Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏഷ്യാനെറ്റിനും മനോരമയ്ക്കും മുതൽ ടൈം ഓഫ് ഇന്ത്യയ്ക്കും ഹിന്ദുവിനും വരെ തെറ്റു പറ്റി; ശബരിമല കേസിൽ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറൽ വിധി; ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷം മാത്രം പുനപരിശോധനാ ഹർജിയിൽ വിധി; പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആശ്വാസം ഭക്തർക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെ

ഏഷ്യാനെറ്റിനും മനോരമയ്ക്കും മുതൽ ടൈം ഓഫ് ഇന്ത്യയ്ക്കും ഹിന്ദുവിനും വരെ തെറ്റു പറ്റി; ശബരിമല കേസിൽ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറൽ വിധി; ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷം മാത്രം പുനപരിശോധനാ ഹർജിയിൽ വിധി; പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആശ്വാസം ഭക്തർക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഏഷ്യാനെറ്റും മനോരമയ്ക്കും അടക്കമുള്ള എല്ലാ ചാനലുകൾക്കും ചെറിയ പിശക് പറ്റി. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുവും പോലും ഇത് ആവർത്തിച്ചു. എല്ലാ മാധ്യമങ്ങളും ഇതേ രീതിയിൽ റിപ്പോർട്ട് ചെയ്തു. ശബരിമലയിൽ പുനപരിശോധനാ ഹർജി ഏഴംഗ വിശാല ബെഞ്ചിന് വിട്ടുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ സംഭവിച്ചത് അങ്ങനെയല്ല. ചില സംശയങ്ങൾ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസായ രഞ്ജൻ ഗൊഗോയ്ക്കുണ്ടായി. ഈ സംശയങ്ങളാണ് പരിഗണിക്കുന്നതിന് സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ടത്. വിശാല ബഞ്ചിന്റെ തീർപ്പിന് ശേഷമായിരിക്കും യുവതിപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. രഞ്ജൻ ഗൊഗോയ് സ്ഥാനം ഒഴിയുകയാണ്. അതുകൊണ്ട് തന്നെ അടുത്ത ചീഫ് ജസ്റ്റീസാകും ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കുക.

അതിവേഗം വാർത്ത കൊടുക്കേണ്ടി വരുന്നതാണ് ചാനലുകൾക്ക് വിനയാകുന്നത്. എന്നാൽ ഇന്ന് എല്ലാ പത്രങ്ങളും റഫറൽ വിധിയാണുണ്ടായതെന്ന് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നു. സമയമെടുത്ത് ചെയ്യുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ശബരിമല കേസിൽ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറൽ വിധിയാകുന്നതോടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷം മാത്രം പുനപരിശോധനാ ഹർജിയിൽ വിധി പറയുന്ന സ്ഥിതിയാണ് നിലവിൽ വരുന്നത്. പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആവേശം ഭക്തർക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെയാകും എന്നാണ് വിലയിരുത്തൽ.

പുനഃപരിശോധനാ ഹർജികൾ കേട്ട കോടതി അതിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഏഴ് വിഷയങ്ങളിൽ തീർപ്പ് കണ്ടെത്താൻ വിശാല ബഞ്ചിന് വിടുകയായിരുന്നു. കോടതി ഇന്ന് ആദ്യ കേസായി ശബരിമലയാണ് പരിഗണിച്ചത്. 2018 സെപ്റ്റംബർ 28 മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ചായിരുന്നു യുവതിപ്രവേശനം അനുവദിച്ച് ഉത്തരവിട്ടത്. ഇതിനെതിരെ 56 പുനഃപരിശോധനാ ഹർജികളാണ് കോടതിക്ക് മുമ്പിലെത്തിയത്. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസായിരിക്കും രൂപീകരിക്കുക. ഇപ്പോൾ വിധിപറഞ്ഞ ജഡ്ജിമാരിൽ മൂന്ന് പേർ ഏഴംഗ ബെഞ്ചിലേക്ക് പോകും. ബാക്കി നാലു പേർ ആരാകുമെന്നത് കേസിനെ സ്വാധീനിക്കും. പുനഃപരിശോധന, റിട്ട് ഹർജികളുടെ കാര്യത്തിൽ ഇനി നിർണായകം ചീഫ് ജസ്റ്റിസിന്റെ തീരുമാനം. താൻ വിരമിക്കുന്ന 17വരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കും അതിനുശേഷമാണെങ്കിൽ, നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കും തീരുമാനിക്കാം. ശബരിമല, ദാവൂദി ബോറ, മുസ്ലിം, പാഴ്‌സി സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളെല്ലാം 7 അംഗ ബെഞ്ചിലേക്കു വിടുന്നു എന്ന് ചീഫ് ജസ്റ്റിസിനു ഭരണപരമായ തീരുമാനം എടുക്കാം.

മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് വിധിപ്രസ്താവത്തിൽ കോടതി പറഞ്ഞു. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായും പാർസി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്നും ആചാരങ്ങൾ പുലർത്താൻ അവകാശമുണ്ടെന്നും വിധിയിൽ പറയുന്നു. ശിരൂർ മഠം കേസാണ് ഇതിന് ആധാരമായി പരിഗണിക്കുന്നത്. ശിരൂർ മഠക്കേസിൽ മതത്തിലെ ആചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അതാത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുണ്ട്. ശബരിമല കേസിൽ അത് ഉണ്ടായിട്ടില്ല. അക്കാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്നാണ് ഭൂരിപക്ഷ വിധി. ഇത് വിശ്വാസികൾക്ക് ഏറെ ആശ്വാസമാണ്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് വിശാല ബഞ്ചാകും. ഈ തീരുമാനമാകും ഇനി യുവതി പ്രവേശനത്തിൽ സ്വാധീനിക്കുക. അതുകൊണ്ട് തന്നെ ശബരിമല പുനഃപരിശോധന ഹർജികളുടെ ഭാവി തീരുമാനിക്കുന്നത് അടുത്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ രൂപീകരിക്കുന്ന ബെഞ്ചിന്റെ സ്വഭാവമായിരിക്കും. ഇതിൽ അദ്ദേഹം ഉൾപ്പെടുത്തുന്ന ജഡ്ജിമാരുടെ നിലപാടുകളായിരിക്കും കേസിൽ നിർണായകമാകുക.

മൂന്ന് പേർ ഏഴംഗ ബെഞ്ചിലേക്ക് വിടാനും രണ്ടു പേർ വിയോജിച്ചും വിധി എഴുതി. ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദുമൽഹോത്ര, ജസ്റ്റിസ് ഖാൻവിൽക്കർ എന്നിവരാണ് ഏഴംഗ ബെഞ്ചിലേക്ക് വിടാൻ ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവർ പുനഃപരിശോധന ഹർജികൾ തള്ളണമെന്ന നിലപാടും സ്വീകരിച്ചു. ഭൂരിപക്ഷ വിധിയോട് കടുത്ത വിയോജിപ്പാണ് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രേഖപ്പെടുത്തിയത്. ഭരണഘടന വിശുദ്ധ ഗ്രന്ഥമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിയോജന വിധി എഴുതിയ ചന്ദ്രചൂഡ് വിധിക്ക് കേരള സർക്കാർ പ്രചാരണം നൽകണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന അക്രമ സമരങ്ങൾക്കെതിരെ ജസ്റ്റിസ് നരിമാൻ രൂക്ഷമായ വിമർശനമാണ് ഭിന്നവിധിയിൽ നടത്തിയത്. സമരം ഭരണഘടനാ വിരുദ്ധമാണെന്നാണ് നരിമാന്റെ വിധിയിൽ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനവും മറ്റു സമുദായങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നരിമാന്റെ ഭിന്നവിധിയിൽ പറയുന്നു.

ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ, ഏഴു ജഡ്ജിമാർ ഉൾപ്പെട്ട വിശാലബെഞ്ചിൽനിന്ന് ഉത്തരങ്ങൾ കിട്ടുന്നതുവരെ മാറ്റിവയ്ക്കാൻ സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി. ശബരിമല കേസുകൾ സംബന്ധിച്ച് 2018 സെപ്റ്റംബർ 28നു പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധി സ്റ്റേ ചെയ്തിട്ടുമില്ല. വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യത്തിൽ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാൽപര്യ ഹർജി പരിഗണിക്കാമോ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടം 1965 ശബരിമലയ്ക്കു ബാധകമോ തുടങ്ങി ഭരണഘടനാ വകുപ്പുകളും മതങ്ങളും സംബന്ധിച്ച ഏഴു ചോദ്യങ്ങളാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഉന്നയിച്ചത്. ഇപ്പോൾ നൽകിയതും വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളിൽ ഉത്തരങ്ങൾ ലഭിക്കുന്നതുവരെ ശബരിമല പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും മാറ്റിവയ്ക്കുന്നു. ശബരിമല സംബന്ധിച്ച ചോദ്യം പരിഗണിക്കുമ്പോൾ താൽപര്യമുള്ള കക്ഷികളെയെല്ലാം കേൾക്കണമോയെന്ന് ഏഴംഗ ബെഞ്ചിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരം എന്താണ്, അത്തരം ആചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ ആകുമോ എന്നീ വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുമ്പോൾ കോടതി ജാഗ്രത പാലിക്കണം. സമാനമായ പ്രശ്‌നങ്ങൾ പല മതങ്ങളിലും നിലനിൽക്കുന്നുണ്ട്. മുസ്ലിം സ്ത്രീകൾക്കു പള്ളികളിൽ പ്രവേശിക്കുന്നതിലെ വിലക്കും, ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കർമം, പാഴ്‌സി ആരാധനാലയത്തിൽ സ്ത്രീകൾക്കുള്ള വിലക്ക് തുടങ്ങിയ വിഷയങ്ങളും വിശാല ബെഞ്ച് പരിഗണിക്കണം. ആചാരങ്ങൾ പുലർത്താൻ അവകാശമുണ്ട്. ഫലത്തിൽ, ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തീർപ്പാക്കിയിട്ടില്ല. വിധി സ്റ്റേ ചെയ്യുന്നില്ലെന്നു കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു. വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിനാണു വാദം പൂർത്തിയായത്. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം.

ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ പരാതി നൽകി. ഇതു റിട്ട് ഹർജിയായി പരിഗണിച്ച ഹൈക്കോടതി 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശം നിരോധിച്ചു. 2006ൽ യങ് ലോയേഴ്‌സ് അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. 2018 സെപ്റ്റംബർ 28ന് ആണ് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധിയുണ്ടായത്.

വിശാല ബെഞ്ചിലേക്കു പോകുന്ന വിഷയങ്ങൾ

1. തുല്യതയും മതാനുഷ്ഠാനത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം

2. മതാനുഷ്ഠാനത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25(1) വകുപ്പിൽ പറയുന്ന പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവ വിവക്ഷിക്കുന്നത് എന്താണ്?

3. ധാർമികത അല്ലെങ്കിൽ ഭരണഘടനാധാർമികത എന്നത് ഭരണഘടനയിൽ പറയുന്നില്ല. അത് മതവിശ്വാസവുമായിമാത്രം ബന്ധപ്പെട്ടതാണോ?

4. ആചാരങ്ങൾ മതത്തിന്റെയോ പ്രത്യേക വിശ്വാസിസമൂഹത്തിന്റേയോ വേർപിരിക്കാനാവാത്ത ഘടകമാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം. ഇത് ആ സമുദായത്തിന്റെ മേധാവികൾമാത്രം തീരുമാനിക്കേണ്ടതാണോ?

5. ഭരണഘടനയുടെ 25(2)(ബി)യിൽ പറയുന്ന 'ഹിന്ദുക്കളിലെ വിഭാഗങ്ങൾ' എന്നതിന്റെ അർഥമെന്താണ്?

6. പ്രത്യേക വിശ്വാസിസമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങൾക്ക് ഭരണഘടനയുടെ 26-ാം വകുപ്പുപ്രകാരമുള്ള സംരക്ഷണമുണ്ടോ?

7. വിശ്വാസിസമൂഹത്തിന്റെ മതാചാരങ്ങൾ അതിനുപുറത്തുള്ളവർ പൊതുതാത്പര്യഹർജിയിലൂടെ ചോദ്യംചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP