Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമല പൊതു ക്ഷേത്രങ്ങളുടെ പരിധിയിൽ അല്ലെന്ന വാദവുമായി പന്തളം കൊട്ടാരം; ദാവൂദി ബോറ സ്ത്രീ ചേലാകർമത്തിനും ദർഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശത്തിനും പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശനത്തിനുമുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യൻ ലോയേഴ്‌സ് അസോസിയേഷൻ; എല്ലാവരേയും കേൾക്കുമെന്നും വിധിയിൽ ഇല്ലാത്തതൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റീസ്; ശബരിമലയിൽ സുപ്രീംകോടതിയിൽ ഇന്നലെ സംഭവിച്ചത്

ശബരിമല പൊതു ക്ഷേത്രങ്ങളുടെ പരിധിയിൽ അല്ലെന്ന വാദവുമായി പന്തളം കൊട്ടാരം; ദാവൂദി ബോറ സ്ത്രീ ചേലാകർമത്തിനും ദർഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശത്തിനും പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശനത്തിനുമുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യൻ ലോയേഴ്‌സ് അസോസിയേഷൻ; എല്ലാവരേയും കേൾക്കുമെന്നും വിധിയിൽ ഇല്ലാത്തതൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റീസ്; ശബരിമലയിൽ സുപ്രീംകോടതിയിൽ ഇന്നലെ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊതുക്ഷേത്രങ്ങളുടെ പരിധിയിലല്ല ശബരിമല ക്ഷേത്രമെന്ന വാദവും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനവിഷയങ്ങളിൽ ചേർക്കണമെന്ന വാദവുമായി സുപ്രീംകോടതിയിൽ പന്തളം രാജകൊട്ടാരം എത്തുന്നത് ആചാരം സംരക്ഷിക്കാനുള്ള എല്ലാ സാധ്യതകളും പരിഗണിച്ച്. പൊതുക്ഷേത്രങ്ങളുടെ പരിധിയിൽ നിന്ന് മാറിയാലേ ശബരിമലയ്ക്ക് തനതായ ആചാരങ്ങളുടെ പേരിലെ വാദങ്ങൾ അംഗീകരിച്ചെടുക്കാൻ കഴിയൂ. പന്തളം കൊട്ടാരം അംഗം രാജരാജ വർമയ്ക്കു വേണ്ടി അഭിഭാഷകൻ കെ. രാധാകൃഷ്ണനാണ് ചീഫ് ജസ്റ്റിസിനു മുന്നിൽ അപേക്ഷ വച്ചത്. ഈ അപേക്ഷ അംഗീകരിക്കപ്പെടുകയും അത് കോടതി അംഗീകരിക്കുകയും ചെയ്താൽ ശബരിമലയിലെ ആചാരങ്ങളെല്ലാം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. അല്ലാത്ത സാഹചര്യത്തിലും വിശ്വാസ സംരക്ഷണത്തിനുള്ള നിയമപരമായ സാധുത സുപ്രീംകോടതി തള്ളിക്കളയില്ലെന്നും വിലയിരുത്തലുണ്ട്. ഏതായാലും 9 അംഗ ഭരണഘടനാ ബഞ്ച് എടുക്കുന്ന നിലപാട് ശബരിമല വിഷയത്തിൽ ഏറെ നിർണ്ണണായകമാകും.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള പരിശോധനാ വിഷയങ്ങളിൽ കൃത്യത വരുത്താൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട അഭിഭാഷകരുടെ യോഗം വിളിക്കാൻ നിർദ്ദേശിച്ച കോടതി, ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാൻ മൂന്നാഴ്ച സമയം നൽകി. അതേസമയം, ശബരിമല കേസിലെ പുനഃപരിശോധനാ ഹർജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് ആവർത്തിച്ചു. ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങൾക്കു പുറമേ, ഓരോ അഭിഭാഷകനും വാദിക്കുന്ന ഭാഗങ്ങൾ ഏതൊക്കെ, ഓരോരുത്തരും എത്രസമയം വീതം വാദിക്കും തുടങ്ങിയ കാര്യങ്ങളിലും അഭിഭാഷകർ ധാരണയിലെത്തും. വാദങ്ങൾ ആവർത്തിക്കാതിരിക്കാനാണിത്. മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിൽ 17നു നടക്കുന്ന യോഗത്തിൽ സുപ്രീം കോടതി സെക്രട്ടറി ജനറൽ പങ്കെടുക്കും. അഞ്ചംഗ ബെഞ്ച് നിർദ്ദേശിച്ച 7 ചോദ്യങ്ങളിൽ കേന്ദ്രീകരിച്ചാവും പരിഗണനാ വിഷയങ്ങൾ തയാറാക്കുക. മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ അധികാരമുണ്ടോ എന്നതു തന്നെയാവും മുഖ്യചോദ്യം.

കഴിഞ്ഞ നവംബറിൽ ശബരിമല ഹർജി പരിഗണിച്ച അഞ്ചംഗ ബെഞ്ച്, ഭാവിയിൽ വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട 7 വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ പുനഃക്രമീകരിക്കണമെന്നു മുതിർന്ന അഭിഭാഷകരായ രാജീവ് ധവാൻ, അഭിഷേക് മനു സിങ്‌വി, ഇന്ദിര ജയ്‌സിങ് എന്നിവർ ചൂണ്ടിക്കാട്ടി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഇതിനെ പിന്തുണച്ചു. തുടർന്നാണു വിഷയം പരിഗണിക്കുന്നതിനു മുൻപു നിയമപ്രശ്‌നങ്ങളിൽ വ്യക്തത വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നു കോടതി സമ്മതിച്ചത്. ശബരിമല യുവതീപ്രവേശത്തിനു പുറമേ, ദാവൂദി ബോറ സ്ത്രീകളിലെ ചേലാകർമ്മം, മസ്ജിദുകളിൽ മുസ്ലിം സ്ത്രീ പ്രവേശം, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശം എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളിലും ഒൻപതംഗ ബെഞ്ച് വാദം കേൾക്കും. അതേസമയം, ബഹുഭാര്യത്വം അടക്കം വിഷയങ്ങൾ പരിണിഗണിക്കുന്നില്ലെന്നു സോളിസിറ്റർ ജനറലിന്റെ ചോദ്യത്തിനു മറുപടിയായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശ വിധിയിൽ നിർണായകമാവുന്ന, നിയമപ്രശ്‌നങ്ങൾ കൂടി പരിഗണിക്കാനാണ് ഇന്നലെ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ചേർന്നത്. എന്നാൽ, സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന കക്ഷികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്, ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണത്തെ തന്നെ ചോദ്യം ചെയ്യുന്ന വാദം ഉന്നയിച്ചു. ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങളിൽ കൃത്യതയില്ലെന്ന് അഭിഷേക് മനു സിങ്വിയും കേസിൽ കക്ഷിചേർക്കണമെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകനായ ആര്യമ സുന്ദരവും ഇടപെട്ടു. ശബരിമലയിൽ യുവതീപ്രവേശത്തെ വിലക്കുന്ന ചട്ടവും നിയമവും റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടി ആദ്യം ഹർജി നൽകിയ യങ് ലോയേഴ്‌സ് അസോസിയേഷനും ഇന്നലെ വാദമുഖമുയർത്തി.
വിശാല ബെഞ്ചിലേക്ക് അഞ്ചംഗ ബെഞ്ച് നിർദ്ദേശിച്ച നിയമപ്രശ്‌നങ്ങൾ സോളിസിറ്റർ ജനറൽ വായിച്ചയുടൻ, മറ്റു വിഷയങ്ങൾ പരിഗണിക്കില്ലെന്നു വാദം തുടങ്ങുന്നതിനു മുൻപായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല ക്ഷേത്രം കോർ കമ്മിറ്റി അംഗങ്ങൾക്കു വേണ്ടിയാണ് പുനഃപരിശോധനാ ഹർജികൾ കൂടി പരിഗണിക്കണമെന്ന് അപേക്ഷയെത്തിയത്.

ദാവൂദി ബോറ സ്ത്രീ ചേലാകർമം, ദർഗയിലോ മസ്ജിദിലോ മുസ്ലിം സ്ത്രീയുടെ പ്രവേശം, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്സി വനിതയുടെ ആരാധനാലയ പ്രവേശനം തുടങ്ങിയ ഹർജികൾക്ക് ശബരിമല യുവതീപ്രവേശവിഷയവുമായി ബന്ധമുണ്ടെന്നായിരുന്നു ഇന്ത്യൻ ലോയേഴ്‌സ് അസോസിയേഷന്റെ വാദം. ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയ ചോദ്യങ്ങൾ മറ്റു സമുദായങ്ങളെ ബാധിക്കുന്നതാണോ അല്ലയോ എന്നു പരിശോധിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ശിരൂർ മഠം കേസിലെ വിധിയെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ എന്തിനാണ് ഭരണഘടനാ ബെഞ്ച്? ഈ പരിഗണിക്കുന്ന ചോദ്യങ്ങൾ കേവലം അക്കാദമിക സ്വഭാവമുള്ളതും നീതിന്യായ സംവിധാനത്തിനു പരിഹരിക്കാൻ കഴിയാത്തതുമാണെന്നായിരുന്നു ഇന്ദിര ജയ്‌സിങിന്റെ വാദം. ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകർക്കു വസ്തുതകൾ പരാമർശിക്കാമെന്നും എന്നു കരുതി ജഡ്ജിമാർക്ക് ഓരോന്നുമിരുന്നു കേൾക്കാനാവില്ലെന്നുമുള്ള ചീഫ് ജസ്റ്റീസിന്റെ നിലപാട് വിശദീകരണവും നിർണ്ണായകമായി.

പുനഃപരിശോധന അനുവദിക്കുന്നത് അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന അഭിപ്രായമുണ്ടാക്കും. തെറ്റായ തീരുമാനമാണെന്ന് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. പിന്നെ ആരെയാണ് ഞങ്ങൾ സമീപിക്കേണ്ടതെന്ന ചോദ്യവും ഉയർന്നു. ഇതിനിടെ ഒരാളുടെ മതം തീരുമാനിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് രാജേഷ് ധവാനും പറഞ്ഞു. കോടതി വിധിയിൽ തെറ്റില്ലെന്നും അതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും സോളിസിറ്റർ ജനറലും പറഞ്ഞു. ഈ എതിർപ്പുകളെ അംഗീകരിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ പ്രഖ്യാപനം. ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയ പ്രശ്‌നങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടിയിരുന്നു. വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന് അഭിഷേക് മനു സിങ്വിയാണ് നിർദ്ദേശം മുമ്പോട്ട് വച്ചത്. ഇത് അംഗീകരിക്കപ്പെട്ടു. അഭിഭാഷകരുടെ യോഗം വിളിച്ച് ഇക്കാര്യത്തിൽ കൃത്യത വരുത്തണമെന്ന് ചീഫ് ജസ്റ്റീസ് നിർദ്ദേശിച്ചു.

എല്ലാവരെയും കേൾക്കും. അതിനു മുൻപ് ബെഞ്ച് ചേരില്ല. ചില പ്രത്യേക വസ്തുതകൾ മാത്രം പരാമർശിക്കാതെ പുനഃപരിശോധനാ ഹർജിയുടെ പശ്ചാത്തലത്തിൽ എല്ലാം കാര്യങ്ങളും പരിഗണിക്കണമെന്ന് സി. ആര്യമ സുന്ദരവും ആവശ്യപ്പെട്ടു. വിധിന്യായത്തിൽ പരാമർശിക്കാത്ത ഒരു കാര്യവും ഭരണഘടനാ ബെഞ്ച് പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റീസും മറുപടി നൽകി. സുപ്രീം കോടതി സെക്രട്ടറി ജനറൽ അഭിഭാഷകരുടെ യോഗം ഏകോപിപ്പിക്കുക. മൂന്നാഴ്ചത്തെ സമയം അനുവദിക്കുന്നു. ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വാദം തുടങ്ങും-ചീഫ് ജസ്റ്റീസ് പറഞ്ഞു.

ഭരണഘടനാ ബെഞ്ചിനു മുന്നിൽ 7 ചോദ്യങ്ങൾ

1. ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും മൗലികാവകാശം സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം
2. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 'പൊതുക്രമം, ധാർമികത, ആരോഗ്യം' എന്ന പ്രയോഗത്തിന്റെ വ്യാപ്തി എന്ത്?
3. 'ഭരണഘടനാ ധാർമികത' എന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ടതാണോ?
4. ആചാരങ്ങൾ മതത്തിന്റെ/ വിശ്വാസിസമൂഹത്തിന്റെ അവിഭാജ്യ ഘടകമാണോയെന്ന കാര്യം കോടതിക്ക് എത്രമാത്രം പരിശോധിക്കാം? ഇത് മത മേധാവികൾ മാത്രം തീരുമാനിക്കേണ്ടതാണോ?
5. മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) ആയി പറയുന്ന 'ഹൈന്ദവ വിഭാഗങ്ങൾ' എന്ന പ്രയോഗത്തിന്റെ അർഥമെന്ത്?
6. ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ 'ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾക്ക്' ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?
7. മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP