Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല യുവതീപ്രവേശന കേസിൽ ഇന്ന് വിധിയില്ല; വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു; അവസരം കിട്ടാത്ത അഭിഭാഷകർക്ക് വാദങ്ങൾ എഴുതി നൽകാൻ ഏഴു ദിവസത്തെ സമയം; പുനപരിശോധനാ ഹർജിയിൽ നിർണായകമായത് ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ; യുവതീ പ്രവേശനത്തെ പൂർണമായും അനുകൂലിച്ച് സുപ്രീംകോടതിയിൽ വാദം; തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും ബോർഡ് അഭിഭാഷകൻ; കുംഭമാസ പൂജയ്ക്ക് മുമ്പ് വിധി വരില്ലെന്ന് ഉറപ്പായതോടെ വീണ്ടും എല്ലാ കണ്ണുകളും ശബരിമലയിലേക്ക്

ശബരിമല യുവതീപ്രവേശന കേസിൽ ഇന്ന് വിധിയില്ല; വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു; അവസരം കിട്ടാത്ത അഭിഭാഷകർക്ക് വാദങ്ങൾ എഴുതി നൽകാൻ ഏഴു ദിവസത്തെ സമയം; പുനപരിശോധനാ ഹർജിയിൽ നിർണായകമായത് ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ; യുവതീ പ്രവേശനത്തെ പൂർണമായും അനുകൂലിച്ച് സുപ്രീംകോടതിയിൽ വാദം; തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും ബോർഡ് അഭിഭാഷകൻ; കുംഭമാസ പൂജയ്ക്ക് മുമ്പ് വിധി വരില്ലെന്ന് ഉറപ്പായതോടെ വീണ്ടും എല്ലാ കണ്ണുകളും ശബരിമലയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ ഇന്ന് വിധിയില്ല. വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇന്ന് കോടതിയിൽ വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകർക്ക് വാദം എഴുതി നൽകാൻ ഏഴു ദിവസത്തെ സാവകാശവും കോടതി നൽകി. ഇതോടെ പുനപരിശോധനയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറാകുമോ എന്നറിയാൻ ഒരാഴ്‌ച്ച കാത്തിരിക്കണം. ഇന്നത്തെ കോടതി തീരുമാനത്തോടെ കുംഭമാസ പൂജക്കായി നട തുറക്കുമ്പോഴും ശബരിമല യുവതീ പ്രവേശനത്തിലെ അന്തിമവിധി വരില്ലെന്ന് ഉറപ്പായി. ഇതോടെ എല്ലാ കണ്ണുകളും വീണ്ടും ശബരിമലയിലേക്കാകും. അഞ്ച് ദിവസം നട തുറക്കുമ്പോൾ യുവതികൾ എത്തുമോ എന്ന കാര്യത്തിൽ അടക്കം ആശങ്ക നിലനിൽക്കുന്ന അവസ്ഥയാണ്.

ഇന്ന് രാവിലെ പത്തരയോടെയാണ് വാദം ആരംഭിച്ചത്. മൂന്നുമണിയോടെ വാദം പൂർത്തിയായി. അറുപത്തഞ്ചു ഹർജികളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി മുമ്പാകെ എത്തിയത്. ഇവയിൽ പ്രധാനപ്പെട്ടവയിൽ ബുധനാഴ്ച കോടതി വാദം കേട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ഇന്നത്തെ കോടതി നടപടികളിൽ ഏറ്റവും നിർണായകമായത് ഈ വിഷയത്തിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിലായിരുന്നു. ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിനെ അനുകൂലിച്ചുകൊണ്ടാണ് ബോർഡ് ഇന്ന് കോടതിയിൽ നിലപാട് സ്വീകരിച്ചത്. യുവതി പ്രവേശനത്തെ അനുകൂലിച്ചാണ് ദേവസ്വം ബോർഡിന്റെവാദങ്ങൾ. യുവതീപ്രവേശന വിധിയിൽ പുനഃപരിശോധന വേണ്ടെന്ന് ദേവസ്വം ബോർഡ് നിലപാട് അറിയിച്ചു.

സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റി നിർത്താൻ കഴിയില്ല. തുല്യത ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ബോർഡ് അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി. ആരെയും മാറ്റി നിർത്തേണ്ട സമയം അല്ല ഇത്. ആൾക്കാരെ ഉൾക്കൊള്ളിക്കേണ്ട സമയമാണ്. സമൂഹം മുന്നോട്ടാണ് പോകുന്നത്. എൻ എസ് എസിന്റെ വാദത്തെയും ബോർഡ് തള്ളിപ്പറഞ്ഞു. ഭരണഘടനാ ധാർമികതയ്ക്കു എതിരായ പരാശരന്റെ വാദങ്ങൾ ശരിയല്ല. ധാർമികത പ്രീ ആമ്പിളിൽ ഉണ്ട്, അയ്യപ്പഭക്തർ പ്രത്യേക വിഭാഗം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവർക്കും തുല്യാവകാശം എന്നത് സുപ്രധാനം. തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആർത്തവം ഇല്ലാത്ത മനുഷ്യകുലം തന്നെ ഇല്ലെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം നേരത്തെയുള്ള നിലപാട് ഇതല്ലല്ലോ എന്ന് ചോദിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയോട് വിഷയത്തിൽ അപ്പോഴുള്ള നിലപാടാണ് അന്ന് കോടതിയിൽ വ്യക്തമാക്കിയതെന്നും സുപ്രീംകോടതി വിധിക്ക് ശേഷമാണ് നിലപാട് മാറ്റിയതെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ഇക്കാര്യത്തിൽ വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതീ പ്രവേശന നിയന്ത്രണം അനിവാര്യമായ മതാചാരം ആണെന്നതിന് തെളിവില്ലെന്നും ബോർഡ് കോടതിയിൽ പറഞ്ഞു.അയ്യപ്പ വിശ്വാസികൾ പ്രത്യേക വിഭാഗമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ ദേവസ്വം ബോർഡ് അഭിഭാഷകൻ ഭരണഘടനയുടെ ധാർമികത സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്നും അറിയിച്ചു. എല്ലാ ആചാരങ്ങളും ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. കാലം മാറുന്നതിന് അനുസരിച്ച് എല്ലാ മേഖലകളിലും പരിഷ്‌കരണം ആവശ്യമാണ്. വനിതകൾക്ക് എല്ലാ മേഖലകളിലും അവസരം ഉണ്ടാകണം. ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും സ്ത്രീകളെ നയിക്കുന്ന തരത്തിൽ നമ്മൾ മാറണമെന്നും അവരുടെ ജൈവികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ഒരിടത്ത് നിന്നും പുറന്തള്ളപ്പെടരുതെന്നും ബോർഡ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പുനപരിശോധനാ ഹർജികളും റിട്ട് ഹർജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

നേരത്തെ തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും ജയ്ദീപ് ഗുപ്ത അറിയിച്ചിരുന്നു. ബിന്ദുവിനും കനകദുർഗയ്ക്കും വേണ്ടി ഇന്ദിരാ ജയ്സിങ്ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും ഇതിന്റെ പേരിൽ വധഭീഷണി ലഭിച്ചുവെന്ന് ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ്സിങ് കോടതിയെ അറിയിച്ചു. ഇരുവരെയും സമൂഹത്തിൽ നിന്ന് ബഹിഷ്‌ക്കരിക്കുകയാണ്. ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മ നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. യുവതീ പ്രവേശനം തടയുന്നതും തൊട്ടുകൂടായ്മയുടെ ഉദാഹരണമാണ്.

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങിയപ്പോൾ എന്താണു വിധിയിലെ പിഴവെന്നു വിശദീകരിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആവശ്യപ്പെട്ടു. എൻഎസ്എസിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ. പരാശരനാണ് വാദം ആരംഭിച്ചത്. ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം വിലയിരുത്തിയതിൽ കോടതിക്കു പിഴച്ചുവെന്ന് എൻഎസ്എസിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ. പരാശരൻ അറിയിച്ചു.

എൻ എസ് എസിനു വേണ്ടി ഹാജരായ പരാശരനാണ് വാദം ആരംഭിച്ചത്. തുടർന്ന് ശബരിമല തന്ത്രിക്കു വേണ്ടി വി ഗിരി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്വി, ബ്രാഹ്മണ സഭയ്ക്കു വേണ്ടി ശേഖർ നാഫ്ടെ തുടങ്ങിയവരും വാദിച്ചു. ഇടയ്ക്ക് വാദവുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായപ്പോൾ കേസ് ഫയൽ എടുത്ത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മേശയിലടിച്ചതും ശ്രദ്ധേയമായി. അഭിഭാഷകരെ ശാന്തരാക്കാനുള്ള ശ്രമമായിരുന്നു ചീഫ് ജസ്റ്റിസിൽ നിന്നും ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP