Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തിയത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊലീസുദ്യോഗസ്ഥന് ജീവപര്യന്തം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: മക്കൾക്ക് ലീഗൽ സർവ്വീസ് അഥോറിറ്റി 3 ലക്ഷം രൂപ നൽകണമെന്നും വിധി

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തിയത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊലീസുദ്യോഗസ്ഥന് ജീവപര്യന്തം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: മക്കൾക്ക് ലീഗൽ സർവ്വീസ് അഥോറിറ്റി 3 ലക്ഷം രൂപ നൽകണമെന്നും വിധി

അഡ്വ. പി നാഗരാജ്‌

തിരുവനന്തപുരം: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസിൽ പൊലീസുദ്യോഗസ്ഥന് ജീവപര്യന്തം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പൊലീസുദ്യോഗസ്ഥനായ വിളപ്പിൽശാല കാരോട് മുറിയിൽ പടവൻകോട് എസ്. എസ്. ഭവനിൽ ശശിധരനെ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ആറു മാസം അധിക തടവനുഭവിക്കണം. കൊല്ലപ്പെട്ട ഭാര്യ ശാരദയുടെ ആശ്രിതരായ മൂന്ന് മക്കൾക്ക് സർക്കാർ ധന സഹായ ഫണ്ടായ വിക്റ്റിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷം നൽകാനും ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിയോട് ജഡ്ജി ജയവന്ത് ഉത്തരവിട്ടു.

2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വഴിവിട്ട ജീവിതവും പരസ്ത്രീ ബന്ധവും മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യവും ഭാര്യ ശാരദ ബന്ധുക്കളോടും നാട്ടുകാരോടും വെളിപ്പെടുത്തും എന്ന് പറഞ്ഞതിലുള്ള വിരോധത്താൽ പ്രതി മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിചാരണയിൽ കുറ്റം തെളിഞ്ഞതിനാൽ കൊലക്കുറ്റത്തിന് പ്രതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം ശിക്ഷാർഹനാണെന്ന് കോടതി കണ്ടെത്തി. ഭാര്യ കുളി മുറിയിൽ കുളിക്കാൻ കയറിയ സമയം പ്രതി മുൻകൂട്ടി കരുതിവച്ച മണ്ണെണ്ണ നിറച്ച കന്നാസുമായി കുളിമുറിയിൽ കയറി തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഉടൻ പ്രതി ബൈക്കോടിച്ച് പൊലീസ് സ്റ്റേഷനിൽ ചെന്നു. കൃത്യസമയം താൻ ഡ്യൂട്ടിയിലാണെന്ന് തെളിയിക്കാൻ പ്രതിഭാഗം തെളിവായി സ്റ്റേഷൻ ഡ്യൂട്ടി രജിസ്റ്റർ, റോസ്റ്റർ രജിസ്റ്റർ, അറ്റൻഡൻസ് രജിസ്റ്റർ എന്നിവ സ്റ്റേഷനിൽ നിന്നും വിളിച്ചു വരുത്തി പ്രതിഭാഗം തെളിവായി മാർക്ക് ചെയ്‌തെങ്കിലും കോടതി തെളിവു മൂല്യം വിലയിരുത്തിയപ്പോൾ അവ മുഖവിലക്കെടുക്കാതെ തള്ളി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ട് മാനസികമായും ശാരീരിരികമായും പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 498 എ പ്രകാരം സ്ത്രീധന പീഡനത്തിന് അപരാധിയാണെന്നും കോടതി കണ്ടെത്തി.

വിളപ്പിൽശാല പൊലീസിന്റെ അന്വേഷണം പ്രതിയെ സഹായിക്കുന്ന രീതിയിലേക്ക് പോയപ്പോൾ ശാരദയുടെ ബന്ധുക്കളുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ ഇക്‌ബാൽ ആണ് കേസന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP