Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ നീതിപീഠങ്ങളുടെ പ്രശ്‌നങ്ങൾ അറിയാനും ഒരു ചീഫ് ജസ്റ്റിസിനെ ഇന്ത്യക്ക് കിട്ടി; കെട്ടിക്കിടക്കുന്ന മൂന്ന് കോടി കേസുകൾ തീർക്കാൻ രാജ്യത്തെ മുഴുവൻ ജഡ്ജിമാരുടെയും അവധി നിരോധിച്ച് ജസ്റ്റിസ് ഗഗോയ്; കോടതി ദിവസങ്ങളിൽ സെമിനാർ നടത്തിയും ഉദ്ഘാടനം ചെയ്തും കല്യാണം കൂടിയും നടക്കുന്ന ജഡ്ജിമാർക്കെതിരേ അച്ചടക്ക നടപടി; മജിസ്‌ട്രേറ്റുമാർ മുതൽ സുപ്രീംകോടതി ജഡ്ജിമാർ വരെയുള്ളവർക്ക് നിയന്ത്രണം ബാധകം

ഒടുവിൽ നീതിപീഠങ്ങളുടെ പ്രശ്‌നങ്ങൾ അറിയാനും ഒരു ചീഫ് ജസ്റ്റിസിനെ ഇന്ത്യക്ക് കിട്ടി; കെട്ടിക്കിടക്കുന്ന മൂന്ന് കോടി കേസുകൾ തീർക്കാൻ രാജ്യത്തെ മുഴുവൻ ജഡ്ജിമാരുടെയും അവധി നിരോധിച്ച് ജസ്റ്റിസ് ഗഗോയ്; കോടതി ദിവസങ്ങളിൽ സെമിനാർ നടത്തിയും ഉദ്ഘാടനം ചെയ്തും കല്യാണം കൂടിയും നടക്കുന്ന ജഡ്ജിമാർക്കെതിരേ അച്ചടക്ക നടപടി; മജിസ്‌ട്രേറ്റുമാർ മുതൽ സുപ്രീംകോടതി ജഡ്ജിമാർ വരെയുള്ളവർക്ക് നിയന്ത്രണം ബാധകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് കേസുകളാണ്. നീതികാത്ത് അത്രയും ആളുകൾ പുറത്ത് കാത്തുനിൽക്കുന്നു. കേസുകൾ അവധിക്ക് മാറ്റിവെച്ചും ഇഷ്ടം പോലെ നീട്ടിവെച്ചും ജഡ്ജിമാർ പാവപ്പെട്ട പൗരന്മാരെ വലയ്ക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകൾ ഇനിമേൽ നടക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്. സുപ്രീം കോടതി ജഡ്ജിമാർ മുതൽ മജിസ്‌ട്രേറ്റുമാർവരെയുള്ളവർക്ക് അദ്ദേഹം നിയന്ത്രണംകൊണ്ടുവന്നു.

കോടതി പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ജഡ്ജിമാർക്ക് അവധികൊടുക്കില്ലെന്നതാണ് ഏറ്റവും പ്രധാന തീരുമാനം. കോടതി ദിവസങ്ങളിൽ വ്യക്തിപരമായ കാര്യങ്ങൾക്കായും ഉദ്ഘാടനങ്ങൾക്കായും സെമിനാറുകൾക്കായും അവധിയെടുക്കുന്ന ജഡ്ജിമാരുടെ പരിപാടി ഇതോടെ അവസാനിക്കും. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിചാരണക്കോടതികളിലുമായി മൂന്നുകോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവ എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിനായാണ് ജഡ്ജിമാരുടെ അവധി നഷേധിച്ചുകൊണ്ടുള്ള നടപടി.

സുപ്രീം കോടതിയിൽ മാത്രം ഏതാണ്ട് 55,000 കേസുകൾ കെട്ടിക്കിടപ്പുണ്ട്. രാജ്യത്തെ 24 ഹൈകക്കോടതികളിലായി 32.4 ലക്ഷം കേസുകളും തീർപ്പാകാതെ കിടക്കുന്നു. കീഴ്‌ക്കോടതികളിൽ വിധികാത്തുകിടക്കുന്നത് 2.77 കോടി കേസുകളാണ്. ഇതു തീർപ്പാക്കുന്നതിനുള്ള അടിയന്തര നടപടികളെന്തൊക്കെയെന്ന് ചീഫ് ജസ്റ്റിസ് ഗഗോയ് കൊളീജിയം അംഗങ്ങളോടും ഹൈക്കോടതികളിലെ മുതിർന്ന ജഡ്ജിമാരോടും വീഡിയോ കോൺഫറൻസിങ്ങിലൂടെ ചോദിച്ചിരുന്നു. അതിൽ ഉരുത്തിരിഞ്ഞുവന്ന തീരുമാനങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

കോടതിനടപടികൾക്കപ്പുറമുള്ള ജോലികളിൽനിന്ന് ജഡ്ജിമാരെ മുക്തരാക്കണമെന്ന് അദ്ദേഹം ഹൈകക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു. താൻ നിർദേശിച്ച അച്ചടക്ക നടപടികൾ ജഡ്ജിമാർ പാലിക്കുന്നുണ്ടോയെന്ന വിവരം കൃത്യമായി അറിയിക്കണമെന്നും അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം അടിയന്തരഘട്ടത്തിലല്ലാതെ കോടതി ദിവസങ്ങളിൽ അവധിയെടുക്കരുതെന്ന് എല്ലാ ജഡ്ജിമാരോടും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

കോടതിയിലെ നടപടികളിലും വാദങ്ങളിലും അങ്ങേയറ്റം കണിശക്കാരനാണ് ജസ്റ്റിസ് ഗഗോയ്. അഭിഭാഷകർ കഥകൾ മെനഞ്ഞ് വാദം നീട്ടിക്കൊണ്ടുപോകുന്നത് അദ്ദേഹം അനുവദിക്കാറില്ല. വസ്തുതകളല്ലാതെ മറ്റൊന്നും കേൾക്കാൻ അദ്ദേഹം കൂട്ടാക്കാറുമില്ല. കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതിയും. സെമിനാറുകളിലും ചടങ്ങുകളിലും പങ്കെടുക്കുക വഴി കോടതി ദിവസങ്ങൾ നഷ്ടപ്പെടുത്തുകയും കേസുകൾ നീട്ടിവെക്കുകയും ചെയ്യുന്നത് പൗരനോടുചെയ്യുന്ന നീതിനിഷേധമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കോടതി ദിവസങ്ങളിൽ എൽ.ടി.സി എടുത്ത് വിനോദയാത്ര പോകുന്നതിനും ജഡ്ജിമാർക്ക് വിലക്കുണ്ട്. സുപ്രീംകോടതി ജഡ്ജിമാർക്ക് വർഷത്തിൽ മൂന്ന് എൽ.ടി.സി.യാണ് നിലവിൽ ലഭിക്കുന്നത്. കോടതി ദിവസങ്ങളിൽ വിദേശത്ത് എൽ.ടി.സി. പോകരുതെന്ന് സുപ്രീം കോടതി ജഡ്ജിമാരോട് 2013-14 കാലത്ത് ജസ്റ്റിസ് പി. സദാശിവം ആവശ്യപ്പെട്ടിരുന്നു.

ജഡ്ജിമാരുടെ ഒഴിവുകൾ നികത്തുന്നതിന് നടപടിയെടുക്കണമെന്നും ജസിറ്റിസ് ഗഗോയ് ഹൈക്കോടതി ചീഫ് ജസ്റ്റ്‌സുമാരോട് ആവശ്യപ്പെട്ടു. കീഴ്‌ക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നിരീക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിൽ മൂന്നുമാസംകൂടുമ്പോഴാണ് ഇത്തരം പരിശോധന നടക്കാറ്. വിചാരണക്കോടതികളിലെ കേസ് നടത്തിപ്പ് ദിവസേന നീരീക്ഷിക്കാൻ താനും സഹപ്രവർത്തരും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP