Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതി പ്രവേശനം അംഗീകരിച്ചാൽ അത് മോദിക്കും പിണറായിക്കും ഇരുതല മൂർച്ചയുള്ള വാളാകും; ഹർജി തള്ളിയാൽ പിന്നീടുള്ളത് തിരുത്തൽ ഹർജിയെന്ന അതിവിദൂര സാധ്യത; വിശാല ബെഞ്ചിന് വിട്ടാൽ പഴയ വിധി ഫലത്തിൽ സ്റ്റേയാകും; വാദം കേൾക്കൽ തുടക്കം മുതൽ വീണ്ടും നടക്കും; വിധി എതിരായാൽ പരിവാറുകാർ അംഗീകരിക്കാനിടയില്ല; യുവതി പ്രവേശനത്തെ കോടതി അംഗീകരിച്ചാൽ വീണ്ടും പരിവാറുകാർ മല കയറും; ശബരിമലയിൽ ആകാംക്ഷയുടെ മുൾമുനയിലേക്ക് രാജ്യം

യുവതി പ്രവേശനം അംഗീകരിച്ചാൽ അത് മോദിക്കും പിണറായിക്കും ഇരുതല മൂർച്ചയുള്ള വാളാകും; ഹർജി തള്ളിയാൽ പിന്നീടുള്ളത് തിരുത്തൽ ഹർജിയെന്ന അതിവിദൂര സാധ്യത; വിശാല ബെഞ്ചിന് വിട്ടാൽ പഴയ വിധി ഫലത്തിൽ സ്റ്റേയാകും; വാദം കേൾക്കൽ തുടക്കം മുതൽ വീണ്ടും നടക്കും; വിധി എതിരായാൽ പരിവാറുകാർ അംഗീകരിക്കാനിടയില്ല; യുവതി പ്രവേശനത്തെ കോടതി അംഗീകരിച്ചാൽ വീണ്ടും പരിവാറുകാർ മല കയറും; ശബരിമലയിൽ ആകാംക്ഷയുടെ മുൾമുനയിലേക്ക് രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീംകോടതി വിധിയെ പ്രതീക്ഷയോടെ കാണുകയാണ് അയ്യപ്പ വിശ്വാസികൾ. ശബരിമലയിൽ വിധി എതിരായാൽ അതിനെ ഹിന്ദു ഐക്യവേദിയെ പോലുള്ള സംഘടനകൾ അംഗീകരിക്കില്ല. യുവതി പ്രവേശനത്തെ കോടതി അനുകൂലിച്ചാൽ അതിനെ എതിർക്കും. ശബരിമലയിൽ യുവതികൾ എത്തുന്നില്ലെന്ന് ഉറപ്പിക്കാനുള്ള കർമ്മ പദ്ധതി സംഘപരിവാർ സംഘടനകൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മണ്ഡലകാലത്തിന് സമാനമായി 1000 പേരെ ദിവസവും സന്നിധാനത്ത് എത്തിക്കാനാണ് ശബരിമല കർമ്മ സമിതിയും ആലോചിക്കുന്നത്. യുവതി പ്രവേശനത്തിൽ വിധി എതിരായാൽ കേന്ദ്ര നിയമം എന്ന ആവശ്യവും ഉയർത്തും.

വിധി എതിരായാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വെട്ടിലാകും. മണ്ഡലകാലത്തിന് ദിവസങ്ങളേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ വിധി എതിരായാൽ മനിതി പോലുള്ള സംഘടനകൾ മണ്ഡലകാലത്തിന് തുടക്കത്തിലേ ശബരിമലയിൽ എത്തും. ഇവർക്ക് പൊലീസിന് സംരക്ഷണവും ഒരുക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഈ വിധി പിണറായി സർക്കാരിന് ഏറെ നിർണ്ണായകവുമാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമ നിർമ്മാണമെന്ന ആവശ്യം മുമ്പോട്ട് വരുമ്പോൾ അതിലെ പ്രായോഗികതകൾ കേന്ദ്ര സർക്കാരിനും വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ യുവതി പ്രവേശനത്തിന് എതിരായ വിധി വരുന്നതാകും സർക്കാരുകൾക്ക് ആശ്വാസം.

അയോദ്ധ്യ പോലെ കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയർന്നുവന്ന ശബരിമല പ്രശ്നത്തിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് നാളെ വിധി പറയുമ്പോൾ എന്ത് സംഭവിക്കുമെന്ന ആശങ്ക വിശ്വാസികളിൽ സജീവമാണ്. കേന്ദ്ര നിയമ നിർമ്മാണത്തിലൂടെ ശബരിമലയിൽ യുവതികളെത്തുന്നത് തടയണമെന്ന ആവശ്യം പന്തളം കൊട്ടാരവും എൻ എസ് എസും ഉയർത്തും. ബിജെപിയുടെ പ്രകടന പത്രികയിലും നിയമ പരമായ വഴികളിലൂടെ ശബരിമലയിൽ പരിഹാരമുണ്ടാകുമെന്ന് എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ വിഷയത്തിൽ ഭക്തരുടെ വികാരം മാനിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 56 റിവ്യൂ ഹർജികളാണ് മുന്നിലുള്ളത്. അതേസമയം അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തലം പരിശോധിക്കുമ്പോൾ അടിടെ സുപ്രീംകോടതി നടത്തിയ കണ്ടെത്തലുകൾ ശബരിമലയിലും ബാധകമാകുമെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. അങ്ങിനെ വന്നാൽ വിശ്വാസത്തിന് മുൻതൂക്കം നൽകുമെന്നും വിധി സ്ത്രീകൾക്ക് എതിരായേക്കാമെന്നും ഇവർ പ്രവചിക്കുന്നു. രാമജന്മഭൂമിയിൽ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതായിരുന്നില്ല സുപ്രീംകോടതി പരിഗണിച്ചത്. പകരം അത്തരം ഒരു വിശ്വാസം ഹിന്ദുക്കൾ പിന്തുടർന്നിരുന്നു എന്നതിനായിരുന്നു പ്രധാന്യം നൽകിയത്.

രാമജന്മഭൂമി എന്നതിനല്ല ശ്രീരാമനാണ് നിയമപരിരക്ഷ എന്ന് വിലയിരുത്തിയ കോടതി മുസ്ളീങ്ങൾ പള്ളിക്കകത്ത് പ്രാർത്ഥന നടത്തുമ്പോൾ ഹിന്ദുക്കൾ പുറത്ത് പൂജ നടത്തിയിരുന്നു എന്നും പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമ്പോൾ ശബരിമലയിലും വിശ്വാസത്തിനാകും പ്രാധാന്യം കിട്ടാൻ പോകുക ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകൾ പ്രതീക്ഷിക്കുന്നത്. സ്ത്രീകളുടെ ഭരണഘടനാ അവകാശത്തിനപ്പുറത്ത് ശബരിമലയിലെ പ്രധാന വാദവും വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ളതാകും. ശബരിമലയിൽ സ്ത്രീകളെ കയറ്റാതിരിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. എന്നാൽ ഭക്തർ അങ്ങിനെ വിശ്വസിക്കുകയാണ്. ആർത്തവ കാലത്തെ സ്ത്രീകളുടെ സാന്നിദ്ധ്യം ശബരിമലയുടെ പരിശുദ്ധി നഷ്ടമാക്കുമെന്നും അതുകൊണ്ട് അത്തരം സ്ത്രീകൾ ശബരിമല സന്ദർശിക്കരുത് എന്നും കാലങ്ങളായി നില നിൽക്കുന്ന വിശ്വാസമാണ്. അത് അംഗീകരിക്കുമെന്ന് തന്നെയാണ് പ്രീതക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ശബരിമലയുമായി ബന്ധപ്പെട്ട ആദ്യ വിധി പ്രസ്താവിച്ച ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആർത്തവ കാലയളവിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുമാണ് വിധിച്ചത്. എന്നാൽ ബഞ്ചിലെ ജസ്റ്റീസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ തീരുമാനത്തിന് എതിരായിരുന്നു. വിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നതിന് ഊന്നൽ നൽകിയായിരുന്നു വിധിപ്രസ്താവ്യത്തിൽ തന്റെ വിയോജനകുറിപ്പായി ഇന്ദു മൽഹോത്ര രേഖപ്പെടുത്തിയത്. ഇന്ദു മൽഹോത്രയുടേ അതേ നിലപാടാണ് അയോധ്യയിൽ വിശ്വാസത്തിൽ ഉന്നി നിന്ന് രഞ്ജൻ ഗൊഗോയിയുടെ വിധി പ്രസ്താവം നടത്തിയത്.

സുപ്രീംകോടതിക്ക് മുന്നിൽ എത്തിയിരിക്കുന്ന ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹർജികളിൽ ഭരണഘടന പരമായ വാദങ്ങൾ വിശ്വാസപരമായ കാര്യങ്ങൾക്ക് അപ്പുറത്ത് നിൽക്കുന്നതാണെന്നാണ് വിശ്വാസികളുടെ വാദം. പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കണക്കിലെടുത്താണ് സ്ത്രീകളെ ശ്രീകോവിലിലേക്ക് പ്രവേശിപ്പിക്കാത്തത് എന്നാണ് ഹർജിക്കാർ നൽകിയിരിക്കുന്ന വാദം. 12 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലായിരുന്നു ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. കേരളത്തെ ഇളക്കി മറിച്ച കേസിസാണ് സുപ്രീം കോടതിയിൽ നിന്ന് നാളെ വീണ്ടും തീരുമാനം വരുന്നത്.

പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പിറപ്പെടുവിച്ചത് . ദീപക് മിശ്ര വിരമിച്ചതിടെ ശബരിമല വിധിക്കെതിരെ നൽകിയ പുനഃപരിശോധ ഹർജികളും റിട്ട് ഹർജികളും ചീഫ് ജസ്റ്റിസും വിധി പറഞ്ഞ ബെഞ്ചിലെ ജസ്‌റിസുമാരായ ഡി.വൈ.ചന്ദ്രചൂട്, ആർ.എഫ് നരിമാൻ, എ.എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് പരിഗണിച്ചത്. രണ്ട് സാധ്യതകളാണ് ഉയർന്നു കേൾക്കുന്നത്. പുനഃപരിശോധന ഹർജികൾ തള്ളുകയാണെങ്കിൽ ശബരിമല നിയമപോരാട്ടം ഏതാണ്ട് പൂർണമായും അവസാനിക്കും. തിരുത്തൽ ഹർജിയെന്ന അതി വിദൂര സാധ്യത മാത്രമാകും പിന്നീട്. കേസ് വിശാല ബെഞ്ചിന് വിടുകയെന്നതാണ് രണ്ടാമത്തെ സാധ്യത. പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി താൽക്കാലികമായി മരവിപ്പിക്കപ്പെടും. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ച് കേസിൽ വീണ്ടും വാദം കേൾക്കും. കക്ഷികൾക്ക് ആദ്യം മുതൽ വാദം വീണ്ടും അവതരിപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP