Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാലറി കട്ടിൽ സംസ്ഥാന സർക്കാറിന് കനത്ത പ്രഹരം; സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; ശമ്പളം ജീവനക്കാരുടെ അവകാശമാണ്; കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു; അതിന്റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാറിന് തിരിച്ചടിയായ സുപ്രധാന വിധി ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിൽ

സാലറി കട്ടിൽ സംസ്ഥാന സർക്കാറിന് കനത്ത പ്രഹരം; സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; ശമ്പളം ജീവനക്കാരുടെ അവകാശമാണ്; കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു; അതിന്റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാറിന് തിരിച്ചടിയായ സുപ്രധാന വിധി ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ടുചെയ്യാനിറങ്ങിയ സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടി. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. മെയ്‌ 20ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ ഇടക്കാല ഉത്തരവ് എന്ന വിധത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ ഈ സർക്കാർ തീരുമാനം തെറ്റാണെന്ന് കോടതി വ്യക്തമാക്കി. ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്നും സിംഗിൾ ബെഞ്ച് വിധിയിൽ പറയുന്നു. കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു. എന്നാൽ അതിന്റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.

ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ഹൈക്കോടതിയിൽ എത്തിയത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാർക്ക് ലഭിച്ച പോലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമില്ല. അതിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.

അതേസമയം, സാലറി കട്ടല്ല താൽക്കാലികമായ മാറ്റിവെക്കലാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് കോടതിയിൽ വാദിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അടുക്കളയും ?ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞിരുന്നു.

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കില്ലെന്നും അതു തിരികെ നൽകുന്ന കാര്യം 6 മാസം കഴിഞ്ഞു ചിന്തിച്ചാൽ മതിയാകുമെന്നും ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. പിഎഫിൽ ലയിപ്പിക്കണോ പണമായി നൽകണോ എന്നൊക്കെ അന്നത്തെ സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ചാവും തീരുമാനിക്കുക. ഈ മാസം സർക്കാരിന്റെ ആകെ വരുമാനം 250 കോടി രൂപ മാത്രമാണ്. കേന്ദ്രം തന്നതു കൂടി ചേർക്കുമ്പോൾ 2000 കോടിയാകും. 2500 കോടി വേണം ശമ്പളത്തിനു മാത്രം. പെൻഷനു പണം വേറെ വേണം. വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസും ഓവർഡ്രാഫ്റ്റും ചേർത്ത് ആകെ 2500 കോടിയോളം റിസർവ് ബാങ്കിൽനിന്നു വായ്പയെടുക്കാം. വരുന്ന ശമ്പള ദിവസം ഓവർ ഡ്രാഫ്റ്റിന്റെ അങ്ങേയറ്റത്തെത്തും. അതു കഴിഞ്ഞാൽ ട്രഷറി പൂട്ടേണ്ടി വരും. അങ്ങനെയാണ് ശമ്പളം കൊടുക്കുന്നതെന്ന് എല്ലാവരും അറിയണമെന്നും മന്ത്രിപറഞ്ഞിരുന്നു.

നേരത്തെ സാലറികട്ട് ഉത്തരവിന് എതിരായ വിധി സാലറി കട്ട് ഉത്തരവ് അദ്ധ്യാപകർ കത്തിച്ചത് വിവാദമായിരുന്നു. ഇത് പാടില്ലായിരുന്നു എന്നു നാട് എത്ര പരിഹാസ്യമായിട്ടാണ് അവരെ കാണുകയെന്ന് അവർ തന്നെ ചിന്തിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനുംം പ്രതികരിച്ചിരുന്നു. പ്രതിഷേധം കൊണ്ട് സർക്കാരിന്റെ തീരുമാനം ഇല്ലാതാകില്ല. 6 ദിവസത്തെ ശമ്പളം വീതമാണ് 5 മാസത്തേക്ക് മാറ്റിവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.

സാലറി ചലഞ്ചിലൂടെ കേന്ദ്രസർക്കാർ ക്ഷാമബത്ത മരവിപ്പിക്കുകയും സംസ്ഥാന സർക്കാർ പ്രതിമാസം 6 ദിവസത്തെ ശമ്പളം പിടിക്കുകയും ചെയ്യുന്നതോടെ ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധത്തിനായി നൽകേണ്ടിവരിക ശരാശരി 5 ലക്ഷം രൂപയാണ്. കേരളത്തിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്ഒഎസ് തസ്തികകളിലുള്ള ഏകദേശം 300 ഉദ്യോഗസ്ഥർക്കാണ് ഈ ഇരട്ട സാലറി ചാലഞ്ച്. ഈ വർഷം ജനുവരി മുതൽ അടുത്ത വർഷം ജൂൺ വരെയുള്ള ക്ഷാമബത്തയാണ് കേന്ദ്രസർക്കാർ മരവിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP