Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിധി പറയുന്ന ഒരു ജഡ്ജി മുമ്പ് ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകായിരുന്നുവെന്ന് ആരോപണം; സഭാ കേസിന്റെ ഭാഗമായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി കേൾക്കേണ്ടിയിരുന്ന രണ്ട് ജഡ്ജിമാരും അവസാന നിമിഷം പിന്മാറി; ജഡ്ജിയുടെ താൽപ്പര്യത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയത് അഞ്ച് യാക്കോബായ വിശ്വാസികൾ; യാക്കോബായ സഭയ്ക്ക് ജഡ്ജിയെ അവിശ്വാസമില്ലെന്ന് സഭയും സഭയുടെ അഭിഭാഷകനും പറഞ്ഞിട്ടും നീരസം മറച്ചു വയ്ക്കാതെ ജഡ്ജിയുടെ പിന്മാറ്റം

വിധി പറയുന്ന ഒരു ജഡ്ജി മുമ്പ് ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകായിരുന്നുവെന്ന് ആരോപണം; സഭാ കേസിന്റെ ഭാഗമായി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി കേൾക്കേണ്ടിയിരുന്ന രണ്ട് ജഡ്ജിമാരും അവസാന നിമിഷം പിന്മാറി; ജഡ്ജിയുടെ താൽപ്പര്യത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയത് അഞ്ച് യാക്കോബായ വിശ്വാസികൾ; യാക്കോബായ സഭയ്ക്ക് ജഡ്ജിയെ അവിശ്വാസമില്ലെന്ന് സഭയും സഭയുടെ അഭിഭാഷകനും പറഞ്ഞിട്ടും നീരസം മറച്ചു വയ്ക്കാതെ ജഡ്ജിയുടെ പിന്മാറ്റം

കൊച്ചി: പിറവം സെയ്ന്റ് മേരീസ് പള്ളിയിലുൾപ്പെടെ സുപ്രീംകോടതിവിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണത്തിനുള്ള ഹർജികൾ കേൾക്കുന്നതിൽനിന്ന് ഡിവിഷൻബെഞ്ച് പിന്മാറിയത് കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രങ്ങളുടെ ഭാഗമെന്ന് വിലയിരുത്തൽ. ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനുമുൾപ്പെട്ട ബെഞ്ചാണ് പിന്മാറിയത്. ഇനി ഏതുബെഞ്ചിലേക്ക് വിടണമെന്നതിൽ ഉത്തരവിനായി ഹർജി ചീഫ് ജസ്റ്റിസിന് വിട്ടു. ജഡ്ജിമാരിലൊരാൾ വക്കീലായിരിക്കെ സഭാതർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് 5 വിശ്വാസികൾ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലാണു പിന്മാറ്റം. കക്ഷികളുടെ അഭിഭാഷകരും സർക്കാരും ജഡ്ജിയിൽ പൂർണവിശ്വാസം അറിയിച്ചെങ്കിലും തെറ്റിദ്ധാരണ ഒഴിവാക്കാൻ പിന്മാറുകയാണെന്ന് ഇരു ജഡ്ജിമാരും അറിയിച്ചു.

പിറവം, വരിക്കോലി, കട്ടച്ചിറ എന്നിവിടങ്ങളിലെ തർക്കമുള്ള പള്ളികളിൽ വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം തേടുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്. അതിൽ കട്ടച്ചിറ പള്ളിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷിചേരാനാണ് പള്ളിക്കൽ സ്വദേശി ഷിജു പി. കുഞ്ഞുമോനുൾപ്പെടെ അഞ്ചുപേർ അപേക്ഷ നൽകിയത്. ഡിവിഷൻ ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കേ സഭാ തർക്കമുൾപ്പെട്ട കേസിൽ ഹാജരായിട്ടുണ്ടെന്നും അതിനാൽ ഈ കേസ് കേൾക്കരുതെന്നും വാദിച്ചു. ദശാബ്ദങ്ങളായി നിലവിലുള്ള മലങ്കര സഭാതർക്കത്തിൽ മറ്റൊരു പള്ളിയും കക്ഷികളുമുൾപ്പെട്ട കേസിലാണ് മുമ്പ് ഹാജരായതെന്നും പിറവം പള്ളിയിലെ തർക്കവുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി. എങ്കിലും ആശങ്ക ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ രണ്ടുജഡ്ജിമാരും ഹർജി കേൾക്കുന്നതിൽനിന്ന് പിൻവാങ്ങുകയാണെന്ന് ഉത്തരവിൽ പറയുന്നു.

പൊലീസ് സംരക്ഷണ ഹർജി രാവിലെ പതിനൊന്നരയോടെയാണ് കോടതി പരിഗണിച്ചത്. വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോൾ കടുത്ത എതിർപ്പുണ്ടായെന്നും കൂടുതൽ സമയം വേണമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. അതിനിടെയാണ് ഹർജി കേൾക്കുന്നതിൽനിന്ന് ഒരു ജഡ്ജി ഒഴിവാകണമെന്ന വാദമുണ്ടായത്. അടിസ്ഥാനരഹിതമായ ആവശ്യമാണതെന്ന് കോടതി വിലയിരുത്തി. പിറവം പള്ളിയിൽ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണോ എന്ന് പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവേ ഈ ബെഞ്ച് കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ നടത്തിയ ഇടപെടലാണ് ഇപ്പോൾ ജഡ്ജിമാരുടെ പിന്മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതോടെ കേസിൽ വിധി പറയുന്നത് നീണ്ടു പോവുകയും ചെയ്യും.

ഹർജി വന്നിട്ട് ആറു മാസം കഴിഞ്ഞെന്നും ഏറ്റവും മോശപ്പെട്ട 'ഫോറം ഹണ്ടിങ്' (താൽപര്യമുള്ള ബെഞ്ച് തിരഞ്ഞെടുക്കാനുള്ള ശ്രമം) ആണിതെന്നും കോടതി വ്യക്തമാക്കി. മുൻപു പല തവണ കേസ് പരിഗണിച്ചു മാറ്റിയതാണ്. എന്നാൽ, നവംബർ 28നു കോടതി പ്രഥമദൃഷ്ട്യാ ചില നിരീക്ഷണങ്ങൾക്കു മുതിർന്നശേഷമാണു പുതിയ നീക്കമെന്നത് കോടതി ചൂണ്ടിക്കാട്ടി. കക്ഷികളെക്കുറിച്ചു സത്യവാങ്മൂലത്തിൽ വ്യക്തമല്ലെങ്കിലും യാക്കോബായ വിശ്വാസികളാണെന്നു കോടതിയുടെ ചോദ്യത്തിന് അഭിഭാഷകൻ മറുപടി നൽകി. ഇടക്കാല ഉത്തരവിൽ പ്രഥമദൃഷ്ട്യാ നിരീക്ഷണങ്ങൾക്കു മുതിർന്നപ്പോൾ കോടതി നിലപാട് യാക്കോബായ സഭയ്ക്ക് എതിരാണെന്ന് അപേക്ഷകർ കരുതിയിരിക്കാമെന്നു കോടതി പറഞ്ഞു. പൊലീസ് നടപടിയും പ്രേരണയാകാമെന്നു കോടതി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മെയ്‌- ജൂണിൽ കേസ് വന്നപ്പോൾ, തങ്ങൾ കേസ് കേൾക്കുന്നതിൽ എതിർപ്പില്ലെന്നു കക്ഷികളുടെ അഭിഭാഷകരോടു ചോദിച്ചുറപ്പിച്ചതാണെന്ന് കോടതി വ്യക്തമാക്കി. സർക്കാർ രമ്യമായ ഒത്തുതീർപ്പിനു ശ്രമിക്കുന്നു എന്നറിഞ്ഞ് ചർച്ചയ്ക്കു സമയം അനുവദിച്ച് എട്ടു തവണ കേസ് മാറ്റി. ഇതിനിടെ ഓർത്തഡോക്‌സ് സഭ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയെന്നറിഞ്ഞും കേസ് മാറ്റുകയുണ്ടായി. എന്നാൽ, മൂന്നു മാസത്തിനുള്ളിൽ കേസ് തീർപ്പാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP