വ്യവസ്ഥകൾ പാലിക്കാതെ കണ്ണുമടച്ച് ജാമ്യം നൽകാനാവില്ല; മതിയായ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവ്

പോൾ മുത്തൂറ്റ് കൊലക്കേസ്: ഒന്നാം പ്രതി കുന്നേൽ ജയച്ചന്ദ്രന് ജാമ്യം നിഷേധിച്ച് സിബിഐ കോടതി; ജാമ്യ വ്യവസ്ഥകൾ പാലിക്കാതെ കണ്ണുമടച്ച് ജാമ്യം നൽകാനാവില്ല; മതിയായ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: മുത്തൂറ്റ് പോൾ. എം. ജോർജ് കൊലക്കേസിൽ ഒന്നാം പ്രതി കുന്നേൽ ജയച്ചന്ദ്രന് (46) തിരുവനന്തപുരം സിബിഐ കോടതി ജാമ്യം നിഷേധിച്ചു. കൊലക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന ഒന്നാം പ്രതിയായ ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിൽ നാലു മുക്ക് ജംഗ്ഷന് സമീപം കുന്നേൽ വീട്ടിൽ തങ്കപ്പൻ മകൻ ജയച്ചന്ദ്രനാണ് ജാമ്യം നിഷേധിച്ചത്.

പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവുമായി ജാമ്യക്കാരായി എത്തിയ ജയച്ചന്ദ്രന്റെ മാതാവ് പൊന്നമ്മ , ഭാര്യ എന്നിവരെ സിബിഐ ജഡ്ജി സനിൽകുമാർ മടക്കി അയച്ചു. ചങ്ങനാശ്ശേരിയിലെ അഭിഭാഷകന്റെ ഹാജരാകൽ മെമോ ഹാജരാക്കത്തതിനാലും ജാമ്യ വസ്തുക്കളുടെ കരച്ചീട്ട് മാത്രം ഹാജരാക്കിയെന്നുമുള്ള കാരണം പറഞ്ഞാണ് കോടതി ജാമ്യക്കാരെ തിരിച്ചയച്ചത്. ഹൈക്കോടതി ജാമ്യ ഉത്തരവിൽ പറയുന്ന ചങ്ങനാശ്ശേരിയിലെ അഭിഭാഷകനെ കൂട്ടി വരാനും ജാമ്യ വസ്തുക്കളുടെ അസ്സൽ പ്രമാണം ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം സിബിഐ കോടതിയിലെ മുഴുവൻ കേസ് റെക്കോഡുകളും പ്രതികളുടെ അപ്പീൽ ഹർജികൾ പരിഗണിക്കുന്നതിലേക്കായി ഹൈക്കോടതിയിലേക്ക് അയച്ചതിനാലും സി ബി ഐ കോടതിയിൽ കേസിന്റെ യാതൊരു രേഖകളുമില്ലെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതി നിർദ്ദേശിച്ച ജാമ്യവ്യവസ്ഥകൾ പാലിക്കാതെ കണ്ണുമടച്ച് ജാമ്യം നൽകാനാവില്ലെന്നും കോടതി പുതുതായി ഹാജരായ അഭിഭാഷകനെ അറിയിച്ചു. അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും അടങ്ങുന്ന ജാമ്യ ബോണ്ട് കീഴ്‌ക്കോടതിയിൽ കെട്ടിവയ്ക്കണം. ജയച്ചന്റെ പാസ്‌പോർട്ട് കോടതിയിൽ കെട്ടിവക്കണം. പാസ്‌പോർട്ട് എടുത്തിട്ടില്ലെങ്കിൽ അത് സംബന്ധിച്ച സത്യവാങ്മൂലം ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പോൾ മുത്തൂറ്റ് കൊലക്കേസ് , ഗൂഢാലോചന നടത്തി സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ് എന്നീ രണ്ട് കേസുകളിലാണ് തിരുവനന്തപുരം സിബിഐ കോടതി വിചാരണ നടത്തി ജയച്ചന്ദനടക്കമുള്ള14 പ്രതികളെ ശിക്ഷിച്ചത്. കൃത്യത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ സിബിഐ മാപ്പുസാക്ഷികളാക്കി 14 പ്രതികൾക്കെതിരെ കോടതിയിൽ മൊഴി കൊടുപ്പിച്ചിരുന്നു. 2015 ലാണ് ഇരു കേസുകളിലും 14 പ്രതികളെയും കുറ്റക്കാരെന്ന് കണ്ട് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്. കൊലക്കേസിൽ ജീവപര്യന്തം കഠിന തടവു ശിക്ഷ , ഗൂഢാലോചന കേസിൽ 3 വർഷം വീതം കഠിന തടവു ശിക്ഷ എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

2015 മുതൽ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയാണ് പ്രതികൾ. ശിക്ഷാവിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജികൾ കഴിഞ്ഞ ദിവസം പരിഗണനക്കെടുത്ത വേളയിലാണ് 14 പ്രതികൾക്കും ഹൈക്കോടതി അപ്പീലിൽ അന്തിമ വിധി വരും വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങനാശ്ശേരി സ്വദേശികളായ കുന്നേൽ ഇയച്ചന്ദ്രൻ , അബി , കാരി സതീഷ് , സത്താർ , സുജിത്ത് , പ്രകാശ് , രാജേഷ് എന്ന ആകാശ് ശശിധരൻ, സതീഷ് കുമാർ, രാജീവ് കുമാർ , ഷിനു എന്ന ഷിനോ പോൾ , സുൽഫിക്കർ , ഫൈസൽ , സബീർ , ഹുസൈൻ എന്ന ഹസൻ സന്തോഷ് കുമാർ എന്നിവരാണ് ഇരു കേസുകളിലും ശിക്ഷിക്കപ്പെട്ട് അഞ്ച് വർഷങ്ങളായി തടവുശിക്ഷയനുഭവിച്ചു വരുന്ന ഒന്നു മുതൽ പതിനാല് വരെയുള്ള പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP