Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പേരറിവാളന്റെ അമ്മയുടെ ഒറ്റയാൾ പോരാട്ടം വെറുതെ ആയില്ല; മോദി സർക്കാരിന്റെ വാദങ്ങളെ തള്ളി സുപ്രീംകോടതി; രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ജയിലിൽ നിന്ന് വിട്ടയക്കാൻ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്: വിദേശ പൗരന്മാരുൾപ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള അധികാരം തമിഴ്‌നാട് സർക്കാരിനുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്: പേരറിവാളനും കൂട്ടരും ഇനി പുറം ലോകത്തേക്ക്

പേരറിവാളന്റെ അമ്മയുടെ ഒറ്റയാൾ പോരാട്ടം വെറുതെ ആയില്ല; മോദി സർക്കാരിന്റെ വാദങ്ങളെ തള്ളി സുപ്രീംകോടതി; രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ജയിലിൽ നിന്ന് വിട്ടയക്കാൻ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്: വിദേശ പൗരന്മാരുൾപ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള അധികാരം തമിഴ്‌നാട് സർക്കാരിനുണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്: പേരറിവാളനും കൂട്ടരും ഇനി പുറം ലോകത്തേക്ക്


ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ വിദേശ പൗരന്മാരുൾപ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. നേരത്തെ കേന്ദ്ര സർക്കാർ തമിഴ്‌നാടിന്റെ ആവശ്യം തള്ളിയിരുന്നു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബഞ്ചിന്റേതാണ് തീരുമാനം. 27 വർഷമായി  രാജീവ് വധത്തിലെ പ്രധാന പ്രതികളായ മുരുഗൻ, ശാന്തൻ, നളിനി, റോബർട്ട് പയസ്, പേരറിവാളൻ, രവിചന്ദ്രൻ എന്നിവർ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ഇവരെ വിട്ടയക്കാനാണ് ഉത്തരവ്.

പേരറിവാളന്റെ അമ്മ അർപ്പുതമ്മാളിന്റെ ഒറ്റയാൾ പോരാട്ടമാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കെല്ലാം പുറം ലോകം കാണാൻ വഴിയൊരുക്കിയത്. രാജീവ് ഗാന്ധിയുടെ കുടുംബം ക്ഷമിച്ചിട്ടും മോചനം അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അർപ്പുതമ്മാൾ നടത്തിയിരുന്നത്. ചോദ്യം ചെയ്യാനെന്ന പേരിലാണ് തന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് തെളിയാത്ത പല കുറ്റങ്ങളും അവന്റെ പേരിൽ കെട്ടിവെച്ചു. മകന്റെ നഷ്ടമായ ജീവിതം ഇനി ഒരിക്കലും തിരിച്ചുവരില്ല. ബാക്കിയുള്ള കാലമെങ്കിലും കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണം. തങ്ങളുടെ ഭാഗത്താണ് ന്യായമെന്ന് സാധാരണ ജനങ്ങൾക്കുപോലും അറിയാം. എന്നാൽ അധികാരികൾ മാത്രം അംഗീകരിക്കാൻ തയ്യാറാകുന്നില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അർപുതമ്മാൾ പറഞ്ഞിരുന്നു. വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾക്കിടയിലും ഈ അമ്മ നടത്തിയ പോരാട്ടമാണ് ഇന്ന് വിജയം കണ്ടത്.

കേസിലെ പ്രതിയായ നളിനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഏപ്രിലിൽ കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ കേസിലെ പ്രതികളിലൊരാളായ പേരറിവാളനും കോടതി ജാമ്യം നിഷേധിച്ചിരുന്നു. രാജീവ് ഗാന്ധിയെ വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിർമ്മാണത്തിനാവശ്യമായ ബാറ്ററികൾ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളൻ കേസിലുൾപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ തനിക്ക് സംഘത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളൻ കോടതിയിൽ ഹരജി നൽകിയിരുന്നു. തുടർന്ന് നടന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പേരറിവാളനെ വധശിക്ഷയിൽ നിന്ന് ഇളവ് നൽകി ജീവപര്യന്തമാക്കി മാറ്റിയത്. 2014 ൽ ചേർന്ന സുപ്രീം കോടതി ബെഞ്ചാണ് ശിക്ഷയിൽ ഇളവ് വരുത്തിയത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മെയ്‌ 21നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇയുടെ ചാവേർ ബോംബാക്രമണത്തിലാണു വധിക്കപ്പെട്ടത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, പി. രവിചന്ദ്രൻ, നളിനി എന്നിവരുടെ ശിക്ഷയാണ് ഇളവുചെയ്തത്. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും പ്രത്യേക ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചിരുന്നു. ഇതിൽ മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ ശരിവച്ച സുപ്രീംകോടതി, 1999 മേയിൽ 19 പേരെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ അനിശ്ചിതമായി വൈകിയതിന്റെ പേരിൽ 2014 ഫെബ്രുവരി 18നു സുപ്രീംകോടതി ഇതു ജീവപര്യന്തമായി കുറച്ചു.

രാജീവ് ഗാന്ധിയുടെ വിധവ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ 2000 ഏപ്രിലിൽ തമിഴ്‌നാട് ഗവർണർ ജീവപര്യന്തമായി കുറച്ചു. മറ്റു മൂന്നു പേരുടെ വധശിക്ഷയും ദയാ ഹർജിയിൽ തീരുമാനം വൈകിയതിനാൽ സുപ്രീം കോടതി 2014 ഫെബ്രുവരിയിൽ ജീവപര്യന്തമാക്കുകയായിരുന്നു. ഇവർക്കാണ് ജയിൽ മോചനം സാധ്യമാകുന്നത്. ഈ കേസിൽ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ പ്രതിസന്ധിയിലാക്കിയ സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് അരങ്ങേറിയതെന്നും തമിഴ്‌നാടിന്റെ ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ ശിക്ഷ ഒഴിവാക്കി മാപ്പു നൽകി വിട്ടയയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കമായി മാറുമെന്നും രാജ്യാന്തര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു. ഇത് തള്ളിയാണ് തീരുമാനം.

രാജീവ് വധക്കേസിലെ ഏഴു പ്രതികളെ വിട്ടയയ്ക്കുന്നതിൽ സമ്മതം അറിയിച്ചു തമിഴ്‌നാട് സർക്കാർ 2016ൽ നൽകിയ കത്തിൽ നിലപാടു വ്യക്തമാക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പ്രതികളെ വിട്ടയയ്ക്കാൻ തമിഴ്‌നാട് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. 2015ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ഇത് കേന്ദ്രം നിഷേധിച്ചു. ക്രിമിനൽ നടപടിക്രമത്തിന്റെ 454-ാം വകുപ്പു പ്രകാരം തമിഴ്‌നാട് സർക്കാരിന്റെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി വി.ബി. ദുബെ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു വിചാരണക്കോടതി പ്രതികൾക്കു വധശിക്ഷ വിധിച്ചത്.

സമാനതകളില്ലാത്ത കുറ്റകൃത്യമെന്നാണു വധശിക്ഷ ശരിവച്ച സപ്രീംകോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും പൊലീസ് ഉദ്യോഗസ്ഥരും അടക്കം 16 പേരെ ക്രൂരമായ വകവരുത്തിയ നാലു വിദേശ പൗരന്മാരുൾപ്പെടെയുള്ളവരെ വിട്ടയയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കമാകും. ഭാവിയിൽ ഇത്തരത്തിലുള്ള മറ്റു കുറ്റവാളികളുടെ കാര്യത്തിലും അതു രാജ്യാന്തര പ്രശ്‌നങ്ങൾക്കിടയാക്കുമെന്നും ആഭ്യന്തരവകുപ്പു ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും സുപ്രീംകോടതി അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP