Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോഗ്യതാ കുരുക്കിൽ ജോർജ്ജ്; സ്പീക്കറുടെ നടപടിക്ക് എതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി; ഉത്തരവ് തനിക്ക് അനുകൂലമെന്ന വാദവുമായി മുൻ ചീഫ് വിപ്പും; ശക്തന്റെ തെളിവെടുപ്പിൽ സഹകരിക്കില്ലെന്നും വിശദീകരണം

അയോഗ്യതാ കുരുക്കിൽ ജോർജ്ജ്; സ്പീക്കറുടെ നടപടിക്ക് എതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി; ഉത്തരവ് തനിക്ക് അനുകൂലമെന്ന വാദവുമായി മുൻ ചീഫ് വിപ്പും; ശക്തന്റെ തെളിവെടുപ്പിൽ സഹകരിക്കില്ലെന്നും വിശദീകരണം

കൊച്ചി: എംഎ‍ൽഎ. പദവിയിൽ അയോഗ്യത കല്പിക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ പി.സി. ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന വാദം സ്പീക്കർ തള്ളിയതിനെയാണ് പി.സി. ജോർജ് ഹർജിയിൽ ചോദ്യം ചെയ്തത്. ഇതോടെ എംഎൽഎ സ്ഥാനത്ത് നിന്ന് ജോർജ് അയോഗ്യനാക്കപ്പെടാനുള്ള സാധ്യത കൂടുകയാണ്. സ്പീക്കറുടെ നിയമ നടപടിയുമായി ജോർജ് സഹകരിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് അയോഗ്യനാക്കാനുള്ള സാധ്യത കൂടുന്നത്.

സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോർജിന്റെ ഹർജി തള്ളിക്കളഞ്ഞത്. പരാതി ഗൗരവമുള്ളതാണെങ്കിലും ഒരു നിയമസഭാംഗത്തിന്റെ പരാതിയിലെ നിജസ്ഥിതി പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ നാഥൻ കൂടിയായ സ്പീക്കറാണെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു. ഇതോടെ നാളെ മുതൽ ഇതു സംബന്ധിച്ച നടപടിയുമായി മുന്നോട്ട് പോകാൻ സ്പീക്കർ എൻ ശക്തന് കഴിയും. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പി.സി ജോർജിന്റെ കാര്യത്തിൽ സ്പീക്കറുടെ നിലപാട് തന്നെയാകും ഇനി നിർണായകമാകുക.

സ്വാഭാവിക നീതിയുടെ ലംഘനമാണ് സപ്തംബർ 17ൽ സ്പീക്കർ എൻ. ശക്തൻ പുറപ്പെടുവിച്ച ഉത്തരവെന്നും അത് വിളിച്ചുവരുത്തി പരിശോധിച്ച് റദ്ദാക്കണമെന്നുമായിരുന്നു ജോർജിന്റെ ആവശ്യം. കേരള കോൺഗ്രസ്സിലെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ച മട്ടിലാണ് പി.സി. ജോർജ് എംഎ‍ൽഎ. സ്വീകരിച്ച നിലപാടും അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രവൃത്തികളുമെന്നാണ് തോമസ് ഉണ്ണിയാടൻ സ്പീക്കർക്ക് നൽകിയ അപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. ശരിയായ രേഖകളുടെ അടിസ്ഥാനത്തിലല്ല പ്രസ്തുത അപേക്ഷയെന്ന പി.സി. ജോർജിന്റെ എതിർപ്പ് തള്ളിയ സ്പീക്കർ അപേക്ഷയിൽ അപാകമില്ലെന്നും നിലനിൽക്കുമെന്നും ഉത്തരവിട്ടു.

അയോഗ്യനാക്കണമെന്ന ഉണ്ണിയാടന്റെ അപേക്ഷയിലെ സാങ്കേതിക പിഴവുകൾ പിസി ജോർജ് കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിച്ചില്ല. സ്പീക്കറുടെ ഓഫീസിൽ തിരിമറി നടന്നിട്ടുണ്ടെന്ന് ഹർജിയിൽ കൂട്ടിച്ചേർക്കൽ ഉണ്ടായതായും പി സി ജോർജിനുവേണ്ടി ഹാജരായ സീനിയർ അഡ്വക്കറ്റ് കെ രാംകുമാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് പരിഗണിച്ചില്ല. സ്പീക്കർക്കെതിരെ ഹർജി നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടി പി സി ജോർജിന്റെ ഹർജി ഫയലിലെടുക്കാൻ ഹൈക്കോടതി രജിസ്ട്രി ആദ്യം വിസമ്മതിച്ചിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് കേസിൽ വാദം കേൾക്കാൻ തീരുമാനമായത്. എന്നാൽ വിധി തനിക്ക് അനുകൂലമാണെന്ന് പി സി ജോർജ് പറഞ്ഞു. നിക്ഷ്പക്ഷമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. പരാതി സ്പീക്കർ ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും പി സി ജോർജ് പറഞ്ഞു.

അയോഗ്യത കല്പിക്കണമെന്ന ആവശ്യത്തിനെതിരെ മറുപടിയുണ്ടെങ്കിൽ 23ന് നാല് മണിക്കകം നൽകാനാണ് പി.സി. ജോർജിനോട് സ്പീക്കർ ഉത്തരവിട്ടിട്ടുള്ളത്. പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിച്ച നിലയിൽ താൻ പെരുമാറിയിട്ടില്ലെന്ന് പി.സി. ജോർജ് ഹർജിയിൽ ബോധിപ്പിച്ചിരുന്നു. ജോർജിനെതിരെ പരാതി നിലനിൽക്കുമെന്ന് സ്പീക്കർ എൻ. ശക്തൻ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് കോടതി ഉത്തരവ് എന്ന വാദത്തെ ഇപ്പോഴും പിസി ജോർജ് തള്ളിക്കളയുകയാണ്. നാളെ മുതൽ നിയമസഭയിൽ നടക്കുന്ന നടപടി ക്രമങ്ങളിൽ ജോർജ്ജ് പങ്കെടുക്കില്ലെന്ന സൂചനയും നൽകി. പരാതി ഗൗരവുമുള്ളതാണെന്ന കോടതി നിരീക്ഷണത്തെ പിടിച്ചാണ് ജോർജിന്റെ പുതി വാദങ്ങൾ. അതുകൊണ്ട് തന്നെ സ്പീക്കർ പരാതി പരിഗണിക്കണമെന്ന് ജോർജ്ജ് ആവശ്യപ്പെടും.

കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി.സി.ജോർജ് എംഎ‍ൽഎയെ അയോഗ്യനാക്കണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ പരാതി നിലനിൽക്കുമെന്ന് സ്പീക്കർ സെപ്റ്റംബർ 17ന് പ്രഖ്യാപിച്ചിരുന്നു. പരാതി നിലനിൽക്കില്‌ളെന്ന ജോർജിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സ്പീക്കർ എൻ.ശക്തന്റെ പ്രഖ്യാപനം. ഇതിനെതിരെയാണ് പി.സി.ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി കോടതി കൂടി തള്ളിയതോടെ ജോർജിനെതിരായ പരാതി നിലനിൽക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പിന്തുണച്ച മുന്നണി സ്ഥാനാർത്ഥിക്കെതിരെ ജോർജ് മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തിയതോടെയാണ് കേരള കോൺഗ്രസ് എം കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് സ്പീക്കർക്ക് പരാതി നൽകിയത്. ജോർജിനെ എംഎ‍ൽഎ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് കേരള കോൺഗ്രസ്എമ്മിന്റെ ആവശ്യം.

അതേസമയം, കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരാതിയെന്നു ആരോപിച്ചാണ് ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ചീഫ് വിപ് തോമസ് ഉണ്ണിയാടൻ 2015 ജൂലൈ 15നു നൽകിയ പരാതിയിലായിരുന്നു സ്പീക്കറുടെ സെപ്റ്റംബർ 17ലെ ഉത്തരവ്.എന്നാൽ, ചട്ടം പാലിക്കാതെയുള്ള സ്പീക്കറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ജോർജ് ഹർജിയിൽ ആരോപിച്ചിരുന്നു. സ്വാഭാവിക നീതി നിഷേധിച്ചതായും ആക്ഷേപമുണ്ട്. പരാതിയും ഉത്തരവും വിളിച്ചുവരുത്തി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. അതാണ് കോടതി തള്ളിയത്. കേസ് നീട്ടികൊണ്ടു പോകാനുള്ള ജോർജിന്റെ ഇടപെടലാണ് കോടതി പൊളിച്ചതെന്നാണ് വിഷയത്തിൽ കേരളാ കോൺഗ്രസ് എം പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP