Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലെ യുവതീപ്രവേശനം: പുതിയ ഹർജികൾ പരിഗണിക്കുക നവംബർ 13ന് ; ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; 13 ന് റിട്ട് ഹർജികൾക്കൊപ്പം റിവ്യൂഹർജികളും പരിഗണിക്കും; സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയുള്ള റിപ്പോർട്ടിന് അന്തിമ രൂപം നൽകാൻ ദേവസ്വം ബോർഡിന്റെ നിർണായക യോഗം തലസ്ഥാനത്ത്

ശബരിമലയിലെ യുവതീപ്രവേശനം: പുതിയ ഹർജികൾ പരിഗണിക്കുക നവംബർ 13ന് ; ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; 13 ന് റിട്ട് ഹർജികൾക്കൊപ്പം റിവ്യൂഹർജികളും പരിഗണിക്കും; സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തിയുള്ള റിപ്പോർട്ടിന് അന്തിമ രൂപം നൽകാൻ ദേവസ്വം ബോർഡിന്റെ നിർണായക യോഗം തലസ്ഥാനത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ ഹർജികൾ നവംബർ 13 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. കേസിലെ റിട്ട് ഹർജികൾ നവംബർ 13ന് വൈകിട്ട് മൂന്ന് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. ശൈലജ വിജയൻ, എസ്. ജയരാജ്കുമാർ എന്നിവരുടെ റിട്ട് ഹർജികളാണ് കോടതി പരിഗണിക്കാൻ തീരുമാനിച്ചത്.

റിട്ട് ഹർജികൾക്കൊപ്പം റിവ്യൂ ഹർജികളും പരിഗണിക്കും. തുറന്ന കോടതിയിലായിരിക്കും വാദം കേൾക്കുക. അഭിഭാഷകരായ മാത്യു നെടുമ്പാറ, പി.വി യോഗേശ്വരൻ എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ റിട്ട് ഹർജിയുടെ കാര്യം സൂചിപ്പിച്ചത്. റിട്ട് ഹർജികൾക്കൊപ്പം റിവ്യൂ ഹർജികൾ കൂടി തുറന്ന കോടതിയിൽ കേൾക്കാൻ തയ്യാറാവണമെന്ന് അഡ്വ. യോഗേശ്വരൻ അഭ്യർത്ഥിച്ചിരുന്നു.

ഇതുവരെ 19 റിവ്യൂ ഹർജികളാണ് കോടതിയിലെത്തിയതെന്നും ചീഫ് ജസ്റ്റിസ് ഗൊഗോയ് അറിയിച്ചു. വിധിക്ക് പ്രഖ്യാപിത സ്വഭാവമാണുള്ളതെന്നും നിർദേശക സ്വഭാവമില്ലാത്തതിനാൽ സർക്കാർ തിരക്ക് പിടിച്ച് നടപ്പാക്കേണ്ടതില്ലെന്നുമാണ് ശൈലജ വിജയന്റെ റിട്ട് ഹർജിയിലെ ആവശ്യം. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ നിർദ്ദേശം നൽകണമെന്നാണ് എസ്. ജയരാജ്കുമാറിന്റെ റിട്ട് ഹർജിയിലെ ആവശ്യം. എൻഎസ്എസ്, അയ്യപ്പ സേവാ സമാജം അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ റിവ്യൂ ഹർജികൾ അടുത്ത മാസം കോടതിയുടെ പരിഗണനയ്ക്ക് എത്തും.

വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കാൻ കോടതിയിൽ ഇടപെടൽ നടത്തുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ 26 പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇതിലെല്ലാം കക്ഷിയായതിനാൽ ബോർഡിന്റെ നിലപാട് അറിയിക്കാനാകും. ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ദേവസ്വം കമ്മിഷണർ എൻ.വാസു ഇന്നു ഡൽഹിക്കു പോകും.

അതിനിടെ, ശബരിമല വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകുന്നതാവും ഉചിതമെന്ന് ബോർഡിനുവേണ്ടി നേരത്തേ ഹാജരായ അഭിഭാഷകർ അഭിപ്രായപ്പെട്ടു. സ്ഥിതി റിപ്പോർട്ട് കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാമെന്നും പുനഃപരിശോധനാ ഹർജി പരിഗണിക്കപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും അഭിഭാഷകർ സൂചിപ്പിച്ചു. വിധിയിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമെന്നാണു വ്യവസ്ഥ. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിധിച്ചത്. 10- 50 പ്രായഗണത്തിലെ സ്ത്രീകളെ ആർത്തവ കാരണത്താൽ വിലക്കുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വിധിച്ചു.

എന്നാൽ, ശബരിമലയിലെ വിലക്ക് മാത്രം ഉന്നയിച്ചുള്ളതായിരുന്നു ഹർജി. എല്ലാ ക്ഷേത്രങ്ങൾക്കു ബാധകമായിട്ടുള്ള വ്യവസ്ഥയാണ് റദ്ദാക്കിയിട്ടുള്ളത്. ശബരിമലയ്ക്കു പ്രത്യേകമായി ചട്ടപരമായ വ്യവസ്ഥകളില്ല, ആചാരമുണ്ട്. പ്രായഗണം പറഞ്ഞല്ല ചട്ടത്തിൽ വിലക്കു നിർദ്ദേശിച്ചിട്ടുള്ളത്. ആരാധനാ സ്ഥലത്തു പ്രവേശിക്കാൻ ആചാരപരമായി വിലക്കുള്ള സമയത്ത് പ്രവേശിക്കരുതെന്നാണ് ചട്ടത്തിൽ പറയുന്നത്. അതിനെ പൊതുവിൽ പ്രായഗണ വിലക്കായി കോടതി വിലയിരുത്തുന്നുവെന്നും അത് പിഴവാണെന്നും അഭിഭാഷകർ വിലയിരുത്തുന്നു. എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമായ ചട്ടം റദ്ദാക്കുംമുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടാണ് ചോദിച്ചത്. മറ്റു ബോർഡുകൾക്കു പറയാനുള്ളതു കേട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ, പുനഃപരിശോധനാ ഹർജി അനുകൂലമായി പരിഗണിക്കപ്പെടാമത്രേ.

ആചാരം കോടതി തീരുമാനിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്നും വിഷയം ഏഴംഗ ബെഞ്ചിലേക്കു പോയാൽ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുമാണ് അഭിഭാഷകരുടെ വിലയിരുത്തൽ. ബോർഡിന്റെ പ്രതിനിധികളും അഭിഭാഷകരുമായി ഇന്നു ചർച്ച നടന്നേക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP