Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി.കെ.ഇബ്രാഹിം കുഞ്ഞിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന ഭീഷണി വെറും ഉമ്മാക്കി മാത്രമോ? പാലാരിവട്ടം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രിയെ തുണച്ച് വിജിലൻസ് ഹൈക്കോടതിയിൽ; കരാറുകാരന് മുൻകൂർ ഫണ്ട് അനുവദിച്ചത് ടി.ഒ.സൂരജിന്റെ ശുപാർശ പ്രകാരം മാത്രം; മുൻപൊതുമരാമത്ത് സെക്രട്ടറിയുടെ ശുപാർശ അംഗീകരിക്കുക മാത്രമാണ് ഇബ്രാഹിം കുഞ്ഞ് ചെയ്തത്; ഏഴ് ശതമാനം പലിശ നിശ്ചയിച്ചത് സൂരജ് സ്വന്തം നിലയ്ക്ക്; സർക്കാർ തീരുമാനം നടപ്പാക്കുകയായിരുന്നു താനെന്ന് ആവർത്തിച്ച് സൂരജ്

വി.കെ.ഇബ്രാഹിം കുഞ്ഞിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന ഭീഷണി വെറും ഉമ്മാക്കി മാത്രമോ? പാലാരിവട്ടം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രിയെ തുണച്ച് വിജിലൻസ് ഹൈക്കോടതിയിൽ; കരാറുകാരന് മുൻകൂർ ഫണ്ട് അനുവദിച്ചത് ടി.ഒ.സൂരജിന്റെ ശുപാർശ പ്രകാരം മാത്രം; മുൻപൊതുമരാമത്ത് സെക്രട്ടറിയുടെ ശുപാർശ അംഗീകരിക്കുക മാത്രമാണ് ഇബ്രാഹിം കുഞ്ഞ് ചെയ്തത്; ഏഴ് ശതമാനം പലിശ നിശ്ചയിച്ചത് സൂരജ് സ്വന്തം നിലയ്ക്ക്; സർക്കാർ തീരുമാനം നടപ്പാക്കുകയായിരുന്നു താനെന്ന് ആവർത്തിച്ച് സൂരജ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ആശ്വാസം. വിജിലൻസ് ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടാണ് തുണയായത്. കരാറുകാരന് മുൻകൂർ ഫണ്ട് അനുവദിച്ചത് ടി.ഒ സൂരജിന്റെ ശുപാർശ പ്രകാരം മാത്രമാണെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

സൂരജിന്റെ ശുപാർശ അംഗീകരിക്കുക മാത്രമാണ് വി.കെ ഇബ്രാഹിംകുഞ്ഞ് ചെയ്തത്. നിർമ്മാണക്കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

പലിശയില്ലാതെ മുൻകൂർ പണം നൽകണമെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞതായുള്ള സൂരജിന്റെ വെളിപ്പെടുത്തലും തെറ്റാണ്. പലിശ വാങ്ങാനോ വാങ്ങാതിരിക്കാനോ ഇബ്രാഹിം കുഞ്ഞ് നിർദ്ദേശിച്ചിട്ടില്ല. പലിശ എത്രയെന്ന് തീരുമാനിച്ചത് ടി.ഒ.സൂരജ് തനിച്ചാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ 11 മുതൽ 14 ശതമാനം വരെ പലിശ നിരക്കിൽ പണമെടുക്കുന്ന ഘട്ടത്തിലാണ് നിർമ്മാണ കമ്പനിക്ക് ഏഴ് ശതമാനം മാത്രം പലിശ നിരക്കിൽ പണം നൽകാൻ സൂരജ് തീരുമാനിക്കുന്നതെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു.

എന്നാൽ സർക്കാർ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും എല്ലാ നടപടികളും സുതാര്യമായിരുന്നെന്നും പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് ഇന്നും ആവർത്തിച്ചു. ഫ്ളൈഓവർ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാൻ താൽപര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉൾപ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

പാലം പൊളിക്കേണ്ടി വരുമെന്നത് വസ്തുതയാണെന്ന് പറഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ടി.ഒ സൂരജിന് പുറമേ പാലാരിവട്ടം ഫ്ളൈഓവർ അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

അതേസമയം, പാലാരിവട്ടം മേൽപ്പാലം ഒക്ടോബർ പത്തുവരെ പൊളിക്കുന്നത് ഹൈക്കോടതി വിലക്കി. പാലം പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ ഹർജി പരിഗണിക്കവേയാണ് ഒക്‌ടോബർ 10 വരെ പാലം പൊളിക്കേണ്ടെന്ന് കോടതി നിർദ്ദേശിച്ചത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന പൊതുതാൽപര്യ ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

ഐഐടിയുടെ ഉൾപ്പടെയുള്ളവരുടെ റിപ്പോർട്ടുകളിൽ പാലം പൊളിക്കണം എന്ന നിർദ്ദേശമില്ലെന്നാണ് ഹർജിക്കാർ പറഞ്ഞത്. ബലക്ഷയം ഇല്ല എന്ന അഭിപ്രായം ഹർജിക്കാർക്ക് ഉണ്ടോ എന്ന് കോടതി ചോദിച്ചു. തങ്ങൾക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്ന് മറുപടി കിട്ടി. എന്നാൽ പാലത്തിന് ബലക്ഷയമുണ്ട് എന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ജനങ്ങളുടെ ജീവൻ വച്ച് പന്താടാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സർക്കാരിനോട് ഇത് പഠിച്ച് സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 10 ന് ഹർജി വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP