Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യസുരക്ഷയുടെ പേരിൽ അഴിമതി നടന്നാൽ മൂടി വെക്കണോ? റഫാലിൽ രാജ്യസുരക്ഷാ പ്രശ്നം ഉയർത്താനാകില്ല; ബോഫോഴ്സിനും ഇത് ബാധകമാകുമോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം; സർക്കാറിന്റെ കള്ളത്തരം പുറത്തു കൊണ്ടുവന്ന ഹിന്ദു ദിനപത്രത്തെ മോഷ്ടാവാക്കാൻ ശ്രമിച്ച് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ; മോഷണ മുതൽ പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും തെളിവായി എടുക്കാമെന്നും പറഞ്ഞ് ജസ്റ്റിസ് കെ എം ജോസഫ്: കടുത്ത വാദപ്രതിവാദത്തിന് ഒടുവിൽ കേസ് വീണ്ടും പരിഗണിക്കുന്നത് മാർച്ച് 16ലേക്ക് മാറ്റി

രാജ്യസുരക്ഷയുടെ പേരിൽ അഴിമതി നടന്നാൽ മൂടി വെക്കണോ? റഫാലിൽ രാജ്യസുരക്ഷാ പ്രശ്നം ഉയർത്താനാകില്ല; ബോഫോഴ്സിനും ഇത് ബാധകമാകുമോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം; സർക്കാറിന്റെ കള്ളത്തരം പുറത്തു കൊണ്ടുവന്ന ഹിന്ദു ദിനപത്രത്തെ മോഷ്ടാവാക്കാൻ ശ്രമിച്ച് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ; മോഷണ മുതൽ പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും തെളിവായി എടുക്കാമെന്നും പറഞ്ഞ് ജസ്റ്റിസ് കെ എം ജോസഫ്: കടുത്ത വാദപ്രതിവാദത്തിന് ഒടുവിൽ കേസ് വീണ്ടും പരിഗണിക്കുന്നത് മാർച്ച് 16ലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റാഫേൽ വിഷയത്തിൽ ഇന്ന് സുപ്രീംകോടതിയിൽ നടന്നത് തീപാറുന്ന വാദപ്രതിവാദങ്ങൾ. അറ്റോർണി ജനറൽ കെ കെ വേണുഗോപാലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചും തമ്മിലാണ് കടുത്ത വാഗ്വാദങ്ങൾ നടന്നത്. റഫേൽ വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് പറഞ്ഞ കേന്ദ്രസർക്കാറിനെ പ്രതിരോധിക്കാൻ ശ്രമിച്ച് കെ കെ വേണുഗോപാൽ സ്വയം വെട്ടിലായ അവസ്ഥയായിരുന്നു ഇന്ന് കോടതിയിൽ കണ്ടത്. വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് പറഞ്ഞ് പ്രതിരോധം തീർത്ത എ ജിക്ക് അതേനാണയത്തിൽ മറുപടി നൽകിയത് ജസ്റ്റിസ് കെ എം ജോസഫ് ആയിരുന്നു. റഫാൽ വിഷയം കോടതിക്കുമുമ്പിലെത്തുമ്പോൾ രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യം ഉയർത്താനാകില്ലെന്ന് അദ്ദേഹം റഫാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെ പറഞ്ഞു.

റഫാൽ രാജ്യസുരക്ഷക്ക് അനിവാര്യമാണെന്ന് വാദിച്ച എ.ജി വാദം കേൾക്കുന്നതിനിടെ കോടതി മിതത്വം പാലിക്കണമെന്നും പറഞ്ഞു. പ്രതിരോധ ഇടപാടുകൾ കോടതിയുടെ പരിധിയിൽ വരില്ലെന്നും അദ്ദേഹം വാദിച്ചു. റഫാലിന് വേണ്ടി വാദിച്ച അതേ സിദ്ധാന്തം ഉൾക്കൊണ്ടാൽ ബോഫോഴ്സ് വിഷയം കോടതിയിൽ വരുമ്പോഴും രാജ്യസുരക്ഷ വിഷയമാകുമോ എന്നും ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു. റഫാലുമായി ബന്ധപ്പെട്ട രേഖകൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകളാണെന്നും ഇവ പുറത്തു വിടുന്നത് രാജ്യസുരക്ഷയെ തന്നെബാധിക്കുന്ന വിഷയമാണെന്നും കേസിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെകെ വേണുഗോപാൽ കോടതിയിൽ വാദിച്ചപ്പോഴാണ് അദ്ദേഹം ഈ വാദം ഉന്നയിച്ചത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട റഫാൽ ഇടപാടിലെ രേഖകൾ മോഷ്ടിക്കപ്പെടെന്നും ഗുരുതരമായ ഈ കൃത്യം ചെയ്തവരേയും രേഖകൾ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങൾക്കും ഇക്കാര്യം വെളിപ്പെടുത്തിയ ഒരു മുതിർന്ന അഭിഭാഷകനുമെതിരെ ക്രിമിനൽ നിയമപ്രകാരം കേസെടുക്കുമെന്നും കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ വാദിച്ചു. എജിയുടെ ഈ വാദത്തെ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെഎം ജോസഫ് ചോദ്യം ചെയ്തതോടെ രൂക്ഷമായ വാക്കേറ്റമാണ് കോടതിയിൽ നടന്നത്.

അഴിമതി പോലെ ഗുരുതര കുറ്റം നടന്നെന്ന് കരുതുക. അപ്പോൾ രാജ്യ സുരക്ഷയുടെ മറവിൽ അതിനെ മൂടിവയ്ക്കുമോയെന്നു ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു. മോഷ്ടിച്ച രേഖകൾ പോലും പ്രസക്തമെങ്കിൽ പരിഗണിക്കാമെന്ന് കോടതി നിരവധി വിധികളിൽ പറഞ്ഞിട്ടുണ്ടെന്നു ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. പുനപരിശോധന ഹർജിയിൽ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോൾ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നതെയില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യയെ ആക്രമിക്കാൻ വന്നത്. എന്നാൽ പാക്കിസ്ഥാനെ 1960 കളിലെ മിഗ് 21 വിമാനങ്ങൾ കൊണ്ടാണ് നമ്മൾ നേരിട്ടത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റഫാൽ വിമാനം വാങ്ങേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധിപ്പിക്കാൻ അറ്റോർണി ജനറൽ ശ്രമിച്ചു. റഫാൽ ജെറ്റ് വിമാനങ്ങൾ പറത്തുന്നത് പരിശീലിക്കാൻ വ്യോമസേന പൈലറ്റുമാരെ പാരീസിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് റഫാൽ കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് എസ്.കെ കൗളും ബെഞ്ചിന്റെ ഭാഗമാണ്.

റഫാൽ കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണടക്കമുള്ളവരാണ് റഫാൽ കേസിൽ പുതിയ രേഖകൾ പുറത്തു വന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ രേഖകൾ പരിഗണിക്കാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആദ്യം വ്യക്തമാക്കിയത്. പഴയ രേഖകളുടെ അടിസ്ഥാനത്തിൽ വാദം പൂർത്തിയാക്കണമെന്ന് പ്രശാന്ത് ഭൂഷണോട് ആവശ്യപ്പെട്ടു.

തുടർന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചില ഉദ്യോഗസ്ഥരുടെ കൂടി പങ്കാളിത്തത്തോടെ മോഷ്ടിക്കപ്പെട്ട രേഖകളാണ് ദ് ഹിന്ദു ദിനപത്രത്തിൽ വന്നതെന്നാണ് എ ജി കെ കെ വേണുഗോപാൽ വാദിച്ചത്. മോഷ്ടിക്കപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ച ദിനപത്രം ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റമാണ് ചെയ്തത്. ദ് ഹിന്ദുവിനെതിരെ കേസെടുക്കണം. മാത്രമല്ല, പ്രതിരോധമന്ത്രിയുടെ മറുപടിക്കുറിപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കും വിധം പകുതി മാത്രമാണ് പത്രത്തിൽ വന്നത്. ഇതും കുറ്റകരമാണ്. - കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് ആധാരമായ രേഖകൾ പ്രതിരോധ മന്ത്രാലയത്തിലെ അതിപ്രധാന രേഖയാണെന്നും അത് പുറത്തുവന്നത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നും സർക്കാർ ഉച്ചക്ക് മുമ്പ് കോടതിയിൽ വാദിച്ചിരുന്നു. ഈ രേഖകൾ പരിശോധിക്കരുതെന്നും എ.ജി കോടതിയോട് ആരാഞ്ഞിരുന്നു.

രേഖകൾ സുപ്രീംകോടതിയുടെ മുന്നിൽ വന്നതാണ്, അത് പരിശോധിക്കരുതെന്ന് എജിക്ക് പറയാനാകില്ലെന്ന് ജസ്റ്റിസ് കൗൾ വ്യക്തമാക്കി. മോഷണ മുതൽ പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ട്, എവിഡൻസ് ആക്ടിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. ഹർജിക്കാർ പറയുന്ന രേഖകൾ പരിശോധിക്കാനേ കഴിയില്ലെന്നാണോ എജി വാദിക്കുന്നതെന്നും കോടതി ചോദിച്ചു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്ന് റിപ്പോർട്ടായരുന്നു ഹിന്ദു ദിനപത്രം പുറത്തുവിട്ടത്. ഇത് കേന്ദ്രത്തിന്റെ വാദങ്ങളെ പൊളിക്കുന്നതായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കാതെ തെറ്റിദ്ധരിപ്പിച്ചുവെന്നും വാർത്തയിൽ വ്യക്തമാക്കുകയുണ്ടായി. 2015 നവംബറിൽ വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ, പ്രതിരോധ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടന്നത്. ഡെപ്യൂട്ടി എയർമാർഷലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി ചർച്ചകളിൽ പ്രതിനിധീകരിച്ചത്. പിന്നീട് 2015 ഒക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡൈ്വസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് സ്റ്റീഫൻ റെബിന്റെ കത്തിൽ പരാമർശമുണ്ടായിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം അറിയാതെയും റഫാൽ ഇടപാടിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെന്ന വിവരം പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥർ അറിയുന്നത്.

ജനറൽ റബ്ബിന്റെ കത്ത് അന്നത്തെ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹൻകുമാർ കത്തിലൂടെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിരോധ ഇടപാടുകളുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണെന്നിരിക്കേ സമാന്തരചർച്ചകൾ നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് മോഹൻകുമാർ പരീക്കർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP