Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടുംക്രൂരതയ്ക്ക് അർഹിക്കുന്ന ശിക്ഷ; പതിമൂന്നുകാരിയായ വീട്ടുവേലക്കാരിയെ മൂന്നായി വെട്ടിനുറുക്കി കുഴിച്ചു മൂടിയ ഹംസയ്ക്ക് കൊലക്കയർ; ഭാര്യയ്ക്ക് ആറ് വർഷം തടവ്; സഹായിക്ക് നാല് വർഷവും; സഫിയാ വധക്കേസ് അപൂർവങ്ങളിൽ അപൂർവം തന്നെ

കൊടുംക്രൂരതയ്ക്ക് അർഹിക്കുന്ന ശിക്ഷ; പതിമൂന്നുകാരിയായ വീട്ടുവേലക്കാരിയെ മൂന്നായി വെട്ടിനുറുക്കി കുഴിച്ചു മൂടിയ ഹംസയ്ക്ക് കൊലക്കയർ; ഭാര്യയ്ക്ക് ആറ് വർഷം തടവ്; സഹായിക്ക് നാല് വർഷവും; സഫിയാ വധക്കേസ് അപൂർവങ്ങളിൽ അപൂർവം തന്നെ

കാസർഗോഡ്: സഫിയ വധക്കേസിൽ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കാസർഗോഡ് ജില്ലാകോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കെസി ഹംസ, ഭാര്യ മൈമുന, സഹായി എം അബ്ദുല്ല എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ക്രൂരമായ കൊലപാതകമെന്ന വാദം അംഗീകിച്ചു. അതുകൊണ്ടാണ് പരമാവധി ശിക്ഷ കോടതി നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. കരാറുകാരനായ ഹംസയുടെ വീട്ടിൽ ജോലിക്ക് നിന്ന പതിമൂന്നുകാരിയെ തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് കഷ്ണങ്ങളായി വെട്ടി നുറുക്കി ഡാമിൽ കുഴിച്ചിട്ടു എന്നതാണ് കേസ്. ഹംസയ്ക്ക് പത്ത് ലക്ഷം രൂപ പിഴയും നൽകണം. ഇതിൽ എട്ട് ലക്ഷം രൂപ സഫിയയുടെ കുടുംബത്തിന് നൽകി. ഹംസ്യുടെ ഭാര്യയ്ക്ക് ആറുവർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മൃതദേഹം ഡാം സൈറ്റിൽ കുഴിച്ചിടാൻ സഹായിച്ച അബ്ദുല്ലയ്ക്ക് മൂന്ന് വർഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ''എനിക്ക് 18 വയസ്സുള്ള മകളും 12 വയസ്സുള്ള മകനുമുണ്ട്. ശിക്ഷയിൽ ഇളവ് വേണമെന്നുമുള്ള ഹംസയുടെ ആവശ്യം കോടതി പരിഗണിക്കാതെയാണ് വധ ശിക്ഷ നൽകുന്നത്.

ഹംസയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. 2014 ഒക്ടോബർ ഒമ്പതിന് എച്ച്.എൽ.ദത്തു, ആർ.കെ.അഗർവാൾ, അരുൺ മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നിരായുധയും നിരാലംബയുമായ പതിമ്മൂന്നുകാരിയെ മൃഗീയമായാണ് കൊലപ്പെടുത്തിയതെന്ന് സഫിയക്കേസിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 1990ൽ സുപ്രീംകോടിതി ഫുൾബെഞ്ച് വിധിപറഞ്ഞ ബച്ചൻ സിങ്പഞ്ചാബ് കേസ്, മച്ചിസിങ്പഞ്ചാബ് കേസുകൾ എന്നിവ പ്രോസിക്യൂഷൻ വധശിക്ഷ വിധിക്കുന്നതിനനുകൂലമായി കോടതിയിൽ വാദമുഖങ്ങളായി നിരത്തി. അപൂർവങ്ങളിൽ അപൂർവമാണോ കേസ് എന്ന് കോടതി വിലയിരുത്തണമെന്നും ശിക്ഷയിൽ പരമാവധി ഇളവ് കൊടുക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്.കേസിലെ രണ്ടും അഞ്ചു പ്രതികളായിരുന്ന മൊയ്തു ഹാജി, ആദൂർ മുൻ എ എസ് ഐ ഗോപാലകൃഷ്ണൻ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ജില്ലാ ജഡ്ജി എം.ജെ ശക്തിധരനാണ് കേസിൽ വിധി പറഞ്ഞത്.

ഗോവയിലെ പ്രമുഖ കരാറുകാരൻ കാസർകോട് ബോവിക്കാനം മസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടിൽ വേലക്ക് നിന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയയെന്ന പതിനാലുകാരി കൊല്ലപ്പെട്ട കേസിലാണ് ഏഴ് വർഷത്തിന് ശേഷം കോടതി വിധി പ്രസ്താവം നടത്തിയത്. കരാറുകാരൻ കെ. സി ഹംസ, ഇയാളുടെ ഭാര്യ മൈമൂന, കുട്ടിയെ വേലക്ക് എത്തിച്ച് കൊടുത്ത ഏജന്റ് കുടക് അയ്യങ്കേരി സ്വദേശി മൊയ്തു ഹാജി, മൃതദേഹം കുഴിച്ചിടാൻ സഹായിച്ച അരിക്കാടി സ്വദേശി എം അബ്ദുള്ള, കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന ആദൂർ സ്റ്റേഷനിലെ മുൻ എ എസ് ഐ, പി.എൻ. ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു പ്രതികൾ. ഇതിൽ രണ്ടും അഞ്ചും പ്രതികളായ മൊയ്തു ഹാജിയേയും ഗോപാലകൃഷ്ണനേയും വെറുതെ വിട്ടു.

പ്രതിഭാഗത്തുനിന്ന് അഞ്ച് സാക്ഷികളെയും 13 രേഖകളും ഹാജരാക്കി. വാദിഭാഗത്തുനിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. 64 രേഖകളും 12 മുതലുകളും ഹാജരാക്കി. മരിച്ചയാളുടെ തലയോട്ടിയും താടിയും കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കിയുള്ള കേരളത്തിലെ അത്യപൂർവം കേസുകളിലൊന്നാണിത്. ഗോവയിലെ കരാറുകാരനായ മുളിയാർ മാസ്തികുണ്ടിലെ ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെയാണ് കേസിന്റെ തുടക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം സഫിയയുടെതാണെന്ന് തെളിയിക്കപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിൽ മരണത്തിനുമുമ്പ് സഫിയക്ക് മാരകമായ മൂന്ന് മുറിവുകൾ ഏറ്റിരുന്നതായി തെളിഞ്ഞു.

ലോക്കൽ പൊലീസ് ബോധപൂർവം അവഗണിച്ച കേസാണ് ക്രൈംബ്രാഞ്ച് തെളിയിച്ചത്. കാണാതായി എന്നതിൽ ഉറച്ച് നിൽക്കാനാണ് അന്ന് ജില്ലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ ശ്രമിച്ചത്. എന്നാൽ ഒരു നാട് മുഴുവൻ, മകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിരക്ഷരരായ മാതാപിതാക്കൾക്ക് പിന്നിൽ അടിയുറച്ച് നിന്നപ്പോൾ അടിത്തറയിളകിയത് ലോക്കൽ പൊലീസിനായിരുന്നു. സമരക്കാരുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരവകുപ്പ് 2008 മെയ് 20ന് കേസ് കണ്ണൂർ സി.ബി.സിഐഡിക്ക് കൈമാറി. ഡിവൈ.എസ്‌പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സിഐഡി. ടീമാണ് സഫിയ കേസ് തെളിയിച്ചത്. കേസ് ഏറ്റെടുക്കുമ്പോൾ അദ്ദേഹം സിഐ ആയിരുന്നു. അന്ന് ഹംസ നല്കിയ മൊഴിയിലെ പിശകുകൾ കണ്ടെത്തുകയും ഇതെല്ലാം ചൂണ്ടിക്കാട്ടി ഹംസയെക്കൊണ്ട് സത്യം പറയിപ്പിച്ചതും എസ്.ഐ. ആയ വി എം.ധൻരാജ് ആണ്. അന്ന് ഹെഡ്‌കോൺസ്റ്റബിളായിരുന്നു അദ്ദേഹം.

ഹംസയും ഭാര്യ മൈമുനയും പലതവണ ആവർത്തിച്ച മൊഴിയിലെ നുണ കണ്ടെത്തിയത് ധൻരാജ് ആയിരുന്നു. ഗോവയിൽ നിന്ന് കാസർകോട്ടേക്ക് വരുന്ന വഴി സഫിയയുമൊത്ത് ഉപ്പളയിലെ ഒരു കടയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും എന്തൊക്കെയാണ് കഴിച്ചതെന്നും ഹംസയും മൈമുനയും കൃത്യമായി പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ ഇരുവരെയും രണ്ട് മുറിയിൽ ഇരുത്തി സഫിയ ഇരുന്നത് എവിടെയാണെന്ന ചോദ്യത്തിന് മുന്നിലാണ് പതറിപ്പോയത്. അവിടെ നിന്നാണ് സഫിയ കാസർകോട് എത്തിയില്ലെന്നത് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. ഇതിന് പുറമെ ഹംസയും കൂട്ടാളികളും സഫിയ കൊല്ലപ്പെട്ട ശേഷം പൊലീസിനോട് എന്തൊക്കെ പറയണം എന്ന് ചർച്ച ചെയ്തതിന്റെ ഓഡിയോ ധൻരാജിന് ഒരു സുഹൃത്ത് വഴി ലഭിച്ചു. ഹംസയ്‌ക്കൊപ്പം അന്നുണ്ടായിരുന്ന ഒരാൾ കൗതുകത്തിനായി മൊബൈലിൽ റെക്കോഡ് ചെയ്തതായിരുന്നു അത്. പിന്നീട് ഹംസയുടെ അളിയനെക്കൊണ്ടും മൈമുനയുടെ ഉമ്മയെക്കൊണ്ടും സഫിയ കാസർകോട്ടെ വീട്ടിൽ എത്തിയിരുന്നില്ലെന്ന സത്യം പറയിപ്പിച്ചതും ധൻരാജ് ആയിരുന്നു.

രണ്ട് സംസ്ഥാനങ്ങൾ, കൊലപാതകത്തിന്റെ പഴക്കം, രാഷ്ട്രീയ സമ്മർദങ്ങൾ, ലോക്കൽ പൊലീസിന്റെ 'അടവുകൾ' എന്നിവയെല്ലാം അന്വേഷണ സംഘത്തെ വലച്ച കാര്യങ്ങളാണ്. ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയതും അവരുടെ സഹകരണവും അന്വേഷണത്തിൽ ഉപയോഗിച്ച തന്ത്രജ്ഞതയും ഈ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നാഷണൽ പൊലീസ് അക്കാദമിയിൽവരെ ചർച്ചയാകാൻ ഇടയായി. മുളിയാറിലെ വീട്ടിൽനിന്ന് സഫിയയെ ഗോവയിലുള്ള തന്റെ ഫ്‌ലറ്റിലേക്ക് ഹംസ കൊണ്ടുപോവുകയും ചില പ്രശ്‌നങ്ങളുടെ പേരിൽ പെൺകുട്ടിയെ ഹംസയും ഭാര്യയും ചേർന്ന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അടുത്തുള്ള ഡാമിൽ താഴ്‌ത്തുകയും ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. 2006 ഡിസംബർ 21 ന് സഫിയയെ കാണിനില്ലെന്ന് ആദൂർ സ്റ്റേഷനിൽ ഹംസ പരാതി നൽകുന്നതോടെയാണ് കേസ് തുടങ്ങുന്നത്.

കേസിൽ കാര്യമായ പുരോഗതി ഉണ്ടാവാത്തിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. ഇതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2008 ജൂലൈ ഒന്നിന് ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയായ ഹംസയെ അറസ്റ്റ് ചെയ്തു. മുറിക്കുന്ന സമയത്തും സഫിയക്് ജീവനുണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഹംസയുടെ മൊഴി പ്രകാരം ഗോവയിലെ മല്ലോര അണക്ക് നിർമ്മാണ പ്രദേശത്ത് നിന്ന് സഫിയയുടെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത് കേസിൽ നിർണായകമായി. തുടർന്ന് കൂട്ടുപ്രതികളുംപിടിയിലായി. അബദ്ധത്തിൽ പൊള്ളലേറ്റന്നതും ശരിയല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിചാരണ സമയത്ത് സഫിയയയുടെ മാതാപിതാക്കൾ മൃതദേഹത്തോടപ്പം ലഭിച്ച വസ്ത്രങ്ങളും പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. ദൃസാക്ഷികളില്ലാത്ത കേസിൽ നുണപരിശോധനയും സൂപ്പർ ഇംപോസിഷനും അടക്കമുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനായി അവംലബിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP